മുംബയ് : പഞ്ചാബ് കിംഗ്സ് ഇലവനെതിരായ ഐ.പി.എൽ മത്സരത്തിൽ മുംബയ് ഇന്ത്യൻസിന് വിജയലക്ഷ്യം 198 റൺസ് ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കെ.എൽ രാഹുലിന്റെ കിടിലൻ സെഞ്ച്വറിയുടെയും (100*) ക്രിസ് ഗെയ്ലിന്റെ (63)അർദ്ധസെഞ്ച്വറിയുടെയും മികവിലാണ് നാലുവിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തത്.
ക്രിസ്ഗെയ്ലും (36 പന്തുകളിൽ ഏഴ് സിക്സ്, മൂന്ന് ഫോർ ), ലോകേഷ് രാഹുലും (64 പന്തുകളിൽ ആറുവീതം സിക്സും ഫോറും ) ചേർന്ന് ഒാപ്പണിംഗിൽ 77 പന്തുകളിൽ നേടിയ 116 റൺസാണ് പഞ്ചാബ് ഇന്നിംഗ്സിന് അടിത്തറയായത്.
ഗെയ്ൽ പുറത്തായതോടെ പഞ്ചാബ് മന്ദഗതിയിലായി. ഡേവിഡ് മില്ലർ (7), കരുൺ നായർ (5) എന്നിവരെ കൂടി പെട്ടെന്ന് നഷ്ടമായി. ഹാർദിക് പാണ്ഡ്യയാണ് ഇരുവരെയും മടക്കി അയച്ചത്. 17 ഒാവറുകൾ പൂർത്തിയാകുമ്പോൾ പഞ്ചാബ് 143/3 എന്ന നിലയിലായിരുന്നു. അവസാനഒാവറുകളിൽ രാഹുൽ തകർത്താടുകയായിരുന്നു.
ടോസ് നേടിയ മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ പൊള്ളാഡ് പഞ്ചാബിനെ ബാറ്റിംഗിന് ക്ഷണിച്ചപ്പോൾ ക്രിസ് ഗെയ്ലും കെ.എൽ. രാഹുലും ചേർന്ന് വെടിക്കെട്ടിന് തീകൊളുത്തുകയായിരുന്നു. 13-ാം ഓവർ വരെ ഇത് തുടർന്നു. ആദ്യ വിക്കറ്റിൽ 116 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്.
ആദ്യ ആറോവർ പവർ പ്ളേയിൽ ഗെയ്ലും രാഹുലും ചേർന്ന് അടിച്ചുകൂട്ടിയത് 50 റൺസാണ്. തകർത്താടിയ ക്രിസ് ഗെയ്ലാണ് ആദ്യം അർദ്ധ സെഞ്ച്വറിയിലെത്തിയത്. 31 പന്തുകളാണ് ഗെയ്ലിന് ഇതിനായി വേണ്ടിവന്നത്. പിന്നാലെ നേരിട്ട 41-ാമത്തെ പന്തിൽ രാഹുലും അർദ്ധ ശതകം കടന്നു. 11-ാം ഓവറിലാണ് ടീം 100 കടന്നത്.
13-ാം ഓവറിൽ ബ്രെൻഡോർഫിന്റെ പന്തിൽ ക്രുനാൽ പാണ്ഡ്യയ്ക്ക് ക്യാച്ച് നൽകിയാണ് ഗെയ്ൽ മടങ്ങിയത്.
രോഹിതിന് പരിക്ക്, കളത്തിലിറങ്ങിയില്ല
മുംബയ് ഇന്ത്യൻസ് ടീമിനെ ഇന്നലെ രോഹിത് ശർമ്മയ്ക്ക് പകരം നയിച്ചത് കെയ്റോൺ പൊള്ളാഡാണ്. രോഹിതിന് പരിശീലനത്തിനിടെ പരിക്കേറ്റതിനാലാണ് പൊള്ളാഡിന് ക്യാപ്ടനാകേണ്ടി വന്നത്.
ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെ രോഹിതിന്റെ പരിക്ക് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതേ സമയം രോഹിതിന്റെ പരിക്കിനെപ്പറ്റി മുംബയ് ഇന്ത്യൻസ് ക്ളബ് അധികൃതർ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല.