പാറശാല: ഇലക്ഷൻ ചൂട് കടുത്തതോടെ ഓരോ പാർട്ടിയും മത്സരിച്ച് ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുമ്പോൾ ഇതിനെതിരെ ആർട്ടിസ്റ്റ് കെ.എം. പരശുവയ്ക്കലിന്റെ പ്രവർത്തനം ശ്രദ്ധേയമാകുകയാണ്. പരിസ്ഥിതിക്ക് ദോഷകരമാകുന്ന ഫ്ലക്സുകൾ പൂർണമായും ഒഴിവാക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം പൂർണമായും അംഗീകരിച്ചാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ ഡോ.ശശിതരൂരിന്റെ പ്രചാരണാർദ്ധമാണ് ബോർഡ് നിർമ്മിച്ചത്. 40 അടി നീളത്തിൽ 20 അടി ഉയരത്തിലും കോറ തുണിയിൽ നിർമ്മിച്ച ബോർഡിൽ ഓയിൽ പെയിൻറുകൾ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. പരിസ്ഥിതിക്ക് അനുകൂലമായും ശശിതരൂരിന് വേണ്ടിയും സ്ഥാപിച്ചിട്ടുള്ള ഇത്തരത്തിലെ മറ്റൊരു ബോർഡ് കേരളത്തിൽ എന്നല്ല ഇന്ത്യയിലെ മറ്റൊരു സ്ഥാനാർത്ഥിക്കും അവകാശപ്പെടാനോ മറ്റൊരു സ്ഥലത്തും സ്ഥാപിച്ചിട്ടുള്ളതായി കാണാനോ കഴിയില്ലെന്നാണ് പരസ്യ കമ്പനികളുമായി ബന്ധപ്പെട്ടവർ പറയുന്നത്. ആർട്ടിസ്റ്റ് കെ.എം.പരശുവയ്ക്കലിന്റെ കഴിഞ്ഞ രണ്ടാഴ്ചത്തെ ഒറ്റക്കുള്ള ശ്രമഫലമായി പൂർത്തിയായ ബോർഡ് ദേശീയ പാതക്കരികിലായി പരശുവയ്ക്കൽ ജംഗ്‌ഷനിൽ സ്ഥാപിച്ചിട്ടുള്ളത് പരസ്യക്കാർക്കിടയിൽ പുതിയൊരു അനുഭവമായി മാറിയിട്ടുണ്ട്. കോൺഗ്രസ് പരശുവയ്ക്കൽ മണ്ഡലം പ്രസിഡന്റ് പെരുവിള രവിയുടെ നിർദ്ദേശത്തെ തുടർന്ന് കെ.എം. പരശുവയ്ക്കൽ വരച്ച ബോർഡിന്റെ നിർമ്മാണത്തിനായി സഹായിച്ചത് മകൻ രേവന്ത് മാത്രം. കഴിഞ്ഞ ദിവസം പാറശാല മണ്ഡലത്തിലെ പര്യടനത്തിനിടെ ബോർഡ് കണ്ട ശശിതരൂർ ആർട്ടിസ്റ്റിനെ പൊന്നാട അണിയിച്ച് അനുമോദിച്ചു.