തിരുവനന്തപുരം: ധനമന്ത്രി എന്ന നിലയിൽ കെ.എം.മാണിയെ ചരിത്രം ഒാർക്കുക കാരുണ്യ പദ്ധതിയിലൂടെയായിരിക്കും. 'ജീവിതത്തിന്റെ വാതിലുകൾ മരണത്തിലേക്ക് തുറക്കുമ്പോൾ മരണമല്ല ജീവിതം തന്നെയാണ് മുന്നിലുള്ളതെന്ന് തെളിയിച്ച പദ്ധതിയാണിത്' എന്നാണ് മാണി തന്നെ ഇതിനെ വിശേഷിപ്പിച്ചത്. രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയിൽ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയിൽ പകുതിയോളം പേർക്കും പ്രയോജനം ലഭിച്ചിരുന്നു.

2011-12ലെ ബഡ്ജറ്റിലാണ് കെ.എം.മാണി ഇൗ പദ്ധതി പ്രഖ്യാപിച്ചത്. കാരുണ്യ എന്ന് പേരുള്ള ഭാഗ്യക്കുറി വില്പനയിലൂടെ ലഭിക്കുന്ന ലാഭം പാവപ്പെട്ടവർക്കുള്ള ചികിത്സാ സഹായ പദ്ധതിയിലേക്ക് മാറ്റുന്നതായിരുന്നു

പദ്ധതി. കാരുണ്യബനവലന്റ് ഫണ്ട് വന്നതോടെ ഭാഗ്യക്കുറിയുടെ മുഖച്ഛായ മാറി. ഇതോടെ ഭാഗ്യക്കുറി വെറും ഭാഗ്യപരീക്ഷണമല്ലാതായി. അതിന് ഒരു ജീവകാരുണ്യ സ്വഭാവം വന്നു. പിന്നീട് കേരളത്തിലെ ഭാഗ്യക്കുറിയെ വിഴുങ്ങാൻ സാന്റിയാഗോ മാർട്ടിനെ പോലുള്ളവർ രംഗത്തെത്തിയപ്പോഴും സർക്കാരിനൊപ്പം ജനങ്ങളും കേന്ദ്രവും നിന്നതും കാരുണ്യയെ മനസിൽ കണ്ടായിരുന്നു. അത് കെ.എം. മാണിയെന്ന ക്രാന്തദർശിയായ ജനനായകന്റെ മിടുക്കായിരുന്നു. ഒടുവിൽ മരണശയ്യയിൽ കിടക്കുമ്പോൾ പുറത്തിറക്കിയ വാർത്താകുറിപ്പിലും കാരുണ്യപദ്ധതിയെ നശിപ്പിക്കരുതെന്ന അഭ്യർത്ഥനയായിരുന്നു.

മാർച്ച് 28നാണ് കാരുണ്യയ്ക്കെതിരായ നീക്കം ഉപേക്ഷിക്കണമെന്ന് സംസ്ഥാനസർക്കാരിനോട് അഭ്യർത്ഥിച്ച് വാർത്താകുറിപ്പിറക്കിയത്. കഴിഞ്ഞ ബഡ്‌ജറ്റിനെതിരെ കെ.എം.മാണി നിയമസഭയിലും പുറത്തും ഏറ്റവും കൂടുതൽ വിമർശനം ഉന്നയിച്ചതും കാരുണ്യയെ നശിപ്പിക്കുന്നുവെന്ന ദുഃഖം പ്രകടിപ്പിച്ചായിരുന്നു. അനാരോഗ്യം കീഴ്പ്പെടുത്തിയപ്പോഴും കാരുണ്യ പദ്ധതി നിലനിറുത്തണം എന്നാവശ്യപ്പെട്ട് ധർണ നടത്താൻ അദ്ദേഹം സെക്രട്ടേറിയറ്റിന് മുന്നിലെത്തി.

കാൻസർ, ഹൃദ്രോഗം, വൃക്കരോഗം, തലച്ചോർ രോഗം, കരൾരോഗങ്ങൾ, ഹിമോഫീലിയ, പാലിയേറ്റീവ് കെയർ എന്നിവയ്ക്ക് പരമാവധി രണ്ടുലക്ഷം രൂപവരെ സഹായം നൽകുന്നതാണിത്. മാരകമല്ലാത്ത രോഗങ്ങൾക്ക് അയ്യായിരം രൂപവരെ സഹായവും ലഭിക്കും. സംസ്ഥാനത്തെ നൂറോളം ആശുപത്രികൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പിന്നീട് രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജനയും ആയുഷ്‌മാൻഭാരതും വന്നപ്പോൾ മലയാളികൾ നെഞ്ചേറ്റിയത് കാരുണ്യ പദ്ധതിയെയാണ്. അപേക്ഷിക്കാൻ എളുപ്പം, കിട്ടാൻ അതിലേറെ എളുപ്പം എന്നതായിരുന്നു കാരുണ്യയുടെ പ്രത്യേകത.