sea
ശംഖുംമുഖത്തെ തകർന്ന റോഡ് (ഫയൽചിത്രം)

തിരുവനന്തപുരം: ഒരുവർഷത്തെ നിസംഗതയ്ക്കൊടുവിൽ, കടൽ കവർന്നെടുത്ത വിമാനത്താവളം- ശംഖുംമുഖം ബീച്ച് റോഡ് പുനർനിർമ്മിക്കാനുള്ള 4.29കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായി. പുനർനിർമ്മാണത്തിന് ഉടനടി ടെൻഡർ വിളിക്കാൻ ചീഫ് എൻജിനിയറെ സർക്കാർ ചുമതലപ്പെടുത്തി. കഴിഞ്ഞ ഏപ്രിലിൽ കലിതുള്ളിയ കാലവർഷത്തിലാണ് ആഭ്യന്തര വിമാനത്താവളത്തെയും ശംഖുംമുഖം ബീച്ചിനെയും ബന്ധിപ്പിക്കുന്ന പ്രധാന നഗരറോഡ് തകർന്നത്. വിമാനത്താവള റോഡിന്റെ ഒരു ഭാഗത്ത് 275മീറ്റർ പ്രദേശം കടൽ വിഴുങ്ങി. സംരക്ഷണഭിത്തിയും സന്ദർശകർക്കുള്ള ഇരിപ്പിടങ്ങളും നടപ്പാതയും മത്സ്യബന്ധന സാമഗ്രികളുമെല്ലാം തരിപ്പണമായി. റോഡിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടതോടെ ഒരു ഭാഗത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയായിരുന്നു.

വിവിധ വകുപ്പുകളും ഏജൻസികളും തമ്മിലുള്ള തർക്കമാണ് പുനർനിർമ്മാണം വൈകിച്ചത്. തിരുവനന്തപുരം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് റോഡ് ഫണ്ട് ബോർഡ് ഈ റോഡ് നാലുവരിയാക്കി പുതുക്കിയത്. റോഡ് നിർമ്മിച്ച്, ഓപ്പറേറ്റ് ചെയ്ത് കൈമാറുന്ന രീതിയിൽ (ബി.ഒ.ടി) പൊതു-സ്വകാര്യ പദ്ധതിയായാണ് പദ്ധതി നടപ്പാക്കിയത്. റോഡ് ഫണ്ട് ബോർഡിനാണ് റോഡിന്റെ പരിപാലനം. ബീച്ചിലെ ഇരിപ്പിടങ്ങളും സൗകര്യങ്ങളും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഒരുക്കിയതാണ്. സംരക്ഷണത്തിനുള്ള കടൽഭിത്തി നിർമ്മിക്കേണ്ടത് ജലവിഭവ വകുപ്പാണ്. റോഡ് പുനർനിർമ്മാണത്തിന് വിവിധ ഏജൻസികൾ പലതരം നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചതോടെയാണ് പ്രതിസന്ധിയായത്. കഴിഞ്ഞ മൺസൂൺ കാലത്ത് അതിശക്തമായ വേലിയേറ്റത്തിൽ റോഡിന്റെ സംരക്ഷണ ഭിത്തികൾ ഇടിഞ്ഞ് കടലിലേക്ക് പതിച്ചതിനാൽ രണ്ടുവരി ഗതാഗതം നിരോധിച്ചിരിക്കുകയാണെന്നും കൂടുതൽ അപകടമുണ്ടാവും മുൻപ് അടിയന്തരമായി പുനർനിർമ്മിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ (റോഡ്സ്) സർക്കാരിന് ശുപാർശ നൽകി. വേലിയേറ്റം തടയാനുള്ള സംരക്ഷണഭിത്തി, ചെറിയ കലുങ്ക് സഹിതം 275മീറ്റർ റോഡ് നാലുവരിയിൽ പുതുക്കിപ്പണിയാൻ 4.29കോടിയുടെ പദ്ധതിയും സമർപ്പിച്ചു. ഇതിനാണ് സർക്കാർ ഭരണാനുമതി നൽകിയത്.

