ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളും അവർക്കുവേണ്ടി പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്നവരും വോട്ടുപിടിക്കാൻ ശബരിമല എന്നോ അയ്യപ്പനെന്നോ ഉച്ചരിക്കുക പോലും പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കല്പന. വിലക്ക് ലംഘിക്കാൻ തുനിഞ്ഞവരൊക്കെ വിശദീകരണം എഴുതുന്ന തിരക്കിലാണിപ്പോൾ. അതിനിടയിലാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സൈക്യാട്രി ഡോക്ടറെ തിരഞ്ഞെടുക്കാനുള്ള പി.എസ്.സി മത്സര പരീക്ഷയിൽ ശബരിമല കടന്നെത്തി വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിക്ക് ശേഷം അവിടെ ദർശനം നടത്തിയ ആദ്യ വനിതകളുടെ പേരു പറയാനായിരുന്നു പി.എസ്.സി പരീക്ഷയിലെ ചോദ്യങ്ങളിലൊന്ന്. മത്സര പരീക്ഷകളിലെ പല അസംബന്ധങ്ങളിലൊന്നെന്ന മട്ടിൽ അവഗണിക്കപ്പെടാമായിരുന്ന ചോദ്യമായിട്ടും ഇല്ലാത്ത മാനം അതിനു കൈവന്നത് നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്. ഡോക്ടറെ തിരഞ്ഞെടുക്കാൻ നടത്തുന്ന പരീക്ഷയ്ക്ക് ഇതുപോലെയുള്ള അസംബന്ധ ചോദ്യങ്ങളുടെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നതിൽ അതിശയമൊന്നുമില്ല. ഇവിടെ അതുമാത്രമല്ല പ്രശ്നം. പി.എസ്.സി പോലുള്ള ഒരു സ്ഥാപനം നടത്തുന്ന മത്സര പരീക്ഷയിൽ ചോദിക്കേണ്ട ചോദ്യമാണോ ഇതെന്നേ സംശയമുള്ളൂ. പി.എസ്.സി മുമ്പും പലകുറി ഇതുപോലുള്ള ചോദ്യങ്ങളിലൂടെ ഉദ്യോഗാർത്ഥികളെ വട്ടംകറക്കുക മാത്രമല്ല പൊതുസമൂഹത്തിനു മുമ്പിൽ ജാള്യതയോടെ നിൽക്കേണ്ടിയും വന്നിട്ടുണ്ട്. അപ്പോഴൊക്കെ അവഹേളനാപാത്രമായിട്ടുമുണ്ട്.
സൈക്യാട്രി ഡോക്ടറെ തിരഞ്ഞെടുക്കാനുള്ള പരീക്ഷയുടെ ചോദ്യങ്ങളിൽ നിന്ന് വിവാദചോദ്യം പിൻവലിക്കാൻ കഴിഞ്ഞ ദിവസം പി.എസ്.സി യോഗം ചേർന്ന് തീരുമാനം എടുത്തത് എന്തുകൊണ്ടും നന്നായി. വിവാദം കൂടുതൽ കത്തിപ്പടരാതിരിക്കാൻ ഈ നടപടി സഹായിക്കും. ചോദ്യം തയ്യാറാക്കിയ ആൾ അശ്രദ്ധയും കൃത്യവിലോപവും വരുത്തിയതു കൊണ്ടുണ്ടായ മാനക്കേടിന് പി.എസ്.സി പിഴ മൂളേണ്ടി വന്നിരിക്കുകയാണ്. പി.എസ്. സിയുടെ ചോദ്യകർത്താക്കളുടെ പാനലിൽ നിന്ന് ഈ വിദ്വാനെ ഒഴിവാക്കാൻ തീരുമാനിച്ചതും നന്നായി. വകുപ്പുതല നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ മനഃശാസ്ത്ര വിദഗ്ദ്ധ നിയമനത്തിനായി നടത്തിയ മത്സര പരീക്ഷയിൽ സുപ്രീംകോടതിയുടെ ചരിത്ര വിധിക്കുശേഷം ശബരിമലയിൽ ആദ്യമായി കയറിയ വനിതകളുടെ പേരു ചോദിക്കാൻ തുനിഞ്ഞ ചോദ്യകർത്താവിന്റെ പേരു കൂടി പി.എസ്.സി വെളിപ്പെടുത്തേണ്ടതായിരുന്നു. ഉദ്യോഗാർത്ഥികളുടെ പൊതുവിജ്ഞാനം അളക്കാൻ ഇതുപോലുള്ള കുന്നായ്മ ചോദ്യങ്ങൾ പടച്ചുണ്ടാക്കുന്ന ചോദ്യകർത്താവ് ആരെന്നറിയാൻ പി.എസ്.സി പരീക്ഷ എഴുതാത്തവർക്കും താത്പര്യം കാണും.
