dd

നെയ്യാറ്റിൻകര: ആലുംമൂട്ടിലെ ട്രാൻസ്‌ഫോർമറിലെ ഇന്റർഫ്യൂസ് ഇന്നലെ കത്തിയതിനെ തുടർന്ന് നെയ്യാറ്റിൻകര ടൗണിൽ മൂന്ന് മണിക്കൂർ വൈദ്യുതി തടസപ്പെട്ടു. നെയ്യാറ്റിൻകര ഇലക്ട്രിക്കൽ സെക്‌ഷനിലെ ജീവനക്കാർ രണ്ടര മണിക്കൂറോളം ശ്രമിച്ച ശേഷമാണ് ട്രാൻസ്‌ഫോർമറിന്റ പ്രവർത്തനം പൂർവസ്ഥിതിയിലാക്കിയത്. കഴിഞ്ഞ രണ്ട് മാസമായി ഈ ട്രാൻസ്‌ഫോർമറിൽ നിന്നും പുക ഉയരുന്നത് പതിവാണ്. നാട്ടുകാർ വിളിച്ചറിയിക്കുമ്പോഴൊക്കെ ജീവനക്കാർ വന്നുനോക്കുമെങ്കിലും സ്വാഭാവികമാണെന്നായിരുന്നു മറുപടി. അതേസമയം ഉയർന്ന ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിട്ടില്ലെന്ന് സമീപവാസികൾ പറയുന്നു. നെയ്യാറ്റിൻകരയിൽ 60 കെ.വി ലൈൻ പണി നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങുന്നതിന് പുറമേയാണ് ഇന്നലെ വീണ്ടും വൈദ്യുതി തടസമുണ്ടായത്. ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലും മുത്താരമ്മൻ ക്ഷേത്രത്തിലും ഉത്സവ സമാപന ദിവസമായതിൽ ടൗണിൽ നല്ല തിരക്കായിരുന്നു.