m-m-mani

അതുല്യമായ ജനപിന്തുണയുള്ള നേതാവ്: ഗവർണർ ജസറ്റിസ് പി.സദാശിവംകർഷക, കർഷകത്തൊഴിലാളി പെൻഷൻ, കാരുണ്യ തുടങ്ങിയ ക്ഷേമ പദ്ധതികളിലൂടെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണയും വിശ്വാസവും നേടിയ മുതിർന്ന സാമാജികൻ കെ.എം മാണിയുടെ നിര്യാണം തികച്ചും ദു:ഖകരമാണെന്ന് ഗവർണർ ജസറ്റിസ് പി.സദാശിവം അനുസ്മരിച്ചു. 1965 മുതൽ തുടർച്ചയായി പാലാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കാനും മന്ത്രിയെന്ന നിലയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിക്കാനായതും പൊതുപ്രവർത്തകനെന്ന നിലയിൽ അദ്ദേഹം ആർജിച്ച അതുല്യമായ ജനപിന്തുണയുടെ തെളിവാണ്.


ലോക പാർലമെന്ററി ചരിത്രത്തിൽ ഇടംനേടിയ സാമാജികൻ: മുഖ്യമന്ത്രി പിണറായി വിജയൻ

ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ സ്ഥാനം നേടിയ അത്യപൂർവ്വം സമാജികരുടെ നിരയിലാണ് കെ.എം. മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. 54 വർഷത്തോളം നിയമനിർമാണസഭയിൽ പ്രവർത്തിക്കുകയെന്നത് ലോകത്തു തന്നെ അധികമാളുകൾക്ക് അവകാശപ്പെടാനാവാത്ത ചരിത്രമാണ്. കെ.എം. മാണിയുടെ നിര്യാണം കേരള കോൺഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടാക്കിയത്. പ്രഗത്ഭനായ ഒരു നിയമസഭാ സമാജികനേയും കേരളത്തിന്റെ പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ചവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീനേതാവിനെയുമാണ് നഷ്ടപ്പെട്ടത്. പുതിയ നിയമസഭാ സമാജികർ മാതൃകയാക്കേണ്ട ഒരു പാടു കാര്യങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലുണ്ട്. എല്ലാവരാലും ആദരിക്കപ്പെട്ട കെ.എം.മാണിയുടെ നിര്യാണം സംസ്ഥാനത്തിന് പൊതുവിലും നിയമസഭയ്ക്ക് വിശേഷിച്ചും കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയത്തിൽ സൃഷ്ടിച്ചത് ശൂന്യത: രമേശ് ചെന്നിത്തല

കെ.എം.മാണിയുടെ അപ്രതീക്ഷിത വേർപാട് കേരള രാഷ്ട്രീയത്തിൽ നികത്താനാകാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
യു.ഡി.എഫിന്റെ ശക്തികേന്ദ്രമായിരുന്നു മാണി. യു.ഡി.എഫ് നിർണ്ണായകമായ തിരഞ്ഞെടുപ്പ് പേരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ സന്ദർഭത്തിലാണ് അദ്ദേഹത്തെ നഷ്ടമായിരിക്കുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയക്ക് വിലപ്പെട്ട പിന്തുണയും ഉപദേശവുമാണ് മാണിസാർ നൽകിയിരുന്നത്. രണ്ടു മന്ത്രിസഭകളിൽ അദ്ദഹവുമായി ഒത്തുപ്രവർത്തിച്ചിട്ടുണ്ട്. കേരളം കണ്ട ഏറ്റവും മികച്ച പാർലമെന്റെറിയൻമാരിൽ ഒരാളാണ് കെ.എം. മാണി.

