alpesh-thakkoor-

ന്യൂഡൽഹി: ബി.ജെ.പിയുടെ തട്ടകമാണ് ഗുജറാത്ത്. അത് മറികടന്ന് ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പടയൊരുക്കം നടത്തുമ്പോൾ അപ്രതീക്ഷിതമായി ഒരു തിരിച്ചടി കിട്ടിയിരിക്കുകയാണ് ഒ.ബി.സി നേതാവ് അൽപേഷ് താക്കൂറിലൂടെ കോൺഗ്രസിന്. വോട്ടെടുപ്പിലേക്ക് നീങ്ങുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അൽപേഷ് കോൺഗ്രസിനെ ‌ഞെട്ടിച്ചത്. അൽപേഷ് കൂടുവിട്ട് കൂടുമാറിയേക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ മാസം കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് മാറുമെന്ന് വാർത്തകൾ പ്രചരിച്ചെങ്കിലും കോൺഗ്രസിൽ തന്നെ ഉറച്ചു നിൽക്കുമെന്നും ഗുജറാത്തിലെ താക്കൂർ വിഭാഗക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുമെന്നും അൽപേഷ് അറിയിച്ചിരുന്നു. ഒപ്പം, ഈ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

താക്കൂർ സമുദായത്തിന് അർഹമായ പരിഗണന സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് കിട്ടുന്നില്ലെന്ന പരാതിയുണ്ടായിരുന്നു അൽപേഷിന്. ഇത് പരിഹരിക്കാൻ കോൺഗ്രസിൽ നിന്ന് ശ്രമം ഉണ്ടായതുമില്ല. അതോടെയാണ് പാർട്ടി വിടാൻ അൽപേഷിനെ പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 2017ലാണ് അൽപേഷ് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് ടിക്കറ്റിൽ രാധൻപൂർ മണ്ഡത്തിൽ നിന്നും വിജയിച്ച് നിയമസഭാംഗവുമായി. ബി.ജെ.പി വിരുദ്ധ സഖ്യത്തിലെ പ്രാധാനികളിൽ ഒരാളായിരുന്നു അൽപേഷ്.

എന്നാൽ, താക്കൂർ വിഭാഗക്കാരോട് കോൺഗ്രസ് ആവർത്തിക്കുന്ന അവഗണനയാണ് അൽപേഷ് പാർട്ടി വിടാൻ കാരണമെന്നും നിലവിൽ മറ്റു പാർട്ടികളിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും താക്കൂർ കമ്മിറ്റി നേതാക്കൾ വ്യക്തമാക്കി. താക്കൂറിനൊപ്പം ധവൽസിംഗ് സാലാ, ഭരത്‌ജി താക്കൂർ എന്നീ എം.എൽ.എമാരും കോൺഗ്രസ് വിട്ടു.

ഗുജറാത്തിലെ ഒ.ബി.സി വിഭാഗക്കാർക്കിടയിൽ വൻ സ്വാധീനമുള്ള അൽപേഷ്, പിന്നാക്ക സമുദായക്കാർക്ക് അർഹമായ സംവരണവും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു വേണ്ടി ഗുജറാത്ത് ക്ഷത്രിയ - താക്കൂർ സേന, ഒ.ബി.സി - എസ്.സി, എസ്.ടി ഏകതാ മഞ്ച് എന്നിവ സ്ഥാപിച്ചു. ഗുജറാത്തിൽ ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന പട്ടേൽ പ്രക്ഷോഭങ്ങൾക്ക് തൊട്ടു പിന്നാലെയാണ് അൽപേഷ് ഈ സംഘടനകൾക്ക് രൂപം നൽകിയത്.

ഹാർദിക് പട്ടേൽ, ദളിത് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ ജിഗ്നേഷ് മേവാനി എന്നിവർക്കൊപ്പം നിൽക്കുന്ന ഗുജറാത്തിലെ ശക്തനായ യുവനേതാവായിരുന്നു അൽപേഷ്. ബി.ജെ.പിയ്‌ക്കതിരെ തുറുപ്പു ചീട്ടാക്കാൻ കോൺഗ്രസ് കണ്ടുവച്ച മൂന്നു പേരാണിവർ. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച ജിഗ്നേഷ് വദ്ഗം മണ്ഡലത്തിൽ വിജയിച്ചു. കോൺഗ്രസിൽ ചേർന്നെങ്കിലും ഹാർദിക് പട്ടേൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ചിരുന്നു. അൽപേഷ് കോൺഗ്രസ് വിട്ടതോടെ ബി.ജെ.പി വിരുദ്ധ പാർട്ടികൾക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ 23ന് മൂന്നാം ഘട്ടത്തിലാണ് ഗുജറാത്തിൽ വോട്ടെടുപ്പ്.