തിരുവനന്തപുരം: എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എ.ജിയിൽ നിന്ന് നിയമോപദേശം തേടിയശേഷം തുടർ നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ പങ്കെടുത്ത കെ.എസ്.ആർ.ടി.സി എം.ഡി എം.പി. ദിനേശിനെ മന്ത്രി ചുമതലപ്പെടുത്തി. സർക്കാരാണോ കെ.എസ്.ആർ.ടി.സിയാണോ അപ്പീൽ നൽകുകയെന്ന കാര്യം എ.ജിയുമായി ചർച്ചചെയ്ത ശേഷമാകും തീരുമാനിക്കുക.
വിധി നടപ്പാക്കിയാൽ ആയിരത്തോളം സർവീസുകൾ മുടങ്ങിയേക്കുമെന്നും മന്ത്രി പറഞ്ഞു.
കൂട്ട അവധിയ്ക്കൊരുങ്ങി ഡ്രൈവർമാർ
ഹൈക്കോടതി വിധിയെ തുടർന്ന് എംപാനൽ ഡ്രൈവർമാർ കൂട്ട അവധിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നു. ജോലി നഷ്ടപ്പെടുമെന്ന മാനസിക സംഘർഷമുള്ളതിനാൽ ബസോടിക്കുമ്പോൾ യാത്രക്കാരുടെ ജീവൻ അപകടത്തിലാകാൻ സാദ്ധ്യതയുള്ളതിനാലാണ് അവധിയിൽ പ്രവേശിക്കുന്നതെന്നാണ് ഡ്രൈവർമാർ പറയുന്നത്. ഇക്കാര്യം രേഖാമൂലം എംപാനൽ ഡ്രൈവർമാർ കോർപറേഷനെ അറിയിച്ചു. അതേസമയം സ്വാഭാവികമായ അവധികളല്ലാതെ വിധിയുമായി ബന്ധപ്പെട്ട് ആരും അവധിയിൽ പോയിട്ടില്ലെന്നും പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.