mani8

തിരുവനന്തപുരം: ലോക പാർലമെന്ററി ചരിത്രത്തിൽ ഇടം നേടുന്ന അത്യപൂർവം സാമാജികരുടെ നിരയിലാണു കെ.എം. മാണിയുടെ സ്ഥാനമെന്ന് മന്ത്റിസഭ അംഗീകരിച്ച അനുശോചന പ്രമേയത്തിൽ പറഞ്ഞു. 54 വർഷം തുടർച്ചയായി നിയമസഭയിൽ അംഗമാവുക എന്നത് കേരള നിയമസഭയുടെ ചരിത്രത്തിൽ മ​റ്റാർക്കും അവകാശപ്പെടാനില്ലാത്ത റെക്കാഡാണ്.

1965 മുതൽ നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം പാലാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. മുന്നണികൾ മാറി മത്സരിച്ചിട്ടും തുടർച്ചയായി ജയിച്ചുവെന്നത് അസാമാന്യ ജനപിന്തുണയുടെ ദൃഷ്ടാന്തമാണ്.

കേരളത്തിനു പൊതുവിലും കേരള നിയമസഭയ്ക്ക് വിശേഷിച്ചും അപരിഹാര്യമായ നഷ്ടമാണ് കെ.എം.മാണിയുടെ നിര്യാണംമൂലം സംഭവിച്ചത്. നിയമസഭയിലും പുറത്തും എല്ലാ വിഭാഗം ആളുകളുടെയും സ്‌നേഹാദരങ്ങൾ ആർജിച്ച പ്രഗല്ഭ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

കേരളത്തിന്റെ താത്പര്യങ്ങൾക്കുവേണ്ടി ഉറച്ചുനിന്ന അദ്ദേഹം മലയോര പ്രദേശങ്ങളുടെയും കർഷക ജനസാമാന്യത്തിന്റെയും പ്രശ്നങ്ങൾ ഏ​റ്റെടുക്കുന്നതിലും സഭയിൽ ഉയർത്തുന്നതിലും ശ്രദ്ധേയമായ പങ്കാണ് വഹിച്ചത്. ഏ​റ്റവും കൂടുതൽ കാലം മന്ത്റിയായും ഏ​റ്റവും കൂടുതൽ തവണ ബഡ്ജ​റ്റ് അവതരിപ്പിച്ചും ആഭ്യന്തരം, ധനകാര്യം, റവന്യൂ മുതലായ പ്രധാന വകുപ്പുകളുടെയെല്ലാം ചുമതല വഹിച്ചും മാണി ഭരണപാടവം തെളിയിച്ചു. 25 വർഷം മന്ത്റിയായിരുന്ന അദ്ദേഹം സംസ്ഥാനത്തിന്റെ വളർച്ചയിൽ തന്റേതായ സംഭാവന നൽകിയിട്ടുണ്ടെന്നും അനുശോചന പ്രമേയത്തിൽ പറഞ്ഞു.