c-divakran-

തിരുവനന്തപുരം: നട്ടുച്ചയ്ക്ക് പന്ത്രണ്ട് മണി നേരം, ഇടവക്കോട് എസ്.എൻ.ഡി.പി ശാഖാ ഒാഫീസിന് മുന്നിൽ പൊള്ളുന്ന വെയിൽ വകവയ്ക്കാതെ വൻജനക്കൂട്ടം. സി.ദിവാകരനെ കാത്തുള്ള നിൽപ്പാണത്. രാവിലെ പത്തേമുക്കാലോടെ എത്തുമെന്നാണ് പാർട്ടി ഒാഫീസിൽ നിന്ന് അറിയിച്ചത്. നല്ലൊരു വിഭാഗം സ്ത്രീകളുമുണ്ട്. തൊട്ടടുത്തുള്ള പൗഡിക്കോണം, കേരളാദിത്യപുരം മേഖലയിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ശബരിമലപ്രശ്നത്തിൽ വൻ നാമജപഘോഷയാത്രകൾ നടന്നിരുന്നു. പക്ഷേ, അതാെന്നും അടുപ്പമുള്ളവർ സി.ഡി എന്ന് വിളിക്കുന്ന സി. ദിവാകരനുള്ള നാട്ടുകാരുടെ വരവേൽപ്പിന്റെ ആവേശം കുറച്ചിട്ടില്ല. വെയിലു കനത്ത് വിയർപ്പൊഴുകിയിട്ടും ആരും പിരിഞ്ഞുപോവുന്നില്ല. എന്നും ഒപ്പം നിൽക്കുന്ന നേതാവ്. അതാണ് അവർക്കിടയിൽ സി.ദിവാകരനുള്ള ഇമേജ്.

പന്ത്രണ്ടരയോടെ ആരവം മുഴങ്ങി. അകമ്പടിയായി ചുവന്ന കൊടി കെട്ടിയ ബൈക്കുകളുടെ നിരയെത്തി. അതോടെ കാത്തുനിൽപ്പിന് ജീവൻപകർന്ന് ബാൻഡ് മേളം തുടങ്ങി. ആകെ ഉത്സവ പ്രതീതി. സ്ഥാനാർത്ഥിയെ സ്വീകരിക്കാനുള്ളള പുറപ്പാടാണ്. തൊട്ടുപിന്നാലെ വാഹനങ്ങളുടെ അകമ്പടിയോടെ സ്ഥാനാർത്ഥിയെത്തി. സ്വീകരണം തകർപ്പനാണെന്ന് സ്ഥാനാർത്ഥിക്ക് ബോദ്ധ്യമായി. സി.ദിവാകരന് ജനങ്ങളുടെ മനസറിയാം. മൊത്തത്തിലുളള മട്ടും ഭാവവുമൊക്കെ കണ്ടാൽ സ്വീകരണത്തിന്റെ രീതിയും അദ്ദേഹം അളന്നെടുക്കും. പിന്നെ അതിനനുസരിച്ചാവും പ്രസംഗവും പെരുമാറ്റവും. എല്ലാമുക്കിലും മൂലയിലുംവരെ സി.ഡി.യുടെ കണ്ണെത്തും. നാട്യങ്ങളില്ലാത്ത നേതാവെന്നത് അലങ്കാരമല്ല, ഒറിജിനലാണെന്ന് കുറച്ചുനേരം കൂടെ നടന്നാൽ മനസിലാകും.

