കിളിമാനൂർ:കുടിവെള്ളത്തിനായി അലയുന്ന നാട്ടുകാർക്ക് തലവേദനയായി കുരങ്ങന്മാരുടെ ആക്രമണം.കിളിമാനൂർ മേഖലയിലെ റബർ എസ്റ്റേറ്റുകളിൽ തമ്പടിച്ചിരിക്കുന്ന വാനരന്മാരാണ് നാട്ടിൽ വിഹരിക്കുന്നത്. വേനൽച്ചൂടും, കുടിവെള്ള ക്ഷാമവും ഒക്കെയായി ജനം പൊറുതി മുട്ടുമ്പോഴാണ് കാടിറങ്ങി വരുന്ന മൃഗങ്ങൾ ഇവരുടെ ജീവിതം കൂടുതൽ ദുസഹമാക്കുന്നത്. കുറേക്കാലമായി പന്നികളാണ് ഇവർക്ക് വെല്ലുവിളി ഉയർത്തിയിരുന്നത്.പാലോട്,വിതുര മടത്തറ ഭാഗങ്ങളിൽ നിന്നായി എത്തുന്ന വാനരവീരന്മാർ നാട്ടുകാർക്ക് നൽകുന്ന പണി ചില്ലറയൊന്നുമല്ല. വാനരന്മാരെ കാരണം സ്വൈര്യജീവിതം നയിക്കാനാകാതെ വലയുകയാണ് നാട്ടുകാർ.
നാട്ടിൽ ചക്കയുടേയും മാങ്ങയുടേയും സീസൺ ആയതോടെ ഉൾപ്രദേശങ്ങളിൽ നിന്ന് ജനവാസ മേഖലകളിലേയ്ക്ക് എത്തുന്ന ഇവ കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുകയാണ്. ആദ്യം മനുഷ്യനെ പേടിയായിരുന്ന ഇവറ്റകൾ ഇപ്പോൾ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ട്. ഓടിട്ട വീടുകളിൽ ഓട് പൊളിച്ചിറങ്ങി ആഹാര സാധനങ്ങളും വസ്ത്രങ്ങളും എടുത്ത് കൊണ്ട് പോകുന്നതും പതിവാണ്. കുടിവെള്ളം കിട്ടാക്കനിയാകുന്ന ഈ കാലത്ത് വൻ തുക കൊടുത്ത് വാങ്ങിയ കുടിവെള്ള ടാങ്കുകളിൽ ഇറങ്ങി കുളിക്കുകയും ടാങ്കുകൾ നശിപ്പിക്കുന്ന സ്ഥിതിവരെയായി കാര്യങ്ങൾ. പകൽ സമയത്ത് കൂട്ടത്തോടെ എത്തുന്ന വാനരന്മാർ തെങ്ങിലെ വെള്ളയ്ക്ക വരെ നശിപ്പിക്കുന്നതായി കർഷകർ പറയുന്നു. മനുഷ്യരെ വരെ ആക്രമിക്കാൻ തുടങ്ങിയതോടെ വേനലവധിക്ക് കുട്ടികളെ തനിച്ച് കളിക്കാൻ പുറത്ത് വിടാൻ പോലും രക്ഷകർത്താക്കൾക്ക് പേടിയാണ്.
ഇതിന് പുറമെ പന്നികളുടെ ശല്യം മറു ഭാഗത്ത് .കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന പ്രദേശവാസികൾക്ക് ഒരു മൂട് മരിച്ചീനി പോലും നടാൻ പറ്റാത്ത അവസ്ഥയാണ്. ഫോറസ്റ്റ് അധികൃതരോ ,ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരോ ഇതിന് ഒരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.റി