പി.ശ്രീരാമകൃഷ്ണൻ, നിയമസഭ സ്പീക്കർ

രാഷ്ട്രീയത്തിൽ പ്രസ്ഥാനങ്ങളിലൂടെ വളർന്ന് നേതാക്കളായവരും സ്വയം പ്രസ്ഥാനമായവരുമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സ്വയം പ്രസ്ഥാനമായവരുടെ കൂട്ടത്തിൽ ഒരാളാണ് കെ.എം മാണി. പാർലമെന്ററി ജനാധിപത്യത്തിൽ ഇത്രയും വിശ്വാസം അർപ്പിച്ച, സഭയുടെ നടപടിക്രമങ്ങളെയും രീതികളെയും ചട്ടങ്ങളെയും കീഴ്‌വഴക്കങ്ങളെയും ഇത്രയും ശക്തിയോടെ ഉപയോഗപ്പെടുത്താൻ ശ്രമിച്ച മറ്റൊരു സാമാജികനെ കണ്ടെത്തുക പ്രയാസമായിരിക്കും. കേരള നിയമസഭയുടെ അനുഭവങ്ങളുടെ ഈ സൂര്യതേജസ്സ് വിടവാങ്ങിയത് പൊതുസമൂഹത്തിനു നിയമസഭക്കും ശൂന്യത തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.


വി.എസ് അച്യുതാനന്ദൻ

പതിമൂന്ന് തവണ തുടർച്ചയായി പാലായിൽ നിന്ന് ജയിച്ച്, പന്ത്രണ്ട് മന്ത്രിസഭകളിൽ അംഗമായ കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു കെ.എം മാണി. രാഷ്ട്രീയത്തിനതീതമായി വ്യക്തിപരമായ സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച നേതാവായിരുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗം കേരള രാഷ്ട്രീയത്തിനുണ്ടാക്കിയ വിടവ് നികത്താനാവാത്തതാണെന്ന് വി.എസ് പറഞ്ഞു.


മന്ത്രി എ.കെ ബാലൻ

ഭരണരംഗത്തും നിയമസഭാ രംഗത്തും നിരവധി റിക്കോർഡുകൾക്ക് ഉടമയാണ് മാണി സാർ. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിനുപരി എല്ലാവരുമായും നല്ല വ്യക്തിബന്ധം അദ്ദേഹം പുലർത്തിയിരുന്നു. വ്യക്തിപരമായി നല്ല സൗഹൃദം ഞങ്ങളും പുലർത്തിയിരുന്നു. മാണി സാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

മന്ത്രി ഡോ.ടി.എം തോമസ് ഐസക്

ദീർഘനാളത്തെ പ്രായോഗിക പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ ധനകാര്യ മാനേജ്‌മെന്റിൽ പ്രാഗത്ഭ്യം തെളിയിച്ച ധനമന്ത്രിയായിരുന്നു കെ.എം മാണി. അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗങ്ങളിലും പ്രതിപക്ഷത്തായിരിക്കുമ്പോഴുള്ള ബജറ്റ് വിമർശനങ്ങളിലും ഈ പരിജ്ഞാനമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആയുധം. എതിർചേരിയിലായിരിക്കുമ്പോൾത്തന്നെ തികഞ്ഞ പരസ്പര ബഹുമാനത്തോടെ നിയമസഭയ്ക്കകത്തും പുറത്തും ധനകാര്യം ചർച്ച ചെയ്യുന്നതിന് കഴിഞ്ഞിരുന്നു. കേരളീയർക്കാകെ അദ്ദേഹം മാണിസാറായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖംരേഖപ്പെടുത്തുന്നു.


മന്ത്രി ഇ.പി ജയരാജൻ

കേരള കോൺഗ്രസ് (എം) ചെയർമാനും മുൻമന്ത്രിയുമായ കെ.എം മാണിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി കേരള രാഷ്ട്രീയത്തിലെ അതികായരിൽ ഒരാളായി നിലകൊണ്ട വ്യക്തിത്വമാണ് വിടപറഞ്ഞത്. ഈ വേർപാട് തികച്ചും അപ്രതീക്ഷിതമായിരുന്നു.


മന്ത്രി കെ.കെ. ശൈലജ

കേരള രാഷ്ട്രീയത്തിലെ തലമുതിർന്നനേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഒരു നിയമസഭാംഗമെന്ന നിലയിൽ അദ്ദേഹവുമായി അടുത്തിടപെടാനുള്ള നിരവധി സന്ദർഭങ്ങളുണ്ടായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനുപരി വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ വേർപാട് എല്ലാവരേയുംവേദനിപ്പിക്കുന്നതാണ്.


