തിരുവനന്തപുരം: ജില്ലയിലെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന കഴക്കൂട്ടം-മുക്കോല നാലുവരി ബൈപാസ് നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. ഈ വർഷം പകുതിയോടെ പണി പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ ജോലികൾ മുന്നോട്ടു നീങ്ങുന്നത്.
ആകെ 43 കിലോമീറ്റർ ദൈർഘ്യത്തിൽ സർവീസ് റോഡ് അടക്കം 45 മീറ്റർ വീതിയിലാണ് നിർമ്മാണം. സർവീസ് റോഡ് 90 ശതമാനവും പൂർത്തിയായി. കഴക്കൂട്ടം മുതൽ കുഴിവിള വരെയുള്ള റോഡ്, ഇൻഫോസിസിന്റെ മുന്നിലുള്ള പാലം, ആനയറ മേൽപ്പാലം, ആക്കുളം പാലം എന്നിവയുടെ നിർമ്മാണവും പൂർത്തിയായി. ചാക്ക റെയിൽവേ മേൽപ്പാല നിർമ്മാണത്തിന്റെയും ഇവിടെ നിന്നും ഈഞ്ചക്കൽ വരെ നീളുന്ന മേൽപ്പാതയുടെ നിർമ്മാണവും, തിരുവല്ലം പാലത്തിന്റെ രണ്ടാംഘട്ട നിർമ്മാണവുമാണ് കഴക്കൂട്ടം-മുക്കോല പാതയിൽ ഇപ്പോൾ പ്രധാനമായി പുരോഗമിക്കുന്നത്. ഇവയുടെ പണി 95 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. ഗതാഗത തടസങ്ങളില്ലാതെയാണ് ഇപ്പോൾ നടക്കുന്ന നിർമ്മാണങ്ങളെല്ലാം പുരോഗമിക്കുന്നത്.
കഴക്കൂട്ടം മേൽപ്പാല നിർമ്മാണം ഈയാഴ്ച മുതൽ
അധികം ഗതാഗതക്കുരുക്ക് ഇല്ലാതെ നടന്നുവന്ന ബൈപാസ് നിർമ്മാണം ഈയാഴ്ച കഴക്കൂട്ടം മേൽപ്പാല നിർമ്മാണം തുടങ്ങുന്നതോടെ അവതാളത്തിലായേക്കും. ഇത് മുന്നിൽക്കണ്ട് കഴക്കൂട്ടം ബൈപാസിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കഴക്കൂട്ടം ബൈപാസ് ജംഗ്ഷൻ മുതൽ കുളത്തൂർ മുക്കോലയ്ക്കൽ വരെയാണ് ഗതാഗത നിയന്ത്രണം. പാലം പണി പൂർത്തിയാകുന്നതു വരെ സർവീസ് റോഡ് വഴി മാത്രമായിരിക്കും ഗതാഗതം.
ആദ്യഘട്ടം ടെക്‌നോപാർക്ക് മുതൽ കഴക്കൂട്ടം ജംഗ്ഷൻ വരെയുള്ള ഒന്നര കിലോമീറ്റർ ഭാഗത്താണ് മേൽപാല നിർമാണത്തിനുള്ള കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുക. തൂണുകൾ സ്ഥാപിക്കുന്ന നാലുവരി ബൈപാസ് റോഡ് താത്കാലികമായി അടയ്ക്കും. ഇരുവശത്തും നിർമിച്ചിട്ടുള്ള സർവീസ് റോഡുകൾ വഴിയാണ് ഗതാഗതം തിരിച്ചുവിടുന്നത്.
ഗതാഗത ക്രമീകരണം ഇങ്ങനെ:
കഴക്കൂട്ടത്തുനിന്നും ആക്കുളം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ സർവീസ് റോഡിന്റെ ഇടത്തുവശത്തു കൂടി പോകണം
ബൈപാസിൽ നിന്നു കഴക്കൂട്ടത്തേക്കു വരുന്ന വാഹനങ്ങൾ വലതുവശത്തെ സർവീസ് റോഡു വഴി
ചാക്കയിൽ നിന്ന് കഴക്കൂട്ടത്തേക്കു വരുന്ന വാഹനങ്ങൾ മുക്കോലയ്ക്കൽ എത്തി കുളത്തൂർ റോഡു വഴി തിരിഞ്ഞ് മൺവിള ശ്രീകാര്യം വഴി ദേശീയപാതയിൽ പ്രവേശിക്കാം
ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിൽ എത്തേണ്ട വാഹനങ്ങൾ സർവീസ് റോഡ് വഴി വന്ന് ടെക്‌നോപാർക്കിനു മുന്നിൽ നിർമ്മിക്കുന്ന താത്കാലിക പാത വഴി പാർക്കിലേക്കു കടക്കാം.