ന്യൂഡൽഹി: ട്വിറ്ററിൽ വാക്പോര് പതിവാണ്. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നേതാക്കൾ തമ്മിലാണെങ്കിൽ അതിനൊരു 'പഞ്ച് ' കൂടുകയും ചെയ്യും. ഇത്തവണ ട്വിറ്റർ യുദ്ധം അരങ്ങേറിയത് അടുത്തിടെ ബി.ജെ.പിയിലേക്ക് ചേക്കേറിയ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും കാശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയും തമ്മിലായിരുന്നു.
കാശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നൽകുന്ന ഭരണഘടന വ്യവസ്ഥയായ ആർട്ടിക്കിൾ 370 നെ ചൊല്ലി ഉണ്ടായ കലഹത്തിന് ഒടുവിൽ ഗംഭീറിനെ ട്വിറ്ററിൽ നിന്നും മെഹബൂബ ബ്ലോക്ക് ചെയ്‌തു. ഫറൂഖ് അബ്‌ദുള്ള, ഒമർ അബ്‌ദുള്ള മെഹബൂഹ മുഫ്‌തി എന്നിവർ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയണമെന്നാവശ്യപെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടതിനെ തുടർന്നാണ് പ്രശ്‌നങ്ങളുടെ പശ്ചാത്തലം.
'ബി.ജെ.പി ആർട്ടിക്കിൾ 370 കഷണങ്ങളാക്കുന്നതിനു വേണ്ടി കാത്തിരിക്കൂ. ഇതോടെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും നമ്മെ യാന്ത്രികമായി തന്നെ തടയുകയും ഇന്ത്യൻ ഭരണഘടന നമുക്ക് ബാധകമേ അല്ലാതായി തീരുകയും ചെയ്യും. ' മെഹബൂബ ട്വിറ്ററിൽ കുറിച്ചു. നിങ്ങൾക്ക് മനസിലായില്ലെങ്കിൽ നിങ്ങളും മാഞ്ഞു പോയേക്കാമെന്നും മെഹബൂബ കൂട്ടിചേർത്തു.
ഇത് ഇന്ത്യയാണെന്നും നിങ്ങളെപ്പോലെ മായ്ചു കളയാൻ പറ്റിയ കറയല്ല ഇന്ത്യയെന്നും ഗംഭീർ മെഹബൂബയുടെ ട്വീറ്റിന് മറുപടി നൽകി.
തുടർന്ന് മെഹബൂബ ആദ്യം ഗംഭീറിനെ ട്വിറ്ററിൽ നിന്നും ബ്ലോക്ക് ചെയ്തെങ്കിലും 10 മണിക്കൂർ കഴിഞ്ഞ് ബ്ലോക്ക് നീക്കുകയായിരുന്നു. ബി.ജെ.പിയിലെ ഗംഭീറിന്റെ രാഷ്ട്രീയ ഇന്നിംഗ്സ് ക്രിക്കറ്റ് കരിയറിന്റെ അത്രയും മോശമല്ലെന്നു കരുതുന്നുവെന്ന് മണിക്കൂറുകൾക്ക് ശേഷം മെഹബൂബ തിരിച്ചടിച്ചത് പിന്നീട് പരസ്പരം പോരിന് വഴിമാറി. രണ്ടു പേരും തമ്മിൽ വാക്കേറ്റം മൂർച്ഛിച്ചു. 10 മണിക്കൂർ കഴിഞ്ഞ് തന്റെ ട്വിറ്റർ അക്കൗണ്ടിനേർപ്പെടുത്തിയ ബ്ലോക്ക് നീക്കിയതെന്തിനെന്നും ഇഴഞ്ഞ് വരുന്ന മറുപടി അനുഭവ സമ്പത്തില്ലാത്ത മെഹബൂബയുടെ വ്യക്തിത്വം ആണ് സൂചിപ്പിക്കുന്നതെന്നും ഗംഭീർ വിമർശിച്ചു.
'ഗംഭീറിന്റെ മാനസിക ആരോഗ്യത്തിൽ ആശങ്കയുണ്ട്. കാശ്‌മീരിനെ പറ്റി ഒന്നും അറിയില്ലെങ്കിൽ മിണ്ടാതിരിക്കുകയാണ് വേണ്ടത്. ക്രിക്കറ്റ് കളിക്കാരൻ അത് കളിച്ചാൽ മതിയെന്നും അറിവില്ലാത്ത കാര്യങ്ങളിൽ തലയിടേണ്ടെന്നും മെഹബൂബയുടെ തിരിച്ചടി കൂടിയായപ്പോൾ പിന്നെയങ്ങോട്ട് ട്വീറ്റുകളുടെ ബഹളമായിരുന്നു. നിങ്ങളെപ്പോലെ ഒരു കഠിന വ്യക്തി എന്നെ ബ്ലോക്ക് ചെയ്തതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ഗംഭീർ മറുപടിയും നൽകി.