nirf

തിരുവനന്തപുരം: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന കേന്ദ്രസർക്കാരിന്റെ നാഷണൽ ഇൻസ്​റ്റി​റ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (എൻ.ഐ.ആർ.എഫ്) സംസ്ഥാനത്തെ സർവകലാശാലകൾക്കും കോളേജുകൾക്കും മികച്ച നേട്ടം. കേരള സർവകലാശാല 22, എം.ജി സർവകലാശാല 30, കാലിക്ക​റ്റ് സർവകലാശാല 64, കുസാ​റ്റ് 65 റാങ്കുകൾ നേടി. ആദ്യ നൂറിൽ കേരളത്തിലെ 18 കോളേജുകളുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സി​റ്റി കോളേജാണ് മുന്നിൽ- 23ാം റാങ്ക്. കഴിഞ്ഞ വർഷം 18ാം റാങ്കുണ്ടായിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളജ് 29ാം റാങ്ക്‌നേടി. കഴിഞ്ഞ വർഷം 36ാം റാങ്കായിരുന്നു.

എറണാകുളം രാജഗിരി കോളജ് ഒഫ്‌ സോഷ്യൽ സയൻസ് (35ാം റാങ്ക്), തിരുവനന്തപുരം ഗവ. വിമൻസ്‌കോളേജ് (47), തൃശൂർ സെന്റ്‌തോമസ് (54), എറണാകുളം സേക്രട്ട് ഹാർട്ട് (57), ചങ്ങനാശേരി എസ്.ബി (62), എറണാകുളം സെന്റ് തെരേസാസ് (64), തിരുവനന്തപുരം എം.ജി കോളജ് (68), തിരുവനന്തപുരം ഗവ. ആർട്‌സ്‌കോളജ് (69), ഫാറൂഖ്‌കോളജ് (71), തൊടുപുഴ ന്യൂമാൻ കോളേജ് (78), കൊല്ലം ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് (80),കോഴിക്കോട്‌ ദേവഗിരി സെന്റ്‌ ജോസഫ്‌സ് (82), കൊല്ലം ഫാത്തിമാ മാത (83), ഇരിങ്ങാലക്കുട ക്രൈസ്​റ്റ് (88), തിരുവല്ല മാർത്തോമാ (92), കൂത്തുപറമ്പ് നിർമലഗിരി (93) എന്നിവയാണ് ആദ്യ നൂറിലെത്തിയ മറ്റ് കോളേജുകൾ. മൊത്തം സ്ഥാപനങ്ങളുടെ റാങ്കിംഗിൽ കേരള സർവകലാശാല 35ഉം എം.ജി 49ഉം കാലിക്ക​റ്റ് 90ഉം കുസാ​റ്റ് 94 റാങ്കുകൾനേടി. ഈ വിഭാഗത്തിൽ മദ്റാസ്‌ ഐ.ഐ.ടി ഒന്നും ബംഗളുരു ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഒഫ് സയൻസ് രണ്ടും റാങ്കുകൾനേടി.

എൻജിനിയറിംഗ് സ്ഥാപനങ്ങളുടെ റാങ്കിംഗിൽ കോഴിക്കോട് എൻ.ഐ.ടിക്കാണ് കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനം. 28ാം റാങ്ക്. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിക്ക് 30ാം റാങ്കും തിരുവനന്തപുരം കോളജ് ഒഫ് എൻജിനിയറിംഗിന് 71ാം റാങ്കും ലഭിച്ചു. മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ കോഴിക്കോട്‌ ഐ.ഐ.എം എട്ടാം റാങ്ക്‌നേടി. ഫാർമസി സ്ഥാപനങ്ങളിൽ പെരിന്തൽമണ്ണ അൽഷിഫ കോളേജ് ഒഫ് ഫാർമസി 73ാം റാങ്ക്‌നേടി. ആർക്കിടെക്ചർ സ്ഥാപനങ്ങളിൽ കോഴിക്കോട് എൻ.ഐ.ടിക്ക് മൂന്നും തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിന് അഞ്ചും റാങ്കുകൾ ലഭിച്ചു.

കോളേജുകളുടെ റാങ്കിംഗിൽ ഒന്നാമതെത്തിയ യൂണിവേഴ്സിറ്റി കോളേജിൽ 22 വകുപ്പുകളും അതിൽ 17 വകുപ്പുകളിൽ ഗവേഷണ വിഭാഗവുമുണ്ട്. കോളേജിലെ 80ശതമാനം സ്ഥലവും ഭിന്നശേഷി സൗഹൃദമാണ്. മൂവായിരത്തിലേറെ കുട്ടികൾ പഠിക്കുന്നുണ്ട്.