uefa-champions-league
uefa champions league

ഇരട്ടക്കരളുറപ്പുമായി ലിവർപൂളിന്റെ തേരോട്ടം

# മാഞ്ചസ്റ്റർ സിറ്റിയെ 1-0 ത്തിന് കീഴടക്കി ടോട്ടൻഹാം

# എഫ്.സി പോർട്ടോയെ 2-0ത്തിന് തോൽപ്പിച്ച് ലിവർപൂൾ.

ലണ്ടൻ : യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനലുകളുടെ തുടക്കം അട്ടിമറിയും ആവേശവും കൊണ്ട് സംഭവബഹുലം.

കഴിഞ്ഞ രാത്രി നടന്ന ആദ്യപാദ പ്രീക്വാർട്ടറുകളിൽ ഇംഗ്ളീഷ് ക്ളബുകളായ ലിവർപൂളും ടോട്ടൻഹാമും വിജയം കരസ്ഥമാക്കി. ടോഹൻഹാം ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ കിരീടത്തിന് ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ചപ്പോൾ ലിവർപൂൾ പറങ്കി ക്ളബ് എഫ്.സി പോർട്ടോയെ കീഴടക്കുകയായിരുന്നു. തങ്ങളുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടോട്ടൻഹാം സിറ്റിയെയ അട്ടിമറിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഹോം മാച്ചിൽ ലിവർപൂളിന്റെ വിജയം.

ഈ സീസണിൽ നാല് കിരീടങ്ങൾ എന്ന ലക്ഷ്യവുമായി നീങ്ങുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ആദ്യ പാദത്തിലെ പരാജയം. പ്രിമിയർ ലീഗിൽ പോയിന്റുകളുടെ കാര്യത്തിൽ വലിയ വ്യത്യാസമുണ്ടെങ്കിലും പട്ടികയിൽ സിറ്റിക്ക് തൊട്ടു പിന്നിൽ മൂന്നാം സ്ഥാനത്തുള്ള ടോട്ടൻഹാം രണ്ടും കൽപ്പിച്ച് പുറത്തെടുത്ത പ്രകടനമാണ് വിജയം നൽകിയത്. പ്രിമിയർ ലീഗിലെ ഒന്നാംസ്ഥാനക്കാരായ ലിവർപൂൾ തങ്ങളുടെ പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുത്താണ് സെമി ഫൈനലിൽ പ്രതീക്ഷയ്ക്ക് തിരി തെളിച്ചത്.

1-0

മത്സരത്തിൽ ഗോൾ ഒന്നേ പിറന്നുള്ളൂവെങ്കിലും ആവേശം ഒട്ടും ചോർത്താതെയാണ് മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻഹാമും കളിച്ചത്. തങ്ങൾ അപ്പീൽ ചെയ്യുക പോലും ചെയ്യാതെ കിട്ടിയ പെനാൽറ്റി പാഴാക്കിയതായിരുന്നു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി കാട്ടിയ ഏറ്റവും വലിയ മണ്ടത്തരം.

മത്സരത്തിന്റെ 12-ാം മിനിട്ടിലാണ് കാണികളെപ്പോലും ഞെട്ടിച്ച് റഫറി മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. പെനാൽറ്റി ബോക്സിനുള്ളിൽ വച്ച് റഹിം സ്റ്റെർലിംഗിനെ റോസ് ഫൗൾ ചെയ്തതിന് വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെയാണ് പെനാൽറ്റി വിധിച്ചത്. വാർ ഉപയോഗിച്ചാണ് റോസിന്റെ ഹാൻഡ് ബാൾ ഫൗൾ കണ്ടെത്തിയത്. എന്നാൽ കിക്കെടുത്ത സെർജി അഗ്യൂറോയ്ക്ക് പിഴച്ചു. ടോട്ടൻഹാം ഗോളി ഹ്യൂഗോ ലോറിസിന്റെ വലത്തേക്കുള്ള ഫുൾ ലെംഗ്ത് ഡൈവ് അഗ്യൂറോയുടെ ഷോട്ടിന് തടയിടുകയായിരുന്നു.

# ചാമ്പ്യൻസ് ലീഗിൽ 2008ന് ശേഷം ഏറ്റവും കൂടുതൽ പെനാൽറ്റി പാഴാക്കിയ താരമാണ് സെർജി അഗ്യൂറോ (നാലെണ്ണം).

ഇരു ടീമുകളും തമ്മിലുള്ള ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവിൽ 78-ാം മിനിട്ടിൽ ദക്ഷിണ കൊറിയൻ താരം സൺഹ്യൂംഗ് മിന്നാണ് മത്സരത്തിന്റെ വിധി കുറിച്ച ഗോൾ നേടിയത്. ക്രിസ്റ്റ്യൻ എറിക്‌സൺ സിറ്റി പ്രതിരോധത്തെ വെട്ടിച്ച് നൽകിയ പാസാണ് തന്റെ രണ്ടാമത്തെ ശ്രമത്തിലൂടെ സൺ വലയിലെത്തിച്ചത്.

