insurance

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ടെൻഡർ അംഗീകരിക്കുന്നത് നീട്ടിവയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണിത്. നിയന്ത്രണം മാറിയ ശേഷം പദ്ധതി നടത്തിപ്പിന് തീരുമാനമെടുക്കും.

പദ്ധതിക്കായി സർക്കാർ ക്ഷണിച്ച ടെൻഡറിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്തത് റിലയൻസ് കമ്പനിയാണ്. 18 ശതമാനം ജി.എസ്.ടി ഉൾപ്പെടെ 2992.48 രൂപയാണ് ജീവനക്കാരുടെ വാർഷിക പ്രീമിയമായി റിലയൻസ് ആവശ്യപ്പെട്ടത്. പൊതുമേഖലയിലെ മൂന്ന് സ്ഥാപനങ്ങളടക്കം അഞ്ച് ഇൻഷ്വറൻസ് കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. ബജാജ് അലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനി 9438.82 രൂപയും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി (17,700), ഒറിയന്റൽ ഇൻഷ്വറൻസ് കമ്പനി (6772), നാഷണൽ ഇൻഷ്വറൻസ് കമ്പനി (7298.30) രൂപ വീതവുമാണ് വാർഷിക പ്രീമിയമായി ക്വാട്ട് ചെയ്തിരുന്നത്. ടെൻഡറുകളുടെ പരിശോധനയ്ക്കു ശേഷമാണ് റിലയൻസിനെ പദ്ധതിക്കായി നിശ്ചയിച്ചത്.

സാധാരണ രോഗങ്ങൾക്ക് ഒരാൾക്ക് രണ്ടര ലക്ഷം രൂപവരെ പരിരക്ഷ ലഭിക്കും. ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് അഞ്ചു ലക്ഷം വരെയും കിട്ടും. സർക്കാർ ജീവനക്കാരും കുടുംബത്തിലെ ആശ്രിതരും ഇൻഷ്വറൻസ് പരിധിയിൽ ഉൾപ്പെടും. അവയവം മാറ്റിവയ്ക്കൽ പോലുള്ള ആവശ്യങ്ങൾ വരുന്നവരെ സഹായിക്കാൻ ധനകാര്യ സെക്രട്ടറിയുടെ ചുമതലയിൽ 25 കോടിയുടെ കോർപ്പസ് ഫണ്ട് ലഭ്യമാക്കും.