01

വിതുര: ബോണക്കാട് കുരിശമലയുടെ 62 ാമത് തീർത്ഥാടനത്തിന് തുടക്കമായി. ബോണക്കാട് എസ്റ്റേറ്റിന് സമീപത്തു നിന്ന് ആരംഭിച്ച ജപമാല പദയാത്രയിൽ നൂറുകണക്കിന് തീർത്ഥാടകർ പങ്കെടുത്തു. രാവിലെ നടന്ന പ്രഭാത പ്രാർഥനയ്ക്ക് മരുതാമല സെന്റ് ജോസഫ് ദേവാലയം നേതൃത്വം നൽകി. തുടർന്ന് നടന്ന വിശുദ്ധ കുരിശിന്റെ ധ്യാനത്തിന് വിൻസെന്റ് ഡി പോൾ സൊസൈറ്റി നെയ്യാറ്റിൻകര സെൻട്രൽ കൗൺസിൽ നേതൃത്വം നൽകി. ഉച്ചക്ക് 1 ന് നെയ്യാറ്റിൻകര രൂപതാ വികാരി ജി. ക്രിസ്തുദാസ് 62 ാമത് കുരിശുമല തീർത്ഥാടനത്തിന് തുടക്കം കുറിച്ച് കൊണ്ട് കൊടിയേറ്റി. തുടർന്ന് നടന്ന സമൂഹ ദിവ്യബലിക്കും ജി. ക്രിസ്തുദാസ് മുഖ്യ കാർമ്മികത്വം വഹിച്ചു. കുരിശുമല റെക്ടർ ഫാ. ഡെന്നിസ് മണ്ണൂർ, കുരിശുമല തീർത്ഥാടന ചെയർമാൻ ഫാ. റൂഫസ് പയസലിൻ, വൈസ് ചെയർമാൻ സെബാസ്റ്റ്യൻ കണിച്ച്കുന്ന്, കെ.ആർ.എൽ.സി.സി അൽമായ കമ്മീഷൻ സെക്രട്ടറി ഫാ. ഷാജ്കുമാർ, നെടുമങ്ങാട് ഫൊറോന വികാരി ഫാ. ജോസഫ് രാജേഷ്, തെക്കൻ കുരിശുമല ഇടവക വികാരി ഫാ. രതീഷ് മാർക്കോസ്, ഫാ. അനീഷ്, ഫാ ഫ്രാൻസിസ് സേവ്യർ തുടങ്ങിയവർ സഹകാർമ്മികരായി. വൈകിട്ട് നടന്ന തീർത്ഥാടന ഉദ്ഘാടന സമ്മേളനം എം.എൽ.എ ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാരി ഡി.എൽ, വാർഡ് മെമ്പർ സതീശൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി നേശൻ ആറ്റുപുറം, വിൻസെന്റ് ഡി.പോൾ സൊസൈറ്റി നെയ്യാറ്റിൻകര സെട്രൽ കൗൺസിൽ പ്രസിഡന്റ് എച്ച്. രാജാമണി, ലിജിയൻ ഓഫ് മേരി പ്രസിഡന്റ് ഷാജി ബോസ്കോ, തീർത്ഥാടന ജനറൽ കൺവീനർ ഫ്രാൻസി അലേഷ്യസ് തുടങ്ങിയവർ പ്രസംഗിച്ചു. വൈകിട്ട് 5 ന് നടന്ന കൃതജ്ഞതാ ബലിക്ക് വിതുര സഹവികാരി ഫാ. അനൂപ് കളത്തിത്തറ മുഖ്യ കാർമ്മികത്വം വഹിച്ചു. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിലാണ് തീർത്ഥാടനം ആരംഭിച്ചത്.