തിരുവനന്തപുരം: മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയെന്ന ഗ്രാമത്തിലെ സാധാരണ കർഷകകുടുംബത്തിലെ കരിങ്ങോഴയ്ക്കൽ തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ച മാണിയുടെ മനസിൽ യു.പി. സ്‌കൂൾ കാലഘട്ടം വരെ പുരോഹിതനാകണമെന്നതായിരുന്നു ആഗ്രഹം. മാണിയുടെ കുട്ടിക്കാലത്ത്, പുരോഹിതരാകാൻ താൽപര്യമുള്ള കുട്ടികളെ കണ്ടെത്താൻ കൂനൂരിൽ നിന്നു പുരോഹിതർ വരുമായിരുന്നു. മാണിക്ക് കൂനൂരു പോകണമെന്നുണ്ടായിരുന്നു. പക്ഷേ പോയില്ല. വീട്ടുകാരെ പിരിയാൻ വയ്യെന്നത് തന്നെ കാര്യം. പോയിരുന്നെങ്കിൽ പുരോഹിതനാകുമായിരുന്നു.മരങ്ങാട്ടുപള്ളി സെന്റ് തോമസിലും കടപ്ലാമറ്റം സെന്റ് ആന്റണീസിലും കുറവിലങ്ങാട് സെന്റ് മേരീസിലും പാലാ സെന്റ് തോമസിലുമൊക്കെയായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സിലും തേവര സേക്രഡ് ഹാർട്സിലുമായിരുന്നു കോളജ് വിദ്യാഭ്യാസം. മദ്രാസ് ലോ കോളജിൽനിന്ന് 1955ൽ നിയമബിരുദം നേടി. ഹൈക്കോടതി ജഡ്ജിയായിരുന്ന പി. ഗോവിന്ദമേനോൻ അഭിഭാഷകനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കീഴിലാണ് പ്രാക്ടീസ് തുടങ്ങിയത്. ഒരുവർഷത്തെ പ്രാക്ടീസിനുശേഷം കോഴിക്കോടുനിന്ന് പാലായിൽ മടങ്ങിയെത്തിയ മാണിയെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയാണ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത്.
നന്മനിറഞ്ഞ കുട്ടിക്കാലം
മാണിയുടെ അപ്പച്ചന് കുണുക്കുംപാറയിൽ കൃഷിയുണ്ടായിരുന്നു. ഇഞ്ചിക്കൃഷി . ഇഞ്ചി മാന്തി വിളവെടുക്കാൻ പണിക്കാർക്കൊപ്പം മാണിയും കൂടും. ഇഞ്ചി പറിച്ചെടുത്ത ശേഷം തൊട്ടപ്പുറത്തു കുഴി മാന്തി അതിനുള്ളിൽ ഒളിപ്പിക്കും. പണിക്കാരെല്ലാം പോയിക്കഴിയുമ്പോൾ മാണി പയ്യെ പറമ്പിലിറങ്ങും. ഒളിപ്പിച്ച ഇഞ്ചിയെല്ലാം കുഴി മാന്തി പുറത്തെടുത്ത് വീട്ടിലേക്കോടും. ഇതെവിടുന്നാടാ എന്ന് അപ്പച്ചൻ ചോദിക്കുമ്പോൾ ഗമയോടെ പറയും– 'കാലാ' പെറുക്കിയതാ! എന്നാപ്പിന്നെ തന്നെ എടുത്തോ എന്നു പറഞ്ഞ് അപ്പൻ അത് മാണിക്ക് നൽകും. അതു കഴുകി ഉണക്കി വിൽക്കുന്ന പൈസയെല്ലാം മാണിക്കെടുക്കാം. തമാശകൾ നിറഞ്ഞ കുട്ടിക്കാലമായിരുന്നു അതെന്ന് മാണി പറയാറുണ്ടായിരുന്നു. 'തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനുള്ള പ്രക്ഷോഭം നടക്കുമ്പോൾ ഞാൻ ഹൈസ്‌കൂളിലാണ്. പഠിപ്പുമുടക്കിന് ആഹ്വാനവുമായി ഞങ്ങൾ വിദ്യാർഥികൾ പാലാ സെന്റ് തോമസ് സ്‌കൂളിൽനിന്നു പ്രകടനമായി പോയി. വഴിയിൽവച്ചാണ്, തിരുവിതാംകൂറിന് ഉത്തരവാദഭരണം അനുവദിച്ച് ഉത്തരവിട്ട വിവരം അറിയുന്നത്. ഞങ്ങൾ ആർത്തുവിളിച്ചതൊക്കെ ഇപ്പോഴും ഓർക്കുന്നു' മാണി അഭിമുഖങ്ങളിൽ ഓർത്തെടുക്കാറുണ്ടായിരന്നു.