കഴിഞ്ഞദിവസം തുടർച്ചയായി രണ്ട് നോബാളുകൾ എറിഞ്ഞതിന് മൈതാന മദ്ധ്യത്തുവച്ച് ധോണിയിൽ നിന്ന് ലഭിച്ച ശകാരം ചെന്നൈ സൂപ്പർ കിംഗ്സ് പേസർ ദീപക് ചഹറിൽ വരുത്തിയിരിക്കുന്നത് നല്ല മാറ്റം. വഴക്ക് കിട്ടിയതിനുപിന്നാലെ ഐ.പി.എല്ലിന്റെ ചരിത്രത്തിൽത്തന്നെ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ അടിക്കാത്ത പന്തുകൾ (ഡോട്ട് ബാൾസ്) എറിഞ്ഞ ബൗളാണെന്ന റെക്കാഡ് സ്വന്തമാക്കിയിരിക്കുകയാണ് ചഹർ.
. കഴിഞ്ഞ രാത്രി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് ദീപക് റെക്കാഡ് കുറിച്ചത്.
. നാലോവറിൽ 20 റൺസാണ് ചഹർ വിട്ടുകാെടുത്തത്.
. ചഹർ എറിഞ്ഞ 24 പന്തുകളിൽ 20 ലും റൺസെടുക്കാൻ കൊൽക്കത്താ താരങ്ങൾക്ക് കഴിഞ്ഞില്ല.
. രണ്ട് പന്തുകൾ ബൗണ്ടറിയായി. ഒരു സിക്സും ഒന്ന് വൈഡായി.
. 20 ഡോട്ട് ബാളുകളിൽ മൂന്ന് വിക്കറ്റുകളും ചഹർ സ്വന്തമാക്കിയിരുന്നു.
. നാലോവറിൽ 18 ഡോട്ട് ബാളുകൾ എറിഞ്ഞ റാഷിദ് ഖാന്റെയും അങ്കിത് രാജ് പൂത്തിന്റെയും റെക്കാഡാണ് ചഹർ മറികടന്നത്.
മത്സരത്തിൽ ഏഴ് വിക്കറ്റിന് ചെന്നൈ വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 108/9 എന്ന സ്കോറിലൊതുങ്ങിയപ്പോൾ 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ ലക്ഷ്യത്തിലെത്തുകയായിരുന്നു. ദീപക് ചഹറാണ് മാൻ ഒഫ് ദ മാച്ച്.
ഈ വിജയത്തോടെ ആറ് മത്സരങ്ങളിൽ അഞ്ചാം ജയം നേടി ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.