ബാലരാമപുരം: വിഴിഞ്ഞം- ബാലരാമപുരം റോഡിലെ വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയും അപകടങ്ങൾ വർദ്ധിപ്പിക്കുകയാണ്. ബി.എം.ആൻഡ്.ബി.സി പദ്ധതിയിൽ മുക്കോല മുതൽ ബാലരാമപുരം വരെ ദീർഘകാലസുരക്ഷിതത്വം ഉറപ്പ് വരുത്തി മികച്ച രീതിയിലാണ് റോഡിന്റെ ടാറിംഗ് പൂർത്തിയാക്കിയത്. റോഡ് നവീകരിച്ച് മികവാർന്നതിനുശേഷമാണ് അപകടങ്ങൾ ഇവിടെ നിത്യസംഭവമാകുന്നത്. കരമന-കളിയിക്കാവിള ദേശീയപാതയിൽ പ്രാവച്ചമ്പലം –കരമന ഭാഗങ്ങളിലും സമാനരീതിയിൽ ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് നടക്കുന്നത്. ബാലരാമപുരം-വിഴിഞ്ഞം റോഡിൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനും മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കുന്നവരെ പിടികൂടാനും സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഴിഞ്ഞം റോഡിൽ ഐത്തിയൂർ, പാതിരിയോട്, നെല്ലിവിള, പനയറക്കുന്ന്, കോട്ടുകാൽക്കോണം, മംഗലത്തുകോണം, പാലച്ചൽക്കോണം, കട്ടച്ചൽക്കുഴി എന്നീ ബൈ റോഡുകളിൽ നിന്നും പ്രധാന റോഡിലേക്ക് ഇരുചക്രവാഹനമുൾപ്പെടെ കടന്നുവരുമ്പോഴും അശ്രദ്ധമൂലം അപകടം പതിവാകുകയാണ്. മംഗലത്തുകോണം കാട്ടുനടക്ഷേത്രത്തിലെ തൂക്കമഹോത്സവത്തോടനുബന്ധിച്ച് 13,14 തീയതികളിൽ ബാലരാമപുരം പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗതപരിഷ്ക്കാരം നടപ്പാക്കുന്നുണ്ടെങ്കിലും നടപടി താത്ക്കാലികമാണ്. തൂക്ക മഹോത്സവദിനമായ 14 ന് ബാലരാമപുരം –വിഴിഞ്ഞം റോഡിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ വാഹനമുൾപ്പടെ പിടികൂടി ലൈസൻസ് റദ്ദാക്കാനും ബാലരാമപുരം പൊലീസ് പദ്ധതിയിട്ടുണ്ട്.
രണ്ടാഴ്ച്ച മുമ്പ് മംഗലത്തുകോണം സെന്റ് അലോഷ്യസ് ചർച്ചിന് സമീപം കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് സംഭവിച്ചിരുന്നു. അമിതവേഗത്തിലെത്തിയ മാരുതി കാർ ഇനോവയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട കാർ സമീപത്തെ വീടിന്റെ ഗേറ്റ് കടന്ന് പാഞ്ഞ് അകത്തേക്ക് കയറി. ഇതിലെ ഡ്രൈവറെ നിസാര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. വീട്ടുകാർ വീട്ടിനകത്ത് ആയതിനാൽ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ ഇനോവ കാറിന്റെ ഗ്ലാസ്സുകൾ തകർന്നു. കഴിഞ്ഞ ഫെബ്രുവരി 18ന് മംഗലത്തുകോണം ചാവടിനട റോഡിൽ പള്ളിക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മതിലിലും പിന്നാലെ പോസ്റ്റിലുമിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചിരുന്നു. നെല്ലിവിള പുത്തൻവീട്ടിൽ മുരുകൻ- രാഖി ദമ്പതികളുടെ മകൻ അശ്വിൻ (19), മംഗലത്തുകോണം കീഴേതോട്ടം വിളയിൽതട്ട് വീട്ടിൽ സുദർശനൻ - ജയ ദമ്പതികളുടെ മകൻ സുജിൻ (21) എന്നിവരാണ് മരിച്ചത്. മരുതൂർക്കോണം പി.ടി.എം കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളായിരുന്നു ഇരുവരും. ഇവരുടെ വിയോഗം കുടുംബത്തിന് തീരാദു:ഖമാണ് ഉണ്ടാക്കിയത്.