മത്സര പരീക്ഷകളുടെ രഹസ്യസ്വഭാവം നിലനിറുത്താൻ പാനലിൽ ഉൾപ്പെട്ടവർ തയ്യാറാക്കുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും മുദ്രവച്ച കവറിൽ പരീക്ഷാ കൺട്രോളറെ ഏല്പിക്കുകയാണ് ചെയ്യുന്നത്. കൺട്രോളർ ഉൾപ്പെടെ പി.എസ്.സിയിലെ ഒരാളും ഉള്ളടക്കം കാണുന്നേയില്ല. ചോദ്യപേപ്പർ പാക്കറ്റുകളിലൊന്ന് നറുക്കിട്ടാണെടുക്കുന്നത്. ചോദ്യപേപ്പർ ആദ്യം കാണുന്നത് പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥി ആയതിനാൽ വിവാദ ചോദ്യങ്ങളുമായി പി.എസ്.സിക്കു നേരിട്ട് ബന്ധമില്ലെന്ന നിലപാട് അംഗീകരിച്ചാൽ പോലും ധാർമ്മിക ഉത്തരവാദിത്വം പി.എസ്.സി തന്നെ ഏല്ക്കണം. കാരണം ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് അവരാണ്. ചോദ്യകർത്താക്കളുടെ പാനലിൽ ഉൾപ്പെടുത്തേണ്ട വിദഗ്ദ്ധരെ നിശ്ചയിക്കുമ്പോൾ കൂടുതൽ സൂക്ഷ്മത പുലർത്തണമെന്നാണ് ശബരിമല ചോദ്യം അടിവരയിട്ടു പറയുന്നത്.
ഓരോ വർഷവും ലക്ഷക്കണക്കിന് യുവതീയുവാക്കളാണ് പി.എസ്.സിയുടെ മത്സര പരീക്ഷകൾ എഴുതുന്നത്. ചോദ്യക്കടലാസുകൾ പലപ്പോഴും വിവാദമാകാറുമുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ വിപണിയിൽ ഇറക്കുന്ന ഗൈഡിലെ ചോദ്യങ്ങൾ അതേപടി പകർത്തി ചോദ്യക്കടലാസുകൾ തയ്യാറാക്കുന്ന വിദഗ്ദ്ധന്മാരെക്കുറിച്ച് പലപ്പോഴും പരാതി ഉയരാറുണ്ട്. ചോദ്യകർത്താക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പിഴവുകൾക്കും ഉത്തരം പറയേണ്ടിവരുന്നത് പി.എസ്.സി അധികൃതരാണ്. അതിനാൽ ചോദ്യകർത്താക്കളുടെ പാനലിൽ എല്ലാവിധത്തിലും അർഹരായവർ തന്നെയാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് രണ്ടുവട്ടം ഉറപ്പാക്കേണ്ടതുണ്ട്. പരീക്ഷയുടെ വിശ്വാസ്യതയും ആധികാരികതയും തകർന്നാൽ പി.എസ്.സിയുടെ സൽപ്പേര് തന്നെയാണ് ഇല്ലാതാവുന്നത്. ചോദ്യക്കടലാസുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ സമീപകാലത്ത് വർദ്ധിച്ചുവരികയാണ്. ഇത് ഒഴിവാക്കാൻ എന്തു ചെയ്യാനാകുമെന്ന് ഗൗരവമായി ആലോചിക്കണം.