mngovindan-nair

തിരുവനന്തപുരം:തിരുവനന്തപുരം ലോക്‌സഭാമണ്ഡലം ഓരോ തിരഞ്ഞെടുപ്പിലും എന്തെങ്കിലുമൊരു അദ്ഭുതം പുറത്തെടുക്കും. പുഷ്‌പം പോലെ ജയിച്ചുകയറുമെന്ന് കരുതിയ ശശിതരൂർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാലിനു മുന്നിൽ വിയർത്തുകുളിച്ചത് കണ്ടതാണ്. കമ്യൂണിസ്റ്റ് നേതാക്കളായ കെ.വി.സുരേന്ദ്രനാഥും പി.കെ.വാസുദേവൻ നായരും കോൺഗ്രസിലെ ലീഡർ കെ.കരുണാകരനും വിജയിച്ച മണ്ഡലം. കമ്മ്യൂണിസ്റ്റായ ഒ.എൻ.വി കുറുപ്പും കണിയാപുരം രാമചന്ദ്രനും എം.എൻ.ഗോവിന്ദൻനായരും തോൽവിയറിഞ്ഞതും ഇവിടെത്തന്നെ.

അപ്രതീക്ഷിതമായ ഒരു അട്ടിമറി നടന്ന തിരഞ്ഞെടുപ്പായിരുന്നു 1980-ലേത്. ആറ്റിങ്ങലിൽ വയലാർ രവിയും കൊല്ലത്ത് എൻ. ശ്രീകണ്ഠൻനായരും അടക്കം കേരളത്തിലെ പല പ്രമുഖരും തോൽവിയറിഞ്ഞതാണ് ആ തിരഞ്ഞെടുപ്പിലെ പ്രത്യേകത. പക്ഷേ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട മത്സരം തിരുവനന്തപുരം മണ്ഡലത്തിലായിരുന്നു. ഇടതു സ്ഥാനാർത്ഥി എം.എൻ.ഗോവിന്ദൻ നായർ. ഇ.എം.എസിന്റെ നേതൃത്വത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ അധികാരത്തിൽ വരുമ്പോൾ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു എം.എൻ. 'കേരള സ്റ്റാലിൻ' എന്നറിയപ്പെട്ടിരുന്ന എം.എൻ, സി.അച്യുതമേനോൻ മന്ത്രിസഭയിൽ ഭവനനിർമാണ മന്ത്രിയായിരിക്കെ ലക്ഷം വീട് പാർപ്പിടപദ്ധതി നടപ്പാക്കി ശ്രദ്ധേയനായ നേതാവു കൂടിയാണ്.

1977-ലെ തിരഞ്ഞെടുപ്പിൽ ദളിലെ പി.വിശ്വംഭരനെ വീഴ്‌ത്തിയ ചരിത്രവും എമ്മെനുണ്ട്. ഇത്രയും കരുത്തനായ നേതാവിനോട് പൊരുതാൻ കോൺഗ്രസ് കണ്ടെത്തിയ സ്ഥാനാർത്ഥിയുടെ പേരു കേട്ടപ്പോൾ പലരും നെറ്റിചുളിച്ചു. 32-കാരനായ എ.നീലലോഹിതദാസൻ നാടാർ. ചെറുപ്പത്തിൽ കോൺഗ്രസുകാരനായിരുന്നു. പിന്നീട് ജനാധിപത്യ കോൺഗ്രസിലെത്തി. ആ പാ‌ർട്ടി ജനതാപാർട്ടിയിൽ ലയിച്ചപ്പോൾ നീലനും അവിടെയെത്തി. സി.എച്ച്.മുഹമ്മദ് കോയയുടെ ഗവൺമെന്റ് വന്നപ്പോൾ നീലൻ മന്ത്രിയുമായി.

എന്നാൽ, 1980 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിലാണ് അദ്ദേഹം ലോക്‌സഭയിലേക്കു മത്സരിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി ശക്തമായ നിലപാടെടുത്തിരുന്ന നീലന്റെ പേര് തിരുവനന്തപുരം മണ്ഡലത്തിലേക്ക് നിർദ്ദേശിച്ചത് എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായിരുന്ന കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയും സി.എച്ച് മുഹമ്മദ് കോയയും. സി.എച്ച്. മന്ത്രിസഭയിൽ പങ്കുണ്ടായിരുന്ന എൻ.ഡി.പിയുടെ ചെയർമാൻ കൂടിയായിരുന്നു കിടങ്ങൂർ.

കോൺഗ്രസ് പക്ഷത്തെക്കാൾ വളരെ ശക്തമായിരുന്നു അന്ന് ഇടതുമുന്നണി. കാരണം സി.പി.എം,​ സി.പി.ഐ, ആർ.എസ്.പി കക്ഷികൾക്കു പുറമെ കോൺഗ്രസിലെ ആന്റണി വിഭാഗവും കേരള കോൺഗ്രസും ഒപ്പമുണ്ട്. മുന്നണി സംവിധാനത്തിലെ കെട്ടുറപ്പും എമ്മെന്റെ തലയെടുപ്പും കൂടിയാവുമ്പോൾ നീലൻ എട്ടുനിലയിൽ പൊട്ടുമെന്ന് രാഷ്ട്രീയ ജ്യോത്സ്യന്മാർ പ്രവചിച്ചു. ആവേശകരമായ പ്രചാരണമാണ് ഇരുപക്ഷവും നടത്തിയത്. പക്ഷെ ഫലം വന്നപ്പോൾ കേരളം സ്‌തബ്‌ധമായി. എമ്മെന്റെ പ്രതാപം കടപുഴകി, നീലൻ ജയിച്ചു. ഭൂരിപക്ഷം 1,07057. അന്നത്തെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്ന്.

പിന്നാക്ക വിഭാഗങ്ങൾ

തുണച്ചു: നീലൻ

പിന്നാക്കവിഭാഗത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയാവുന്നതിനാലാണ് സി.എച്ച് മന്ത്രിസഭയെ താൻ പിന്തുണച്ചത്. പിന്നാക്ക വിഭാഗങ്ങളോടുള്ള എന്റെ സമീപനത്തിന് ജനങ്ങൾ നൽകിയ പിന്തുണയാണ് വിജയത്തിനും വൻഭൂരിപക്ഷത്തിനും വഴിയൊരുക്കിയത്.