വെഞ്ഞാറമൂട്: ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. വട്ടപ്പാറ പന്നിയോട് വീട്ടിൽ സുശീല (65) യെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. സുശീലയുടെ മകൻ കഴിഞ്ഞ ദിവസങ്ങളിൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടർന്ന് ഇന്നലെ രാവിലെ 9 മണിക്ക് വട്ടപ്പാറ പന്നിയോട്ടെ വീട്ടിൽ എത്തിയപ്പോൾ, വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നു. പൊലീസ് എത്തി വീടിന്റെ വശത്തെ ഡോർ കുത്തിപ്പൊളിച്ച് അകത്തുകടന്നു. മൃതദേഹം അഴുകിയിരുന്നു. മുറിക്കകത്ത് മുളക് പൊടി വിതറിയിരുന്നു. കഴുത്തിൽ കുരുക്കിട്ടതിന്റെ ചില മുറിവുകളും കണ്ടെത്തി. ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധിച്ചതിൽ നിന്ന് കൊലപാതകമാണെന്ന് സംശയിക്കുന്നു. ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി അറിയുന്നു. സുശീലയ്ക്ക് രണ്ട് മക്കളുണ്ടെങ്കിലും അവർ വിവാഹം കഴിച്ച് രണ്ടിടത്താണ് താമസം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.