padmanaabha-swami-temple

തിരുവനന്തപുരം: മീനത്തിലെ രോഹിണി നാളിൽ ആരംഭിച്ച് ചിത്തിര നക്ഷത്രത്തിൽ സമാപിക്കുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന ആഘോഷമായ പൈങ്കുനി ഉത്സവത്തിന് കൊടിയേറി. ഇനി ഒമ്പതുനാൾ ശ്രീപദ്മനാഭന്റെ മണ്ണ് ഉത്സവപ്പെരുമയിൽ. തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിലാണ് കൊടിയേറ്റിയത്.

രാവിലെ ശ്രീകോവിലിനുള്ളിലെ ആവാഹനം കഴിഞ്ഞ് തന്ത്രിക്ക് പിന്നാലെ പെരിയനമ്പി എടപ്പാടി രാധാകൃഷ്ണൻ രവിപ്രസാദ്, പഞ്ചഗവ്യത്തു നമ്പി മാക്കരക്കോട് വിഷ്‌ണു എന്നിവർ കൊടിക്കൂറയും കൊടിക്കയറും കൊടിമരച്ചുവട്ടിൽ എഴുന്നള്ളിച്ചു. പുണ്യാഹവും നാന്ദീമുഖം ദക്ഷിണയും കഴിഞ്ഞ് തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടന്നു. തുടർന്ന് തിരുവമ്പാടിയിലും കൊടിയേറ്റി. അന്തരീക്ഷം വാദ്യമേളവും വിഷ്‌ണുസഹസ്രനാമവും കൊണ്ട് മുഖരിതമായി. മദ്ധ്യത്തിൽ ഗരുഡരൂപം ആലേഖനം ചെയ്‌ത കൊടിക്കൂറകളാണ് ഉയർത്തിയത്. കൊടിയേറ്റാനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് നേരത്തെ എത്തിച്ചിരുന്നു. കൊടിയേറ്റിന് ശേഷം ക്ഷേത്രം ഭരണസമിതി ചെയർമാൻ കെ. ബാബു വാര്യമുറക്കാർക്കും ക്ഷേത്രകാര്യക്കാർക്കും ദക്ഷിണ നൽകി. എട്ടരയോഗം പോറ്റിമാരായ നെയ്‌തശ്ശേരി മഠം മനോജ്, വഞ്ചിയൂർ അത്തിയറമഠം കൃഷ്ണരു, കൂവക്കരമഠം സഞ്ജയ് കുമാർ, ശ്രീകാര്യമഠം പോറ്റി എന്നിവർ കാർമ്മികരായി. രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമ, ഉദ്യോഗസ്ഥരായ ബി. ശ്രീകുമാർ, നാരായണ അയ്യർ എന്നിവർ കൊടിയേറ്റ് ചടങ്ങിന് നേതൃത്വം നൽകി. ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്നലെ സിംഹാസന വാഹനത്തിൽ ശീവേലിയും നാടകശാല മുഖപ്പിൽ കഥകളിയും നടന്നു.

15ന് വിഷുക്കണി, വേലകളി 17ന്

15ന് രാവിലെ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം നടക്കും. 17ന് രാത്രി 8.30ന് വലിയകാണിക്ക. എട്ടാം ഉത്സവദിവസമായ 17ന് വൈകിട്ട് അഞ്ചിന് അമ്പലപ്പുഴക്കാരുടെ ആചാരപ്രകാരമുള്ള വേലകളി കിഴക്കേനടയിൽ അരങ്ങേറും. രാത്രി 8.30ന് ഉത്സവ ശീവേലിയിൽ വലിയ കാണിക്ക ഉണ്ടായിരിക്കും. 18ന് രാത്രി സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിൽ പള്ളിവേട്ട നടക്കും. 19ന് വൈകിട്ട് ശംഖുംമുഖത്തേക്ക് ആറാട്ട് എഴുന്നള്ളത്ത് നടക്കും. ആറാട്ടിനുശേഷം രാത്രി ഉത്സവത്തിന് കൊടിയിറങ്ങും.

കലാപരിപാടികൾ


ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും നാടകശാല മുഖപ്പിൽ രാത്രി 10ന് കഥകളി അരങ്ങേറും. തുലാഭരണമണ്ഡപം, നൃത്തമണ്ഡപം എന്നിവിടങ്ങളിൽ സംഗീതക്കച്ചേരിയും ക്ഷേത്രകലകളും അരങ്ങേറും. ഉത്സവാചാരങ്ങളുടെ ഭാഗമായി പഞ്ചപാണ്ഡവരുടെ വലിയ രൂപങ്ങൾ നിർമ്മിച്ച് ക്ഷേത്ര പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ആറാട്ടോടെ ഇവ അഴിച്ചുമാറ്റും.

ദർശന സമയത്തിൽ മാറ്റം

ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിലെ ദർശനസമയത്തിൽ മാറ്റമുണ്ടായിരിക്കും. രാവിലെ 3.30 മുതൽ 4.45 വരെയും 6.30 മുതൽ ഏഴുവരെയും 8.30 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 6 വരെയുമാണ് ദർശന സമയം. രാവിലെ 9 മുതൽ 11 വരെ കലശപൂജയ്ക്ക് ദർശനം അനുവദിക്കും. ആറാട്ട് ദിവസമായ 19ന് രാവിലെ 8.30 മുതൽ 10 വരെ മാത്രമാണ് ദർശനം.