kmmani

തിരുവനന്തപുരം:വിജിലൻസ് മൂന്നുവട്ടം ക്ലീൻചിറ്റ് നൽകിയിട്ടും ബാർകോഴക്കേസിൽ കുറ്റവിമുക്തനാവാൻ കഴിയാതെ പോയതാണ് കെ.എം.മാണിയുടെ വിജയിക്കാതിരുന്ന ഏക ദൗത്യം. മൂന്നുവട്ടവും വിജിലൻസിന്റെ ക്ലീൻചിറ്റ് കോടതികൾ തള്ളി.

മാണിയെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലാത്തതിനാൽ ബാർകോഴക്കേസിലെ തുടർനടപടി അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ സെപ്റ്റംബറിലും വിജിലൻസ് റിപ്പോർട്ട് നൽകിയെങ്കിലും കോടതി വഴങ്ങിയില്ല. അത് തള്ളുന്നതായും പുനരന്വേഷണത്തിനായി ഹർജിക്കാർക്കോ വിജിലൻസിനോ സർക്കാരിനെ സമീപിച്ച് അനുമതി നേടാമെന്നുമായിരുന്നു കോടതിയുടെ നിലപാട്. യു.ഡി.എഫ് ഭരണകാലത്തും മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് നൽകിയ രണ്ട് റിപ്പോർട്ടുകളും കോടതി തള്ളിയിരുന്നു.

അഴിമതിനിരോധന നിയമത്തിൽ കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതി പ്രകാരം സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയേ കേസെടുക്കാനോ പുനരന്വേഷണത്തിനോ സാധിക്കുമായിരുന്നുള്ളൂ. അതിനാൽ തുടരന്വേഷണത്തിന് ഉത്തരവിടാൻ കോടതിക്കാവില്ല. ഈ നിയമക്കുരുക്ക് ഒഴിവാക്കാനാണ് സർക്കാരിന്റെ അനുമതി നേടാൻ വിജിലൻസിനോട് കോടതി നിർദ്ദേശിച്ചത്. ഡിസംബറിൽ കേസ് വീണ്ടും പരിഗണിച്ചപ്പോൾ ബാർകോഴക്കേസ് തുടർന്നും അന്വേഷിക്കാൻ സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ മൂന്നാം പുനരന്വേഷണത്തിനാണ് വിജിലൻസ് ഒരുങ്ങിയത്.

കേസിന്റെ അവസാനഘട്ടത്തിൽ പരാതിക്കാരിൽ പലരും നിലപാടുകൾ മയപ്പെടുത്തിയിരുന്നു. മാണിക്കെതിരെ കോടതി നേരിട്ട് കേസെടുക്കണമെന്നായിരുന്നു ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ കോടതിയിൽ ആവശ്യപ്പെട്ടത്. റിപ്പോർട്ടിനെതിരെ ആദ്യം നിശബ്ദത പാലിച്ച എൽ.ഡി.എഫ് കൺവീനർ, വിജിലൻസ് റിപ്പോർട്ട് തള്ളി തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ തടസഹർജി നൽകി. മാണിക്കെതിരെ കടുത്ത നിലപാടിലായിരുന്ന സി.പി.ഐ ഇടയ്‌ക്ക് മയപ്പെട്ടെങ്കിലും പിന്നീട് കടുപ്പിച്ചു. വി.എസ്.സുനിൽകുമാർ ആദ്യ രണ്ട് റിപ്പോർട്ടുകളെയും എതിർത്തെങ്കിലും മന്ത്രിയായ ശേഷം എതിർസത്യവാങ്മൂലം അനുചിതമാകുമെന്ന നിലപാടെടുത്തു. എതിർപ്പ് ശക്തമായപ്പോൾ സി.പി.ഐ നേതാവ് പി.കെ.രാജുവിനെ എതിർഹർജി നൽകാൻ ചുമതലപ്പെടുത്തി. സി.പി.ഐ അഭിഭാഷക സംഘടന തുടക്കം മുതൽ മാണിക്ക് എതിരായിരുന്നു. സംഘടനയുടെ നേതാവ് വി.ആർ.വിജു മൂന്ന് തവണയും കോടതിയിൽ തടസഹർജി നൽകി.

ബി.ജെ.പി നേതാക്കളായ വി. മുരളീധരനും നോബിൾമാത്യുവും ബാറുടമ ബിജു രമേശും വിജിലൻസിന്റെ ക്ലീൻചിറ്റിനെതിരേ എതിർഹർജി നൽകി. സാറാ ജോസഫ് ആദ്യ രണ്ട് റിപ്പോർട്ടുകൾക്കുമെതിരേ രംഗത്തെത്തിയെങ്കിലും മൂന്നാം റിപ്പോർട്ടിനെ എതിർത്തില്ല.

കേസിലെ മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കെ.പി.സതീശൻ, പരാതിക്കാരനായ ബിജുരമേശിന്റെ വക്കാലത്തെടുത്തിരുന്നു. മാണിയെ പ്രോസിക്യൂട്ട് ചെയ്യാൻ ബിജുവിനുവേണ്ടി സതീശൻ ഗവർണറുടെ അനുമതി തേടുകയും വിജിലൻസിനെതിരെ ഹൈക്കോടതിയിൽ ഹർജിനൽകുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളിൽ തീരുമാനമാവും മുൻപേ മാണി കളമൊഴിഞ്ഞു. കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ച ബാർകോഴക്കേസിനും ഇതോടെ അന്ത്യമാവുകയാണ്.