child

കൊച്ചി: കൂട്ടുകാരൊത്ത് കളിക്കുന്നതിനിടെ കടമക്കുടി പുഴയിൽ വീണ ആറു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കല്ലുവീട്ടിൽ ബിജുവർഗീസിന്റെയും ജോസ്മിയുടെയും മകൾ എയ്മിയാണ് മരിച്ചത്. നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടെത്തിയത്. എയ്മിക്കായി ഇന്നലെ രാത്രിയിലും തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ശക്തമായി അടിയൊഴുക്കുണ്ടായതിനാൽ ശ്രമം വിഫലമാകുകയായിരുന്നു. ഇന്ന് രാവിലെ മുങ്ങൽ വിദഗ്ധരെ എത്തിക്കാനിരിക്കെയാണ് നാട്ടുകാരുടെയും പൊലീസിന്റെയും തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് കടമ്മക്കുടിയെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. വീടിനടുത്ത് ഞണ്ട് ഷെഡിനടുത്ത് സഹോദരങ്ങളോടും കൂട്ടുകാരോടുമൊപ്പം കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. പുഴയിൽ നല്ല ഒഴുക്കുളള സമയത്തായിരുന്നു അപകടം. വരാപ്പുഴ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.