km-mani-

തിരുവനന്തപുരം: 'വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടി' - നിരന്തരമുള്ള പിളർപ്പുകളെ കുറിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മാണി തന്റെ നൽകിയിരുന്ന മറുപടിയാണിത്. പിന്നീടത് കേരളാ കോൺഗ്രസിനെ കുറിച്ചുള്ള നാട്ടുചൊല്ലായി മാറിയത് ചരിത്രം. പി ടി ചാക്കോയുടെ മരണത്തെ തുടർന്ന് 1964ൽ തിരുനക്കര മൈതാനത്താണ് കേരള കോൺഗ്രസ് പിറവിയെടുത്തത്. കെ.എം.ജോർജ്ജും ആർ.ബാലകൃഷ്ണപിള്ളയും അടക്കമുള്ളവർ ചേർന്ന് രൂപം കൊടുത്ത പാർട്ടിയിൽ കഴിഞ്ഞ 55 വർഷത്തിനിടയിൽ നിരവധി പിളർപ്പുകൾക്ക് സാക്ഷ്യം വഹിച്ചു. ഇരുപതോളം പിളർപ്പുകൾ കണ്ട കേരളകോൺഗ്രസിന്റെ ബഹുഭൂരിപക്ഷം തർക്കങ്ങളും രൂപപ്പെട്ടത് അധികാരത്തിന്റെ പേരിലായിരുന്നുവെന്നത് മറ്റൊരു ചരിത്രം.


1972ൽ പാർട്ടിയുടെ സ്ഥാപക നേതാക്കളായ മാത്തച്ചൻ കുരുവിനാൽക്കുന്നേൽ, ആർ.ബാലകൃഷ്ണപിള്ള എന്നിവരെ പുറത്താക്കി മാണി തന്നെയാണ് പിളർപ്പിന് പച്ചക്കൊടി വീശിയത്. പിന്നീടങ്ങോട്ട് വഴിപിരിയലുകളുടെ എല്ലാം ഒരു തലയ്ക്കൽ മാണിയുണ്ടായിരുന്നു. 2003ൽ പി.സി. തോമസും പിന്നീട് പി.സി.ജോർജ്ജും കേരളകോൺഗ്രസ് വിട്ടു. 2010 ൽ പി.ജെ.ജോസഫ് അനുയായികളുമായി മാണിക്ക് കരുത്തായെത്തി. ജോസഫിനെ മുൻനിർത്തി അധികാരത്തിനായുള്ള വിലപേശലുകളായിരുന്നു മാണിയുടെ തന്ത്രം. ഇതിനിടയിൽ പാർട്ടിയിൽ മകന് ആധിപത്യമുണ്ടാക്കാനുള്ള മാണിയുടെ നീക്കങ്ങളിൽ മനം മടുത്ത് ഫ്രാൻസിസ് ജോർജ്ജിന്റെ നേതൃത്വത്തിൽ ഒരു സംഘം കേരളകോൺഗ്രസ് വിട്ടു. ഇപ്പോൾ കലാപക്കൊടി ഉയർത്തിയിരിക്കുന്ന പി.ജെ.ജോസഫും മോൻസ് ജോസഫും അടക്കമുള്ളവർ ഏതു നിമിഷവും പാർട്ടി വിടാമെന്ന സ്ഥിതിയാണ് സാഹചര്യത്തിലാണ് മാണിയുടെ വിടവാങ്ങൽ.