പ്രചാരണ വാഹനത്തിൽ നിന്നിറങ്ങിയ സി.ദിവാകരനെ വെള്ളം കൊടുത്തും മാലയിട്ടും പഴം കൊടുത്തുമൊക്കെ ഇടവക്കോട്ടുകാർ സ്നേഹം കൊണ്ടുപൊതിഞ്ഞു. പിന്നെ ജാഥയായി അല്പം അകലെ പണ്ട് സി.ദിവാകരൻ അനുവദിച്ചുകൊടുത്ത സപ്ളൈകോ മാവേലി സ്റ്റോറിന് മുന്നിൽ കെട്ടിയ ചുവന്നുതുടുത്ത വേദിയിലേക്ക്. വർഷങ്ങൾക്ക് മുമ്പ് അതേസ്ഥലത്ത്, അതേവേദിയിൽ നിന്നാണ് ഭക്ഷ്യമന്ത്രിയായിരുന്ന സി.ദിവാകരൻ മാവേലി സ്റ്റോർ ഉദ്ഘാടനം ചെയ്തത്. പക്ഷേ, പ്രസംഗത്തിൽ അതാെന്നും പറഞ്ഞില്ല. പകരം പറഞ്ഞത് " എന്റെ നാട്ടുകാരേ, എന്ത് വെയിലാണിത്, ഞാൻ തളർന്നു. ഇപ്പോൾത്തന്നെ ഒന്നര മണിക്കൂർ വെെകി. പക്ഷേ, നിങ്ങളാരും തളരരുത്. ഇത് അനന്തപുരിയെ മോചിപ്പിക്കാനുള്ള പോരാട്ടമാണ്. കഴിഞ്ഞ പത്ത് വർഷമായി കൈവിട്ടുപോയ തിരുവനന്തപുരത്തെ നമുക്ക് തിരിച്ചുപിടിക്കണം." നീണ്ട കൈയടികളോടെ ജനം അതേറ്റുവാങ്ങി.. "സ്വീകരണം ഗംഭീരമായി കേട്ടോ" അവരുടെ സ്നേഹ വായ്പിന് അദ്ദേഹം നന്ദി പറഞ്ഞു.

കലാബാഷ് റിസോർട്ടിൽ ഉൗണും വിശ്രമവും ക്ഷീണമകറ്റാൻ കാറിലേക്ക്. വിയർപ്പൊപ്പി സീറ്റിലേക്ക് ചാഞ്ഞു. പിന്നെ, കലാബാഷ് റിസോർട്ടിൽ ഉൗണ്. വൈകിട്ട് നാലുവരെ വിശ്രമം.

രാവിലെ അരുവിക്കരകോണത്ത് നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. മുന്നിൽ ബൈക്കുകളും രണ്ട് അനൗൺസ്‌മെന്റ് വാഹനങ്ങളും പിന്നിൽ ഘടകകക്ഷി നേതാക്കളായ അഡ്വ. പ്രവീൺ, സനൽകുമാർ, സബീർതൊളയാട്, കടകംപള്ളി സുകു, സാജു ചെഞ്ചരി, പി.കെ.രാജു തുടങ്ങിയവർ കാറുകളിൽ. വഴിയിൽ കാണുന്നവരെയൊക്കെ കൈഉയർത്തി അഭിവാദ്യം ചെയ്താണ് പോക്ക്. പരിചയക്കാരെ കണ്ടാൽ കൈകുറച്ചുകൂടി ഉയർത്തും. ചുണ്ടിൽ ചെറിയ ചിരിയും വിടരും. പ്രചാരണത്തിരക്കിലും പഴയ ശൈലിയിൽ വലിയ മാറ്റമൊന്നുമില്ല.

കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ നേതാവും എം.എൽ.എയും മന്ത്രിയും തുടങ്ങി പലവിധത്തിലുള്ള ബന്ധങ്ങളാണ് സി. ദിവാകരന് തിരുവനന്തപുരത്തുള്ളത്. ഞാണ്ടൂർകോണത്ത് ദിവാകരന്റെ പര്യടനവാഹനം എത്തുന്നതുംകാത്ത് മുൻ ഹെൽത്ത് ഇൻസ്പെക്ടർ ജോണും ഭാര്യ സൂസമ്മയും റോഡുവക്കിൽ കസേരയിട്ട് ഇരിക്കുന്നു. പ്രമേഹം ബാധിച്ച് കാലിന്റെ മുട്ടിന് താഴെ ചലനശേഷിയില്ല. ഭാര്യയുടെയും അയൽക്കാരുടെയും സഹായത്തോടെയാണ് ദിവാകരന്റെ വരവ് കാണാൻ റോഡരികുവരെയെത്തിയത്. പഠിക്കുന്ന കാലം മുതൽ അടുത്തറിയാം ജോണിന് .

