തിരുവനന്തപുരം: ചാനൽക്കെണിയിൽ കുടുങ്ങി കോഴ ആരോപണത്തിലകപ്പെട്ട കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ.രാഘവനെതിരെ പൊലീസ് റിപ്പോർട്ട് വൈകിയേക്കും. ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ സമാഹരിക്കേണ്ടതുള്ളതുകൊണ്ടാണിത്. അതേസമയം അയ്യപ്പനാമം പ്രചാരണത്തിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരായ ആരോപണത്തിൽ ജില്ല വരണാധിതന്നെ എന്തു നടപടി സ്വീകരിക്കണമെന്ന് തീരുമാനിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനോട് ശുപാർശ ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
എം.കെ. രാഘവനെതിരെ ഉയർന്ന കോഴ ആരോപണത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു കണ്ടെത്തലുകളൊന്നുമില്ലാതെ സമർപ്പിച്ച റിപ്പോർട്ടിൽ അന്തിമ റിപ്പോർട്ട് വൈകുമെന്ന സൂചനയാണ് നൽകിയിട്ടുള്ളത്. വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാകൂവെന്നും അറിയിച്ചിട്ടുണ്ട്. വീഡിയോ ടേപ്പിന്റെ ഒറിജിനൽ പരിശോധിക്കേണ്ടതുമുണ്ട്. ശാസ്ത്രീയമായ വിവിധ പരിശോധനകളും നടത്തണം. ഇതിന് കൂടുതൽ സമയം വേണ്ടിവരും. പുറത്തുവിട്ട ദൃശ്യങ്ങളുടെ പൂർണ രൂപം ലഭ്യമാക്കാൻ പൊലീസ് നടപടികൾ ആരംഭിച്ചിട്ടുമുണ്ട്. ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് അന്വേഷണമാണ് നടക്കുന്നത്. രാഘവനെതിരെ നൽകിയ പരാതിയിൽ കോഴിക്കോട് എ.എസ്.പിയും രാഘവൻ നൽകിയ പരാതിയിൽ കോഴിക്കോട് ഡി.സി.പിയുമാണ് അന്വേഷണം നടത്തുന്നത്.
മോറട്ടോറിയം: വിശദീകരണം നൽകിയില്ല
കാർഷിക വായ്പാജപ്തികൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കുന്നതിന് അനുമതി തേടിക്കൊണ്ടുള്ള സർക്കാർ അപേക്ഷയിൽ കൂടുതൽ വിശദീകരണം ഉൾപ്പെടുത്തിയുള്ള അപേക്ഷ ഇന്നലെയും സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിട്ടില്ല. ഇതുസംബന്ധിച്ച് നേരത്തെ നൽകിയ അപേക്ഷ കമ്മിഷൻ മടക്കിയിരുന്നു. പിന്നീട് വിശദീകരണമുൾപ്പെടുത്തി നൽകിയ അപേക്ഷ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും മടക്കി. ഇതേ തുടർന്നാണ് കൂടുതൽ വ്യക്തതയുള്ള അപേക്ഷ സമർപ്പിക്കേണ്ടിവന്നത്.