തിരുവനന്തപുരം: എട്ടു കിലോ കഞ്ചാവുമായി നാലുപേരെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. തമിഴ്‌നാട് തിരുനെൽവേലി സ്വദേശി പൂൾ പാണ്ടി (36), തൂത്തുക്കുടി സ്വദേശികളായ മുത്തുപ്പാണ്ടി (41), മണിമന്ദിരം (29), ബാലരാമപുരം സ്വദേശി മുത്തു (38) എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഏജന്റായ മുത്തുവിനെയും ഇയാൾക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തെയും പിടികൂടിയത്. നഗരത്തിലെ ലഹരി കച്ചവടക്കാരെയും ലഹരി എത്തിക്കുന്ന സംഘങ്ങളെയും പിടികൂടാൻവേണ്ടി ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച സ്‌പെഷ്യൽ ഷാഡോ ടീമാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നു ജില്ലയിലെ കഞ്ചാവ് ഏജന്റുമാരുടെയും മ​റ്റും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ലഹരി മാഫിയയ്ക്കെതിരെ അന്വേഷണം വ്യാപിപ്പിക്കുമെന്നും ജില്ലാ പൊലീസ് മേധാവി സഞ്ജയ് കുമാർ ഗുരുദിൻ അറിയിച്ചു. ഡി.സി.പി ആർ.ആദിത്യ, സ്‌പെഷ്യൽ ബ്രാഞ്ച് അസി.കമ്മിഷണർ എ.പ്രമോദ് കുമാർ, കൺട്രോൾ റൂം അസി.കമ്മിഷണർ ശിവസുദൻപിള്ള, നേമം സി.ഐ സജു ജോർജ്, എസ്.ഐ അനീഷ്, ഷാഡോ എസ്.ഐ സുനിൽ ലാൽ, എ.എസ്.ഐ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.