മന്ത്രി ടി പി രാമകൃഷ്ണൻ


കേരള രാഷ്ടീയത്തിൽ നിർണായക വ്യക്തിമുദ്ര പതിപ്പിച്ച കെ എം മാണിയുടെ വിയോഗം സംസ്ഥാനത്തിന്റെ സാമൂഹികരാഷ്ട്രീയ മണ്ഡലങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണ്.


മന്ത്രി എ.സി മൊയ്തീൻ

കൈകാര്യം ചെയ്ത വകുപ്പികളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മാണി കേരള രാഷ്ട്രീയ ചരിത്രത്തിൽ അതികായകനായി നിലകൊണ്ടിരുന്നു. കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദു:ഖത്തിൽ പങ്കുചേരുന്നു.


മന്ത്രി സി.രവീന്ദ്രനാഥ്

മികച്ച പാർലമെന്ററിയൻ, ഊർജ്ജസ്വലനായ സംഘാടകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടിലേറെ കാലം കേരള രാഷ്ട്രീയത്തിൽ നിറസാന്നിദ്ധ്യമായ നേതാവായിരുന്നു കെ.എം മാണി.


മുല്ലപ്പള്ളി രാമചന്ദ്രൻ

മികച്ച ഭരണാധികാരിയും തന്ത്രശാലിയുമായ രാഷ്ട്രീയ നേതാവിനെയാണ് യു.ഡി.എഫിന് നഷ്ടമായത്. ദീർഘകാലം നിയമസഭ അംഗമായിരുന്ന കെ.എം.മാണി മരണത്തിന് കീഴടങ്ങുന്നത് വരെ വർദ്ധിതവീര്യത്തോടെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ജ്യേഷ്ഠസഹോദര തുല്യനായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം ഇത്ര നേരത്തെയുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.


കോടിയേരി ബാലകൃഷ്ണൻ

കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത നേതാവായിരുന്നു കെ.എം മാണിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളം എക്കാലവും സ്മരിക്കുന്ന ഉജ്വല രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് മാണിയെന്നും അദ്ദേഹത്തിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.


വി.എം സുധീരൻ
കെ.എം. മാണി സാറിന്റെ വേർപാടിൽ അതിയായി ദുഃഖിക്കുന്നു. ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ തുടരുമ്പോഴും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. പാർലമെന്ററി രംഗത്തുള്ളവർക്കും ആ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും അനുകരിക്കാവുന്ന അതുല്യ പ്രതിഭയായിരുന്നു മാണി സാർ.


കൊടിക്കുന്നിൽ സുരേഷ്

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനാണ് കെ.എം മാണി. മാണിയ സാറിന്റെ ദേഹവിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ദു:ഖത്തിൽ പങ്കുചേരുന്നു.


കുമ്മനം രാജശേഖരൻ


കേരള രാഷ്ട്രീയത്തിലെ അനിതരസാധാരണമായ വ്യക്തിത്വമായിരുന്നു മാണി സാർ എന്ന് എല്ലാവരും വിളിച്ചിരുന്ന കെ.എം മാണി. കുടുംബത്തിന്റെയും കേരള കോൺഗ്രസ് പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.


തുഷാർ വെള്ളാപ്പള്ളി

കേരളത്തിന്റെ സ്വന്തം മാണി സാറിന്റെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു. പ്രായഭേദമന്യേ മണ്ഡലത്തിലെ ഓരോ വ്യക്തികളെയും നേരിട്ടറിയുന്ന അപൂർവ്വം വ്യക്തിത്വത്തിനുടമയായ അദ്ദേഹം രാഷ്ട്രീയ കേരളത്തിന്റെ പിതാമഹനാണ്. മാണി സാറിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ വേദനയോടൊപ്പം പങ്കുചേരുന്നു.

..........
മുൻ യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചൻ, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, എം.എം.ഹസ്സൻ, മുൻ മിസോറാം ഗവർണർ വക്കം പുരുഷോത്തമൻ, ആർച്ച്ബിഷപ് ഡോ. സൂസപാക്യം, കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം. സി. ജോസഫെയ്ൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, സീനിയർ ജേർണലിസ്റ്റ് യൂണിയൻ തുടങ്ങിയവരും അനുശോചനം അറിയിച്ചു.