ശക്തമായ കടലാക്രമണവും വേലിയേറ്റവും പ്രതിരോധിക്കുന്ന തരത്തിലാവണം റോഡ് പുനർനിർമ്മിക്കേണ്ടതെന്ന് പൊതുമരാമത്ത് വകുപ്പ് നിലപാടെടുത്തു. ബീച്ചിൽ ഡ്രെഡ്ജിംഗ് നടത്തി ഷീ​റ്റ് പൈലുകൾ സ്ഥാപിച്ചു ഗാബിയോൺ മതിൽ നിർമ്മിച്ചാലേ കടലാക്രമണത്തെ ചെറുക്കാനാവൂ എന്ന് ജലവിഭവ വകുപ്പ് വിലയിരുത്തി. ഏതാനും വർഷം മുൻപ് റോഡ് കടലാക്രമണത്തിൽ തകർന്നപ്പോൾ ഗാബിയോൺ മതിൽ മാത്രം ഉപയോഗിച്ചാണ് പുനർനിർമ്മിച്ചത്. 400മീറ്റർ നീളത്തിൽ കടൽഭിത്തി കെട്ടിയ ശേഷമേ റോഡ് പുനർനിർമ്മിക്കാവൂ എന്നാണ് ഇറിഗേഷൻ വകുപ്പ് നിർദ്ദേശിച്ചത്. കല്ലുകെട്ടി ഉരുക്കുവലയിടുന്ന ഗാബിയോൺ മതിൽ നിർമ്മിക്കാൻ 2.7കോടിക്കുള്ള എസ്റ്റിമേറ്റ് ആദ്യം തയ്യാറാക്കിയിരുന്നു. ഇതുമാത്രം പോരെന്നും ഷീറ്റ് പൈലിംഗ് നടത്തണമെന്നും ജലവിഭവ വകുപ്പ് നിർദ്ദേശിച്ചു. ഇതെല്ലാം കണക്കിലെടുത്തുള്ള പുനർനിർമ്മാണ പദ്ധതിയാണ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. റോഡിനോടു ചേർന്ന് 400 മീ​റ്റർ നീളത്തിലും ഏഴു മീ​റ്റർ പൊക്കത്തിലും സംരക്ഷണ ഭിത്തി പണിയും. ഇതിന്റെ അടിയിലും സമീപത്തുമായി കരിങ്കൽ നിറച്ച ബാഗുകൾ നിക്ഷേപിക്കും. കോൺക്രീ​റ്റ് ബ്‌ളോക്കുകളും നിരത്തും. കല്ലും ചരലും ഉപയോഗിച്ച് ഇത്തരത്തിൽ അടിത്തറ പണിയുന്നതു മണ്ണൊലിപ്പു തടയാൻ സഹായിക്കും. കടലാക്രമണത്തെ ഫലപ്രദമായി ചെറുക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.

വിമാനത്താവളത്തിന്റെ സാമീപ്യവും ഭാവിയിൽ രൂക്ഷമായ കടലാക്രമണമുണ്ടാകാനുള്ള സാദ്ധ്യതയും പരിഗണിച്ച് പൊതുമരാമത്ത് വകുപ്പ് റോഡിന്റെ പുനർനിർമ്മാണ ചുമതല ഏറ്റെടുത്തു. തിരുവനന്തപുരം സിറ്റി റോഡുകളുടെ പരിപാലനത്തിനുള്ള ടി.ആർ.ഡി.സി.എല്ലിനെ റോഡ് ഫണ്ട് ബോർഡ് എക്സിക്യുട്ടീവ് ഓഫീസർ ഇക്കാര്യമറിയിച്ചു. പുനർനിർമ്മാണം പൊതുമരാമത്ത് വകുപ്പ് നടത്തുമെങ്കിലും മേൽനോട്ടം ടി.ആർ.ഡി.സി.എല്ലിനായിരിക്കും. മേൽനോട്ടം നടത്തുന്നതിനുള്ള പണം അവർക്ക് നൽകും.

പരിഹാരം പുലിമുട്ട്

വിനോദസഞ്ചാര കേന്ദ്രമായ ശംഖുംമുഖം കടൽ വിഴുങ്ങാതിരിക്കാനുള്ള ഏക പരിഹാരം ചെറിയ പുലിമുട്ടുകൾ നിർമ്മിക്കുകയാണെന്ന് വിദഗ്ദ്ധർ പറയുന്നു. വലിയതുറ, പൂന്തുറ, ബീമാപള്ളി എന്നിവിടങ്ങളിൽ കടൽഭിത്തി നിർമ്മാണത്തിന് 95ലക്ഷം അനുവദിച്ചെങ്കിലും തുടർനടപടികളായില്ല. പാറയുടെ ലഭ്യതയും തടസമാണ്. ഇതുകാരണം കരാറുകാരെ കിട്ടാനുമില്ല. ശംഖുംമുഖം ബീച്ചിനടുത്തുണ്ടായിരുന്ന കടൽഭിത്തി തകർന്നത് നിർമ്മാണത്തിലെ അശാസ്ത്രീയത കാരണമാണെന്ന് പരാതിയുണ്ട്.