കേന് പരിക്ക്

ആദ്യപാദത്തിലെ അവിസ്മരണീയ വിജയത്തിലും ടോട്ടൻഹാമിന് തിരിച്ചടിയായത് തങ്ങളുടെ സൂപ്പർ താരം ഹാരി കേനിന് പരിക്കേറ്റതാണ്. 55-ാം മിനിട്ടിൽ ഡെൽഫുമായി കൂട്ടിയിടിച്ചാണ് കേന് കാൽക്കുഴയ്ക്ക് പരിക്കേറ്റത്. അൽപ്പനേരത്തെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കേനിന് പകരം ലൂക്കാസ് മൗറയെ ഇറക്കുകയായിരുന്നു. രണ്ടാം പാദത്തിൽ കേന് കളിക്കാൻ കഴിയുന്ന കാര്യം സംശയമാണ്.

2-0

മുൻ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ എഫ്.സി പോർട്ടോയ്ക്കെതിരെ ആദ്യ പാദത്തിന്റെ ആദ്യ പകുതിയിൽത്തന്നെ രണ്ട് ഗോളുകൾ നേടി വിജയമുറപ്പിക്കുകയായിരുന്നു ലിവർപൂൾ. അഞ്ചാം മിനിട്ടിൽ നബി കെയ്‌തയും 26-ാം മിനിട്ടിൽ റോബർട്ടോ ഫിർമിനോയുമാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്.

ലിവർപൂളിന്റെ രണ്ടു ഗോളുകൾക്ക് പിന്നിലും ഫിർമിനോയുടെ പ്രകടനമായിരുന്നു നിർണായകം. അഞ്ചാം മിനിട്ടിൽ കെയ്തയ്ക്ക് ഗോളടിക്കാൻ ഞൊടിയിടയിൽ പന്തെത്തിച്ചത് ഫിർമിനോയാണ്. 18-ാം മിനിട്ടിൽ മുഹമ്മദ് സലായിലൂടെ ലിവർപൂൾ അടുത്ത ഗോളിന് അരികിൽ വരെയെത്തിയതാണ്. എന്നാൽ പോർട്ടോ ഗോളി ഐക്കർ കസിയസ് വിലങ്ങുതടിയായി. തൊട്ടുപിന്നാലെ ഒരവസരം കൂടി സലാ നഷ്ടമാക്കിയെങ്കിലും 26-ാം മിനിട്ടിൽ ഫിർമിനോ വലകുലുക്കി. കൂട്ടായ പരിശ്രമത്തിനൊടുവിൽ അലക്സാണ്ടർ അർനോൾഡിന്റെ ക്രോസിൽ നിന്നാണ് ഫിർമിനോ സ്കോർ ചെയ്തത്. 29-ാം മിനിട്ടിൽ പോർട്ടോയുടെ ഒരുഗ്രൻ ശ്രമം ലിവർപൂൾ ഗോളി ആലിസൺ തടുത്തിട്ടു.

21

തുടർച്ചയായ 21-ാം യൂറോപ്യൻ മത്സരത്തിലാണ് ലിവർപൂൾ തോൽവിയറിയാതെയിരിക്കുന്നത്. ഇതിൽ 15 വിജയങ്ങളും ആറ് സമനിലകളും 12 മത്സരങ്ങളിൽ ഗോൾ വഴങ്ങിയില്ല.

20

# ഇംഗ്ളീഷ് ക്ളബുകൾക്കെതിരെ 20-ാം എവേ മത്സരം കളിച്ച പോർട്ടോയ്ക്ക് ഇതിലൊന്നും വിജയം നേടാൻ കഴിഞ്ഞിട്ടില്ല.

18

ഈ സീസണിലെ എല്ലാ മത്സരങ്ങളിൽ നിന്നുമായി (40) സൺ ഹ്യൂംഗ് മിൻ ടോട്ടൻ ഹാമിനുവേണ്ടി നേടിയ ഗോളുകളുടെ എണ്ണം

3

2019ൽ താൻ നേരിട്ട മൂന്നാമത്തെ പെനാൽറ്റിയും സേവ് ചെയ്ത ഗോൾ കീപ്പറാണ് ഹ്യൂഗോ ലോറിസ്.