തിരുവനന്തപുരം: അദ്ധ്യാപകരും അടിസ്ഥാന സൗകര്യവുമില്ലെന്ന വിദ്യാർത്ഥികളുടെ പരാതിയിൽ വർക്കല അകത്തുമുറിയിലെ എസ്.ആർ മെഡിക്കൽ കോളേജിൽ ആരോഗ്യ സർവകലാശാലാ സംഘം ഇന്നലെ മിന്നൽ പരിശോധന നടത്തി. വ്യാഴാഴ്‌ച ആരോഗ്യ സർവകലാശാല ഗവേർണിംഗ് കൗൺസിൽ ചേരാനിരിക്കെയാണ് പരിശോധന. 2016 - 17 വർഷത്തിൽ പ്രവേശനം നേടിയ 100 എം.ബി.ബി.എസ് വിദ്യാർത്ഥികളെ മറ്റേതെങ്കിലും കോളേജിലേക്ക് മാറ്റുന്നത് കൗൺസിൽ ചർച്ച ചെയ്യും. 100 കുട്ടികളിൽ 50പേരെ എൻട്രൻസ് കമ്മിഷണറാണ് അലോട്ട് ചെയ്‌തത്.
യാതൊരു സൗകര്യവുമില്ലാത്ത കോളേജിൽ പഠനം തുടരാനാവില്ലെന്ന് കാട്ടി ചില വിദ്യാർത്ഥികളും രക്ഷിതാക്കളും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
പ്രശ്‌നം പരിശോധിച്ച് നിജസ്ഥിതി ബോദ്ധ്യപ്പെടുത്താൻ മെഡിക്കൽ കൗൺസിലിനോടും ആരോഗ്യ സർവകലാശാലയോടും കോടതി നിർദ്ദേശിച്ചിരുന്നു. മെഡിക്കൽ കോഴ ആരോപണവും ഈ കോളേജിനു നേരെ ഉയർന്നിരുന്നു.
ഒരു വർഷം മാത്രമാണ് ഇവിടെ പ്രവേശനം നടന്നത്. പിന്നീട് മെഡിക്കൽ കൗൺസിലും സർവകലാശാലയും അംഗീകാരം നിഷേധിച്ചു. കോളേജിന്റെ അംഗീകാരം നഷ്ടമായതോടെ സാമ്പത്തികനില പരുങ്ങലിലായി. ശമ്പളം മുടങ്ങിയതോടെ അദ്ധ്യാപകർ ക്ലാസെടുക്കാൻ എത്താതായി.
ഇതേ മാനേജ്‌മെന്റിന് കീഴിലുള്ള ശ്രീശങ്കരാ ഡെന്റൽ കോളേജും പ്രതിസന്ധിയിലാണ്. മാസങ്ങളായി ശമ്പളം മുടങ്ങിയതിന്റെ പേരിൽ ഇവിടത്തെ അദ്ധ്യാപകരും ജീവനക്കാരും അനിശ്ചിതകാല സമരത്തിലായിരുന്നു. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥികളും കോളേജിന് മുന്നിൽ പന്തൽകെട്ടി സമരം ചെയ്‌തു. തുടർന്ന് ഹൈക്കോടതി ചുമതലപ്പെടുത്തിയ കമ്മിഷൻ കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. മെഡിക്കൽ കൗൺസിലിന്റെ അനുമതി ലഭിക്കാതിരുന്നിട്ടും കഴിഞ്ഞ വർഷം എം.ബി.ബി.എസിന് എൻ.ആർ.ഐ ക്വോട്ടയിൽ പ്രവേശനത്തിന് കോളേജ് പരസ്യം നൽകിയതായും ആക്ഷേപമുണ്ട്.
അതേസമയം പാലക്കാട് കേരള മെഡിക്കൽകോളേജിൽ 2017ൽ പ്രവേശനം നേടിയ 150കുട്ടികളും പ്രതിസന്ധിയിലാണ്. ഒറ്റബാച്ചുള്ള ഇവിടെ അദ്ധ്യാപകർ കുറവാണ്. രണ്ടാംവർഷ ക്ലാസ് പേരിനുമാത്രമാണെന്നും 4 അദ്ധ്യാപകരേയുള്ളൂവെന്നുമാണ് കുട്ടികളുടെ പരാതി. ഇക്കൊല്ലത്തെ പ്രവേശനം ആരോഗ്യസർവകലാശാല വിലക്കിയിട്ടുണ്ട്. 150കുട്ടികളെ മറ്റു കോളേജുകളിലേക്ക് മാറ്റണമെന്ന് മെഡിക്കൽകൗൺസിൽ, ആരോഗ്യസെക്രട്ടറി എന്നിവരോട് ആരോഗ്യസർവകലാശാല നിർദ്ദേശിച്ചിരിക്കുകയാണ്. നേരത്തേ ഇടുക്കി ഗവ. മെഡിക്കൽ കോളേജിലെ രണ്ടുബാച്ചുകളെ മറ്റു കോളേജുകളിലേക്ക് മാറ്റിയിരുന്നു.