തിരുവനന്തപുരം: കൊടും വേനലിൽ കുടിവെള്ളം കിട്ടാതെ ദുരിതത്തിലായ നഗരവാസികളുടെ ദാഹമകറ്റാൻ അരുവിക്കരയിലെ അധിക ജലം എത്തിച്ചിട്ടും നഗരത്തിൽ കുടിവെള്ളം ക്ഷാമം പരിഹരിക്കാനാകുന്നില്ലെന്ന് പരാതി. നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം തുടരുന്നു.
നന്ദൻകോട്, കവടിയാർ, ശാസ്തമംഗലം ഭാഗങ്ങളിലുള്ള ജവഹർ നഗർ, ബെൽഹാവെൻ ഗാർഡൻസ്, ഭഗവതി നഗർ, പൈപ്പിൻമൂട് ഭാഗങ്ങളിലാണ് കൂടുതൽ ജലക്ഷാമം അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷമായി ഈ ദുരിതത്തിലാണ് കഴിയുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാതെ തിരഞ്ഞെടുപ്പിൽ വോട്ട് നൽകില്ലെന്ന് ജവഹർ നഗർ വെൽഫെയർ അസോസിയേഷൻ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. ഏകദേശം മുന്നൂറോളം കുടുംബങ്ങളാണ് ഈ റസിഡന്റ്സിൽ താമസിക്കുന്നത്.
വേനൽ കടുത്തതോടെ നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് രണ്ടാഴ്ച മുമ്പ് വാട്ടർ അതോറിട്ടി അരുവിക്കരയിൽ അധിക ജലം ഉത്പാദിപ്പിക്കാൻ തീരുമാനിച്ചത്. അരുവിക്കരയിൽ നിന്നുള്ള ഉത്പാദനം കൂട്ടാൻ ജലവിഭവ വകുപ്പ് അഡിഷണൽ സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത നിർദേശം നൽകിയതിനെത്തുടർന്നാണ് 86, 74 എം.എൽ.ഡി ജലശുദ്ധീകരണ ശാലകളിൽ ഉത്പാദനം കൂട്ടാനുള്ള നടപടികൾ സ്വീകരിച്ചത്.
2017ലെ വരൾച്ചാസമയത്ത് കാപ്പുകാടു നിന്ന് അരുവിക്കരയിലേക്ക് വെള്ളമെത്തിക്കാൻ ഉപയോഗിച്ച കൂറ്റൻ പമ്പ് അരുവിക്കരയിലെത്തിച്ച് കരമനയാറ്റിൽനിന്ന് 86, 74 എം.എൽ.ഡി ജലശുദ്ധീകരണ ശാലകളിലേക്ക് ജലമെടുക്കുന്ന സ്ഥലത്ത് സ്ഥാപിച്ചു. 600 മീറ്റർ നീളത്തിൽ 300 എം.എം പൈപ്പും പ്രദേശത്ത് 50 മീറ്റർ എം.എസ് പൈപ്പും സ്ഥാപിച്ചാണ് വെള്ളം ജലശുദ്ധീകരണ ശാലയിലെത്തിച്ചത്. ശുദ്ധീകരിച്ച ജലം, സബ്മേഴ്സിബിൾ പമ്പുകൾ ഉപയോഗിച്ച് 40 മീറ്ററോളം ഉയരമുള്ള ബ്രേക്ക് പ്രഷർ ടാങ്കിലെത്തിച്ചാണ് വിതരണം നടത്തിയത്. വെള്ളയമ്പലം 36 എം.എൽ.ഡി ഫിൽട്ടർ ഹൗസ് പ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്ന ബൂസ്റ്റർ പമ്പ് ഹൗസിൽ 30 ലക്ഷം ലിറ്റർ അധിക ജലം പമ്പ് ചെയ്യത്തക്കവിധം പുതിയ സ്റ്റാർട്ടർ ഘടിപ്പിച്ചതിലൂടെ വെള്ളയമ്പലം ഫിൽറ്റർ ഹൗസിൽ നിന്നുള്ള ഉത്പാദനവും കൂട്ടി. വെള്ളത്തിലെ മഞ്ഞനിറം ഒഴിവാക്കാനായി എ.ഡി.ബി സംഘത്തിന്റെ നിർദ്ദേശപ്രകാരം ശുദ്ധീകരണപ്രക്രിയയിൽ ക്രമീകരണങ്ങൾ വരുത്തി ഇരുമ്പിന്റെ അംശം ഗണ്യമായി കുറച്ചു. എന്നാൽ പ്രശ്നം പരിഹരിക്കാതെ തന്നെ ഇപ്പോഴും തുടരുന്നതായി നഗരവാസികൾ പറയുന്നു.
പതിനഞ്ച് ദിവസത്തിനുള്ളിൽ പരിഹാരമെന്ന് വാട്ടർ അതോറിട്ടി100 ലക്ഷം ലിറ്റർ ശുദ്ധജലം അരുവിക്കരയിൽ നിന്ന് അധികമെത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നു. നിലവിൽ അൻപത് 50 ലക്ഷം ലിറ്റർ പ്രതിദിനം എത്തിക്കുന്നുണ്ട്. ഫിൽട്ടർ ബഡ്ഡിൽ നിന്നു വരുന്ന അവശിഷ്ടജലം റീസൈക്കിൾ ചെയ്യുന്ന ജോലികളും നടക്കുകയാണ്. ജീവനക്കാർ രാപകൽ ഇല്ലാതെ ജോലി ചെയ്ത് പതിനഞ്ച് ദിവസത്തിനുള്ളിൽ എല്ലാ പണികളും പൂർത്തിയാകുമ്പോൾ വീണ്ടും പ്രതിദിനം 50 ലക്ഷം ലിറ്റർ കൂടി വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ നഗരത്തിലെ ചില ഉയർന്ന പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ജലക്ഷാമത്തിന് പരിഹാരമാകുമെന്നും വാട്ടർ അതോറിട്ടി അധികൃതർ ഉറപ്പ് നൽകുന്നു.
പതിനഞ്ച് ദിവസത്തിനുള്ളിൽ പരിഹാരമെന്ന് വാട്ടർ അതോറിട്ടി
100 ലക്ഷം ലിറ്റർ ശുദ്ധജലം അരുവിക്കരയിൽ നിന്ന് അധികമെത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നു. നിലവിൽ അൻപത് 50 ലക്ഷം ലിറ്റർ പ്രതിദിനം എത്തിക്കുന്നുണ്ട്. ഫിൽട്ടർ ബഡ്ഡിൽ നിന്നു വരുന്ന അവശിഷ്ടജലം റീസൈക്കിൾ ചെയ്യുന്ന ജോലികളും നടക്കുകയാണ്. ജീവനക്കാർ രാപകൽ ഇല്ലാതെ ജോലി ചെയ്ത് പതിനഞ്ച് ദിവസത്തിനുള്ളിൽ എല്ലാ പണികളും പൂർത്തിയാകുമ്പോൾ വീണ്ടും പ്രതിദിനം 50 ലക്ഷം ലിറ്റർ കൂടി വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ നഗരത്തിലെ ചില ഉയർന്ന പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ജലക്ഷാമത്തിന് പരിഹാരമാകുമെന്നും വാട്ടർ അതോറിട്ടി അധികൃതർ ഉറപ്പ് നൽകുന്നു.