കോവളം: യാത്രാസൗകര്യം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച റോഡുപണി ജനങ്ങളെ കൂടുതൽ വലയ്‌ക്കുന്നു. വെണ്ണിയൂർ - അമരിവിള റോഡിന്റെ അറ്റകുറ്റപ്പണി വൈകിയതോടെയാണ് പ്രദേശത്തെ ജനങ്ങൾ ബുദ്ധിമുട്ടിലായത്. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നുമാസം മുമ്പാണ് റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചത്. ഇതേ തുടർന്ന് റോഡ് നിർമ്മാണത്തിനായി ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുകയും ചെയ്‌തു. ഒരു മാസത്തേക്ക് റോഡ് അടച്ചിടുന്നതിനുള്ള അനുമതിയാണ് കരാറുകാരൻ വാങ്ങിയിരുന്നത്. റോഡ് അടച്ചതോടെ നെല്ലിവിള, വവ്വാമൂല, കാരിക്കുഴി എന്നിവിടങ്ങളിലുള്ളവർ നാല് കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചാണ് നഗരങ്ങളിലേക്കും കോവളം ഭാഗത്തേക്കും പോകാൻ പനങ്ങോട്ടെത്തുന്നത്. ഗതാഗതം തടസപ്പെട്ടിട്ടും സ്ഥലത്ത് ജില്ലാ പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് ഉദ്വോഗസ്ഥർ എത്തുന്നില്ലെന്നാണ് ആക്ഷേപം. പനങ്ങോട് മുതൽ കാട്ടുകുളം ഭാഗം വരെ കരിങ്കല്ലുകൾ കൊണ്ട് റോഡിനിരുവശവും നിരത്തിയതിനാൽ കാൽനടയാത്രയും ദുരിതത്തിലായി. അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസിനും ഫയർഫോഴ്സ് വാഹനങ്ങൾക്കും ഇവിടെയെത്താൻ കഴിയാത്ത സ്ഥിതിയാണ്. അറ്റകുറ്റപ്പണി തുടങ്ങിയപ്പോൾ റോഡ് പൂർണമായും കുത്തിപ്പൊളിച്ച് ഗതാഗതം തടസപ്പെടുത്തിയ കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് അധികൃതർക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.