mallankani

വിതുര: പൊന്മുടി വനാന്തരത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. കല്ലാർ മൊട്ടമൂട് തടത്തരികത്ത് വിജയാഭവനിൽ ഭഗവാൻ കാണിയുടെ മകൻ മല്ലൻകാണിയാണ് (64) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് മല്ലൻകാണി വനത്തിനുള്ളിലേക്ക് പോയത്. സാധാരണ അന്നേദിവസം വൈകിട്ടോടെ എത്തേണ്ടതാണ്. പിറ്റേന്നും മടങ്ങിവരാത്തതോടെ ചൊവ്വാഴ്ച മുഴുവൻ കല്ലാർ, പൊന്മുടി വനമേഖലയിൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ വീണ്ടും നടത്തിയ തെരച്ചിലിലാണ് വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ഗോൾഡൻവാലി രണ്ടാം വളവിന് സമീപം കോലങ്കര വനത്തിനുള്ളിൽ

മൃതദേഹം കണ്ടെത്തിയത്. തല തകർന്ന നിലയിലായിരുന്നു. മല്ലൻകാണിയെ ആന നിലത്തടിച്ചാണ് കൊന്നതെന്ന് വനപാലകർ അറിയിച്ചു. മൃതദേഹം കിടന്ന സ്ഥലത്ത് ആനയുടെ കാൽപ്പാടുകളും കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുള്ളതായി പൊൻമുടി എസ്.ഐ പി.ടി.സജു പറഞ്ഞു.

മല്ലൻകാണിയെ മുമ്പും കാട്ടാന ആക്രമിച്ചിട്ടുണ്ട്. അന്ന് നെറ്റിയിൽ പരിക്കേറ്റ മല്ലൻകാണി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മേഖലയിൽ രണ്ടാഴ്ചയായി ആനശല്യം രൂക്ഷമാണ്. കുട്ടിയാനയടക്കം ആനക്കൂട്ടം ഈ മേഖലയിൽ എത്താറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ചെല്ലമ്മയാണ് ഭാര്യ. മക്കൾ: വിജയകുമാർ,​ രാമൻകാണി. മരുമക്കൾ: അമ്പിളി (ജില്ലാ സഹകരണ ബാങ്ക്,​ വിതുര)​,​ ആതിര.