പാലോട് : തിരഞ്ഞെടുപ്പ് ആരവങ്ങൾക്കിടയിലും ആദിവാസി ഊരുകളിലെ പരാതികൾക്ക് യാതോരു ശമനവും ഇല്ല. ആദിവാസികൾക്ക് ഭീഷണിയായി മാറിയ കാട്ടാന ശല്യം വോട്ടഭ്യർത്ഥിച്ചെത്തുന്ന സ്ഥാനാർത്ഥികൾക്കും പാർട്ടി നേതാക്കൾക്കും മുന്നിൽ ആവർത്തിച്ച് പറഞ്ഞിട്ടും പരിഹാരം അകലെയാണ്. വന്യജീവി ശല്യം തടയാൻ വനംവകുപ്പ് ആവിഷ്കരിച്ച നടപടികൾ ഇഴഞ്ഞുനീങ്ങുമ്പോൾ ആദിവാസികളുടെ വീടുകളും കൃഷിയിടങ്ങളും നാമാവശേഷമാക്കുകയാണ് കാട്ടാനക്കൂട്ടം. പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട്, വിതുര പഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളിലെ താമസക്കാർ ജീവഭയത്താലാണ് ഓരോ നിമിഷവും കഴിയുന്നത്. പേത്തലകരിക്കകം, ഞാറനീലി, ഇലവുപാലം, സെന്റ്മേരീസ് എന്നിവിടങ്ങളിൽ സന്ധ്യകഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാൻ പേടിയാണ് ഇവിടുത്തുകാർക്ക്. പേത്തലകരിക്കകം ജനവാസ മേഖലയിൽ രാത്രി ചിന്നം വിളിച്ചെത്തിയ ഒറ്റയാൻ വടക്കുംകര വയലരികത്തു വീട്ടിൽ റസിലമ്മയുടെ കുടിലെടുത്തത് ഈയിടെയാണ്. വീട്ടിലുണ്ടായിരുന്ന റസിലയുടെ മകൾ മുൻ വശത്തെ വാതിൽ തുറന്ന് കുഞ്ഞിനെയുമെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലവാസികളായ വി.രവീന്ദ്രൻ, സംഗീത മോൾ, നയന ജ്യോതി, സജി, ജോണി, ബോബിക്കുട്ടൻ എന്നിവരുടെ പുരയിടത്തിലെ വാഴയും തെങ്ങും പിഴുതെറിയുന്നത് നിത്യസംഭവമാണ്. വിട്ടിക്കാവ്, ചെന്നല്ലിമൂട്, മുത്തിപ്പാറ, ഇയ്യക്കോട്, കൊന്നമൂട്, ഇലഞ്ചിയം, ഞാറനീലി ട്രൈബൽ സെറ്റിൽമെന്റുകളിലും കാട്ടാന ആക്രമണം തുടർക്കഥയാണ്. കല്ലണ വീരപ്പൻകാണി, മോഹനൻ കാണി, ശാന്ത, സുന്ദരേശൻ, സിന്ധു, ബാബു, കൊന്നമൂട് ബിജു, റിട്ട.എസ്.ഐ സുദർശനൻ കാണി, തുളസീധരൻ കാണി, പുഷ്പൻ,രവി തുടങ്ങിയവരുടെ കൃഷിയിടങ്ങൾ പൂർണ്ണമായി നശിച്ചു.
പിഴുതെറിഞ്ഞ് കൃഷികൾ
വാഴ, മരച്ചീനി, തെങ്ങ്, കവുങ്ങ്, പ്ലാവ് മുതലായ വിളകൾ ഇതിനോടകം നാമാവശേഷമായി. ഇലവുപാലത്തും വീടിനു നേരെ കാട്ടാന ആക്രമണമുണ്ടായി. ചതുപ്പ് പ്രദേശങ്ങളാണ് ആനകളുടെ താവളം. ഇവയെ മയക്കുവെടി വച്ച് ഉൾക്കാട്ടിൽ കൊണ്ടുവിടണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തുണ്ട്. എന്നാൽ, മയക്കുവെടി ആവശ്യമില്ലെന്നും തുരത്തി കാട്ടിൽ കയറ്റാമെന്നുമാണ് വനപാലകരുടെ നിലപാട്. ഇതനുസരിച്ച് വിരട്ടിയോടിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും അധികൃതർ തിരിച്ചുപോകുന്നതിന് പിന്നാലെ ആനകൾ തിരിച്ചെത്തും.
സൗരോർജ വേലി വഴിപാടായി !
വന്യജീവി ആക്രമണത്തിൽ നിന്ന് ആദിവാസികളെയും കൃഷിവിളകളെയും സംരക്ഷിക്കാൻ വനം മന്ത്രി ഇടപെട്ട് ആവിഷ്കരിച്ച ഫെൻസിംഗ്, ആനക്കിടങ്ങ് നിർമ്മാണ പദ്ധതികളും പ്രയോജനപ്പെടുന്നില്ല. പേത്തലകരിക്കകം, മങ്കയം തുടങ്ങിയ ഭാഗങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച സൗരോർജ വേലി അശാസ്ത്രീയമാണെന്ന ആക്ഷേപം ശക്തമാണ്. വേലി തകർത്താണ് കാട്ടാന കൃഷിയിടങ്ങളിൽ ഇറങ്ങുന്നത്. പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷനിലെ വനാതിർത്തി ഭാഗങ്ങളിൽ 10 കിലോമീറ്റർ ഫെൻസിംഗിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ലക്ഷങ്ങളുടെ പദ്ധതിയാണ്. കാട്ടാനയെ അകറ്റാൻ ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചുള്ള ഫെൻസിംഗ് പോരെന്നാണ് സ്ഥലവാസികളുടെ അഭിപ്രായം. ആനക്കിടങ്ങ് നിർമ്മിക്കുകയോ, ശല്യക്കാരായ കാട്ടാനകളെ മയക്കുവെടി വയ്ക്കുകയോ വേണമെന്നാണ് ആദിവാസികളും മറ്റും ആവശ്യപ്പെടുന്നത്. എന്നാൽ, ഇത് പ്രായോഗികമല്ലെന്ന നിലപാടിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.