ചാരുംമൂട്ടിൽ ഒരു കർഷകൻ വലിയ ഒരു തണ്ണിമത്തൻ നൽകിയാണ് സ്വീകരിച്ചത്. നന്ദിപ്രസംഗത്തിൽ തണ്ണിമത്തന് പ്രത്യേകം നന്ദിയും പ്രകടിപ്പിച്ചു. കൊന്നപൂക്കളമായി കുട്ടികൾ വീടിന് മുന്നിൽ നിന്ന് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയത് കൗതുകക്കാഴ്ചയായി. ചുവന്ന റിബണും തോർത്തുമൊക്കെയാണ് പതിവ് സ്വീകരണ വസ്തുക്കൾ. തോർത്തിന് അവകാശികളും ചിലയിടത്തെത്തി. വാങ്ങിയും കൊടുത്തും ഉച്ചവരെ പതിന്നാല് കേന്ദ്രങ്ങളിൽ സ്വീകരണം. വൈകിട്ട് കട്ടേലയിൽ നിന്ന് വീണ്ടുംപര്യടനം. രാത്രി പത്തിന് ജവഹർകോളനിയിൽ വണ്ടിയിലെ ലൈറ്റണയ്ക്കുമ്പോൾ പിന്നിട്ടത് 48 സ്വീകരണയോഗങ്ങൾ. ഇടയ്ക്ക് മാങ്കോട്ടുകോണത്തുവച്ച് സ്വീകരണവഴിയിൽ എതിർസ്ഥാനാർത്ഥി ശശിതരൂരിനെ കണ്ടു. കൈകൊടുത്ത് അഭിവാദ്യം ചെയ്ത് പിരിഞ്ഞു.

യോഗങ്ങളിൽ പ്രസംഗം പതിഞ്ഞ സ്വരത്തിൽ വോട്ട് ചോദിച്ചാണ് തുടക്കം. "തിരുവനന്തപുരത്ത് രണ്ട് വൻ കച്ചവടങ്ങൾ നടന്നു. വിമാനത്താവളവും ലാറ്റക്സും. അതിൽ പങ്കുപറ്റിയവരുടെ കളി ഞാൻ ജയിച്ചാൽ പുറത്തുകൊണ്ടുവരും. ഹൈക്കോടതി ബെഞ്ചന്നൊക്കെ പറഞ്ഞിട്ടെന്തായി. ഞാൻ വിശ്വപൗരനൊന്നുമല്ല. ഡോക്ടറേറ്റുമില്ല. ഇവിടെ ജനിച്ചു വളർന്ന് പഠിച്ച് നേതാവായ ആൾ. എന്റെ സർവകലാശാല ജനങ്ങളാണ്. ബിരുദം നിങ്ങൾ തരുന്ന സ്നേഹവും." തനി തിരുവനന്തപുരം ശൈലിയിൽ നീട്ടലും കുറുക്കലുമായി തമിഴ് ചുവയെന്ന് തോന്നിപ്പിക്കുന്ന പ്രസംഗം. ഇടയ്ക്ക വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ചോദിച്ചു. "എങ്ങിനെ പൊളിക്കുമോ.?" നമ്മൾ ജയിക്കും. അത് തീരുമാനിച്ചു കഴിഞ്ഞല്ലോ. ദിവാകരന്റെ മറുപടിയിൽ തികഞ്ഞ ആത്മവിശ്വാസം.