minister-e-chandrasekhara

തിരുവനന്തപുരം: ഭവന നിർമ്മാണ ബോർഡും വകുപ്പും ഇല്ലാതാക്കാനുള്ള ഉദ്യോഗസ്ഥതല നീക്കം റവന്യൂ മന്ത്രിയുടെ കടുത്ത എതിർപ്പിനെത്തുടർന്ന് പൊളിഞ്ഞു. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉന്നയിച്ച വിമർശനം പരിഗണിച്ച മുഖ്യമന്ത്രി ഭവനനിർമ്മാണ ബോർഡിനെ പുതിയ ചില ചുമതലകൾ ഏൽപ്പിക്കാൻ ഉദ്ദേശിക്കുന്നതായും വ്യക്തമാക്കി.

ഭവന നിർമ്മാണ ബോർഡും വകുപ്പും നിറുത്തലാക്കാൻ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സെക്രട്ടറിതല സമിതി ശുപാർശ ചെയ്തിരുന്നു. ഇതിനെ നിശിതമായി വിമർശിച്ച മന്ത്രി ഇ.ചന്ദ്രശേഖരൻ,​ വകുപ്പുകൾ നിറുത്തലാക്കാനുള്ള നയതീരുമാനം എടുക്കാൻ ഉദ്യോഗസ്ഥർക്ക് ആരാണ് നിർദ്ദേശം നൽകിയതെന്ന് ചീഫ് സെക്രട്ടറിയോട് ചോദിച്ചു. അതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. നിയമസഭയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു വകുപ്പ് നിറുത്തണമെങ്കിൽ ഇടതുമുന്നണിയുടെയും സർക്കാരിന്റെയും നയതീരുമാനം വേണമെന്നും ഉദ്യോഗസ്ഥ തലത്തിലല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മാർച്ച് 29 ന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിമാരുടെ യോഗത്തിലാണ്, ഭവന നിർമ്മാണ ബോർഡിന്റെയും വകുപ്പിന്റെയും പ്രസക്തി നഷ്ടമായതിനാൽ അത് നിറുത്തലാക്കാൻ നിർദ്ദേശിച്ചത്. വിഷയത്തിൽ തുടർനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ യോഗത്തിന്റെ മിനിട്സ് കിട്ടിയപ്പോഴാണ് വകുപ്പുമന്ത്രി ചന്ദ്രശേഖരൻ ഇക്കാര്യം അറിഞ്ഞത്.

ഇടതു മുന്നണിയും സർക്കാരും ചർച്ചചെയ്തശേഷം മാത്രമാണ് ഇത്തരം കാര്യങ്ങൾ നടപ്പാക്കാറുള്ളതെന്ന് ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പു പെരുമാറ്റചട്ടം മന്ത്രിമാർക്ക് മാത്രമല്ല, ഉദ്യോഗസ്ഥർക്കും ബാധകമാണെന്നു തിരഞ്ഞെടുപ്പ് സമയത്ത് ഈ ശുപാർശയുടെ അർത്ഥമെന്താണെന്നും ചീഫ് സെക്രട്ടറിയോട് അദ്ദേഹം ചോദിച്ചു. ടോംജോസ് ഇതിന് മറുപടി പറയാൻ ശ്രമിച്ചപ്പോഴാണ് മുഖ്യമന്ത്രി കാര്യങ്ങൾ വിശദമാക്കിയത്. ഭവന നിർമ്മാണ ചുമതലയുള്ള ലൈഫ് മിഷൻ താത്കാലിക സംവിധാനമാണെന്നും തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഭവന നിർമ്മാണമാണ് ലൈഫ് മിഷൻ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

100 ഏക്കർ വ്യവസായ ഗ്രൂപ്പുകൾക്ക്

ഭവന നിർമ്മാണ വകുപ്പിന്റെ കൈവശമുള്ള 100 ഏക്കറോളം ഭൂമി വൻകിട വ്യവസായ ഗ്രൂപ്പുകൾക്ക് പാട്ടത്തിന് നൽകുന്നതിനു വേണ്ടിയാണ് ബോർഡും വകുപ്പും നിറുത്താൻ ശ്രമിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ഭവനനിർമ്മാണ ബോർഡിൽ 700 ലധികം ജീവനക്കാരും സെക്രട്ടേറിയറ്റിലെ ഭവന നിർമ്മാണ വകുപ്പിൽ 20 ലേറെ ജീവനക്കാരുമാണ് ഉള്ളത്. ഇവരെ വഴിയാധാരമാക്കുന്നതാണ് പുതിയ ശുപാർശയെന്നും മന്ത്രിസഭാ യോഗത്തിൽ ചന്ദ്രശേഖരൻ പറഞ്ഞു.