തിരുവനന്തപുരം: 'ഭക്തൻ മന്ത്രീന്ദ്രനെത്തി വിജയ വിഭവനാവട്ടെ മാണി - പ്രമാണി' എന്ന് കവി പാലാ നാരായണൻ നായർ കെ.എം. മാണിയെ പ്രകീർത്തിച്ചെഴുതിയ വരികൾ കടമെടുത്താണ് നിയമസഭയിലെ മാണിയുടെ അമ്പതാം വാർഷികാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ പുകഴ്ത്തിയത്. അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാന സെനറ്റിലെ ഫ്രെഡ് റൈസറിനോടാണ് അന്ന് മുഖ്യമന്ത്രി മാണിയെ ഉപമിച്ചത്. പാർലമെന്ററി രംഗത്തെ മാണിയുടെ റെക്കോർഡിനൊപ്പം എത്തിയിട്ടുള്ളത് ഫ്രെഡ് റൈസർ മാത്രമാണെന്നാണ് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചത്. അന്ന് മാണിയുടെ കേരള കോൺഗ്രസ് നിയമസഭയിൽ യു.ഡി.എഫിൽ നിന്നകന്ന് പ്രത്യേക ബ്ലോക്കായി പ്രവർത്തിക്കുന്ന കാലമാണ്.
2015 മാർച്ച് 13 എന്ന കറുത്ത ദിവസം നിയമസഭയുടെ അദ്ധ്യായത്തിൽ നിന്ന് അപ്പോഴേക്കും ഏറെക്കുറെ മാഞ്ഞുപോയിരുന്നു. അന്ന് ധനമന്ത്രിയായിരുന്ന കെ.എം. മാണി തന്റെ പതിമൂന്നാമത്തെ ബഡ്ജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങിയപ്പോഴത്തെ പുകില് കേരള നിയമസഭയുടെ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തതായിരുന്നു. മാണി ബഡ്ജറ്റ് അവതരിപ്പിച്ചതായി പ്രഖ്യാപിച്ചപ്പോൾ ഭരണപക്ഷമായ യു.ഡി.എഫ് സഭയിൽ മധുരം വിളമ്പി ആഘോഷിച്ചു. പ്രതിപക്ഷം രൗദ്രഭാവത്തിൽ നിയമസഭയിൽ തകർത്താടി.
2016ൽ ഇടതുപക്ഷം അധികാരമേറി അധികം കഴിയും മുമ്പ് ഇതേ മാണി ഇടതുപക്ഷത്തോട് അടുക്കുന്നുവെന്ന സൂചനകളുണ്ടായി. കോട്ടയം ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയ നീക്കങ്ങളാണ് അതിലേക്ക് നയിച്ചത്. എല്ലാവരെയും അമ്പരപ്പിച്ചാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ മാണി തിരിച്ച് യു.ഡി.എഫിലേക്കെത്തുന്നതും. അന്ന് മാണിയെ തിരിച്ചെത്തിക്കാൻ രാജ്യസഭാസീറ്റ് ദാനം ചെയ്തെന്ന വിവാദം കോൺഗ്രസിനെ പിടിച്ചുലച്ചു.
അടിയന്തരാവസ്ഥക്കാലത്ത് മാണി ഇടതിനൊപ്പമായിരുന്നു. പിന്നീട് വലത്തോട്ട് ചാടിയ അദ്ദേഹം 79ൽ വീണ്ടും ഇടതിനൊപ്പം. രണ്ട് വർഷത്തിന് ശേഷം ഐക്യജനാധിപത്യ മുന്നണിയിലേക്ക്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തും ഇടത് പിന്തുണയോടെ മാണിയെ മുഖ്യമന്ത്രിയാക്കാൻ കരുക്കൾ നീക്കുന്നുവെന്ന പ്രചരണമുയർന്നു. അതിന് പ്രതികാരമായി യു.ഡി.എഫിനകത്ത് നിന്നുതന്നെ ബാർകോഴക്കേസ് കുത്തിപ്പൊക്കിയെന്ന സംശയം മാണിക്കുണ്ടാക്കിയ അസ്വസ്ഥത അവസാനം വരെ നീറ്റലായിരുന്നു.
ഇങ്ങനെ രാഷ്ട്രീയ നിരീക്ഷകരിൽ എപ്പോഴും അമ്പരപ്പും കൗതുകവും സൃഷ്ടിക്കുന്ന ചലനങ്ങളായിരുന്നു മാണിയുടേത്.
മാണിയോട് ഇണങ്ങിയും പിണങ്ങിയും എക്കാലത്തും നീങ്ങിയ 'ശിഷ്യ'നാണ് പി.സി. ജോർജ്. നിയമസഭയിൽ അമ്പത് വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷവേളയിൽ ജോർജ് പറഞ്ഞു: ശത്രുക്കൾക്ക് പോലും മാണിയെ അഭിനന്ദിക്കാതിരിക്കാനാവില്ലെന്ന്. കഴിഞ്ഞ നിയമസഭയുടെ കാലത്ത് മാണിഗ്രൂപ്പിന്റെ വൈസ് ചെയർമാനായിരുന്ന ജോർജ്, ബാർകോഴ വിവാദം മൂത്തതിന് പിന്നാലെ മാണിയുമായി അകന്ന് പോയതായിരുന്നു. സാമാജിക ജൂബിലി ആഘോഷവേളയിൽ മാണിയുടെ ശത്രുപക്ഷത്ത് നിൽക്കുന്ന ജോർജിന്റെ വാക്കുകൾ കേട്ട മാണിയുടെ മറുപടി ഇങ്ങനെ: 'ജോർജ് എന്റെ ശത്രുവല്ല, അനുജനാണ്.'
നിയമസഭാ നിഘണ്ടുവിന് അഡിഷണാലിറ്റി എന്നൊരു വാക്ക് മാണിയുടെ സംഭാവനയായി കിട്ടി! നിയമസഭാചട്ടങ്ങളിൽ മാണിയോട് തർക്കിക്കാൻ കെല്പുള്ളവർ കുറവായിരുന്നു അദ്ദേഹത്തിന്റെ പ്രതാപകാലത്ത്. നിയമസഭാപ്രസംഗത്തിൽ സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന് ഏറ്റവുമധികം ഓർമ്മിപ്പിച്ചത് മാണിയായിരുന്നു. പിൽക്കാലത്ത് ബാർകോഴക്കേസിൽ മാണി സംശയനിഴലിൽ നിൽക്കുമ്പോൾ അതേ വാചകം ഹൈക്കോടതി ഓർമ്മിപ്പിച്ചപ്പോൾ അദ്ദേഹത്തിന് മന്ത്രിസ്ഥാനം ഒഴിയേണ്ടിയും വന്നു.