വിതുര: കാട്ടാനയുടെ ആക്രമണം എന്ന് കേൾക്കുമ്പോൾ ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് ഇപ്പോഴും പേടിയാണ്. കാരണം മൂത്തമകൻ ധരണീന്ദ്രൻ കാണിയും കാട്ടാനയുടെ ആക്രമണത്തിലാണ് മരിച്ചത്. ഇന്നലെ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ആദിവാസിയായ മല്ലൻകാണിയുടെ വീടിന് വിളിപ്പാടകലെയാണ് ലക്ഷ്‌മിക്കുട്ടിയമ്മയുടെ വീട്. ആറാനക്കുഴിയിൽ നിന്ന് വനത്തിലൂടെ മക്കി ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ധരണീന്ദ്രന്റെ ജീവൻ കാട്ടാനയെടുത്തത്. കഴിഞ്ഞ 10 വർഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നു പേരാണ് ഇവിടെ മരിച്ചത്. കാട്ടാനയുടെ ആക്രണത്തോടെ ആദിവാസി സെറ്റിൽമെന്റിലുള്ളവർ ഭീതിയിലാണ്. ഏതുസമയത്തും ആക്രമണം ഉണ്ടാകാമെന്നതിനാൽ സമാധാനമായി ഉറങ്ങാൻ പോലും ഇവർക്കാകുന്നില്ല. രണ്ടു വർഷം മുമ്പാണ് മൊട്ടമൂട് ഭാഗത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമായത്. വനത്തിൽ മഹാഗണി മരങ്ങൾ വ്യാപകമായി നട്ടുപിടിപ്പിച്ചതോടെ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ വന്നതാണ് ആനകൾ നാട്ടിലിറങ്ങാൻ കാരണം. ദീർഘനാളായി കിടപ്പിലായിരുന്ന മല്ലൻകാണി രണ്ടാഴ്ച മുമ്പാണ് വനത്തിലേക്ക് പോയിത്തുടങ്ങിയത്. ശതാവരി, പാടത്തളി കിഴങ്ങ് തുടങ്ങിയവ വനത്തിൽ നിന്ന് ശേഖരിച്ച് വില്പന നടത്തിയാണ് മല്ലൻകാണി ഉപജീവനം നടത്തിയിരുന്നത്. പോകുന്ന അന്നുതന്നെ വൈകിട്ട് തിരിച്ചെത്താറാണ് പതിവ്. എന്നാൽ മൃതദേഹം കണ്ടെത്തിയത് മൂന്നു കിലോമീറ്റർ അകലെയായതിനാൽ മല്ലൻകാണിയെ കാട്ടാന ഓടിച്ചിരിക്കാമെന്ന് കരുതുന്നു. ഭാര്യ ചെല്ലമ്മ തൊഴിലുറപ്പ് തൊഴിലാളിയാണ്. വീട്ടിൽ ഇവർ മാത്രമാണുള്ളത്. മൂത്തമകൻ വിജയകുമാർ ഭാര്യയ്ക്കൊപ്പം വിതുരയിലും ഇളയമകൻ രാമൻകാണി ഭാര്യയ്ക്കൊപ്പം നാഗരയിലുമാണ് താമസിക്കുന്നത്. ആഴ്ചയിലൊരിക്കൽ ഇവർ വീട്ടിൽ വന്നുപോകും.സംസ്‌കാര ചടങ്ങിനായി മല്ലൻകാണിയുടെ വീട്ടിൽ പോകാൻ പോലും നാട്ടുകാർക്ക് കഴിയുന്നില്ല. തിരികെ പോകുമ്പോൾ കാട്ടാന ആക്രമിക്കുമോയെന്ന് അവർ ഭയപ്പെടുന്നു. രണ്ടാഴ്ച മുമ്പും കാട്ടാനകൾ മൊട്ടമൂട്ടിലെത്തി കൃഷികൾ നശിപ്പിച്ചിരുന്നു. ഇതു കൂടാതെ ആറാനക്കുഴി, മൊട്ടമൂട് മേഖലയിൽ നിന്ന് സ്കൂളിലേക്ക് പോകുമ്പോൾ വിദ്യാർത്ഥികളേയും കാട്ടാന ആക്രമിച്ചിട്ടുണ്ട്. പഞ്ചായത്തിൽ പൊടിയക്കാലയ്ക്ക് പുറമേ കാട്ടാനശല്യം കൂടുതലുള്ള സ്ഥലമാണ് കല്ലാർ. ആനകളെ തുരത്താൻ വൈദ്യുതി വേലിയുണ്ടെങ്കിലും ഫലമില്ല. ആനക്കിടങ്ങ് നിർമ്മാണവും എങ്ങുമെത്തിയില്ല. പാട്ട കൊട്ടിയും പടക്കം വച്ചുമാണ് ആദിവാസികൾ ആനകളെ തുരത്തുന്നത്. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.