a

മാവേലിക്കര: ഒരിടവേളയ്ക്ക് ശേഷം ചെട്ടിക്കുളങ്ങരയിൽ വീണ്ടും രാഷ്ട്രീയ ആക്രമണം. സി.പി.എം വനിതാ ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് തീയിട്ടു. ചെട്ടിക്കുളങ്ങര കൈതതെക്ക് സി ബ്രാഞ്ച് സെക്രട്ടറി രമാദേവിയുടെ വീടിനാണ് ബുധനാഴ്ച പുലർച്ചെ 2.30 ഓടെ തീയിട്ടത്. രമാദേവിയും ഭർത്താവ് വേണുഗോപാലും രണ്ടു പെൺമക്കളുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്ന ഇവർ വീടിന് പിന്നിലായി തീ ആളിപ്പടരുന്നതാണ് കണ്ടത്.

അടുക്കള ഭാഗത്തുള്ള വർക്ക് ഏരിയക്ക് പുറത്ത് കൂട്ടിയിട്ടിരുന്ന വിറകിനാണ് തീയിട്ടത്. ഇലക്ട്രിക് വയറിംഗും വീടിന് പുറത്തെ സിന്തറ്റിക്ക് സെപ്ടിക്ക് ടാങ്കും രണ്ട് സൈക്കിളും പൈപ്പ് കണക്ഷനും വീട്ടുപകരണങ്ങളും കത്തിനശിച്ചു. വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീപടരും മുമ്പ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. മണ്ണെണ്ണയൊഴിച്ചു തീയിട്ടതിന്റെ ലക്ഷണങ്ങൾ സ്ഥലത്തുണ്ട്. ആർ.എസ്.എസുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് രമാദേവി ആരോപിച്ചു. മാവേലിക്കര പൊലീസിൽ പരാതി നൽകി.