1
കെ.എം മാണിയുടെ മൃതദേഹം പാലായിലെ വീട്ടിൽ ഇന്ന് രാവിലെ പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ കേരളാ കോൺഗ്രസ് ബി നേതാവ് ആർ.ബാലകൃഷ്ണപിള്ള മാണിയുടെ മകൻ ജോസ് കെ മാണിയെ ആശ്വസിപ്പിക്കുന്നു

കോട്ടയം: അദ്ധ്വാനവർഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് കെ.എം മാണിക്ക് നാടിന്റെ പ്രണാമം. ഇന്ന് വൈകുന്നേരം മൂന്നിന് കരിങ്ങോഴയ്ക്കൽ വീട്ടിൽ സംസ്കാര ശുശ്രൂഷ ആരംഭിച്ച് നാലു മണിയോടെ പാലാ കത്തീഡ്രൽ സെമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്ഥാന ബഹുമതികളോടെയാണ് അന്ത്യയാത്ര. കെ.എം മാണിയെന്ന ഇതിഹാസം ഇനി ലക്ഷോപലക്ഷം ജനഹൃദയങ്ങളിൽ.

ഇന്നലെ രാവിലെ പത്തേകാലോടെ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ നിന്ന് ആരംഭിച്ച വിലാപയാത്ര വൈകുന്നേരം നാലിന് പാലായിലെ വീട്ടിൽ എത്തിച്ചേരുമെന്നാണ് കരുതിയതെങ്കിലും പ്രിയ നേതാവിന് ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ തടിച്ചുകൂടിയതോടെ സമയക്രമം താളംതെറ്റി. മുനിസിപ്പിൽ ടൗൺ ഹാളിൽ സജ്ജീകരിച്ചിരുന്ന പൊതുദർശനം ഒഴിവാക്കി ഇന്ന് രാവിലെ 7.15നാണ് മൃതശരീരം വീട്ടിലെത്തിച്ചത്. കെ.എം.മാണിയെ സ്നേഹിച്ച കുടിയേറ്റ കർഷകരും മലബാറിൽ നിന്നുള്ള കർഷകരും ഉൾപ്പടെ പതിനായിരങ്ങൾ അപ്പോഴും കരിങ്ങോഴയ്ക്കൽ വീട്ടുവളപ്പിലും കൊട്ടാരമറ്റം മുതൽ വീടുവരെയുള്ള റോഡിലുമായി നിലയുറപ്പിച്ചിരുന്നു. ഇന്നലെ സന്ധ്യയ്ക്കു മുമ്പേ പാലായിൽ എത്തിയവർ പ്രിയനേതാവിന്റെ ഭൗതിക ശരീരം ഒരു നോക്കു കാണാൻ രാത്രി മുഴുവൻ ഉറക്കമൊഴിച്ച് പുലരുവോളം കാത്തിരുന്നു.

സംസ്ഥാനത്ത് ഒരു നേതാവിനും ലഭിക്കാത്ത അന്ത്യോപചാരമാണ് കെ.എം.മാണിക്ക് ലഭിച്ചത്. പല സ്ഥലങ്ങളിലും തങ്ങളുടെ നേതാവിന് അന്ത്യോപചാരം അർപ്പിക്കാൻ ജനങ്ങൾ ഒഴുകിയെത്തി. പലയിടങ്ങളിലും കൈകൾ കൂപ്പി വഴിയോരങ്ങളിൽ നിന്ന അണികളുടെ പൊരിവെയിലത്തുള്ള കാഴ്ച മാണിസാറിനോടുള്ള ബഹുമാനമാണ് എടുത്തുകാട്ടിയത്. കൊച്ചിയിൽ നിന്ന് 20 മണിക്കൂറിലധികം സമയമെടുത്താണ് വിലാപയാത്ര പാലായിൽ എത്തിയത്. ജനംവഴിയിൽ നിറഞ്ഞതോടെ പല സ്ഥലങ്ങളിലും വാഹനംകടന്നുപോവാൻ പൊലീസിന് ഇടപെടേണ്ടതായി വന്നു.

തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി,ഏറ്റുമാനൂർ എന്നിവിടങ്ങളിൽ അന്ത്യോപചാരം ഏറ്റുവാങ്ങി കേരള കോൺഗ്രസ് പിറന്നുവീണ തിരുനക്കര മന്നം സ്മാരക വേദിയിൽ ഇന്ന് വെളുപ്പിന് ഒരു മണിയോടെ എത്തിച്ചേർന്നപ്പോൾ ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. അല്പസമയത്തിനുശേഷം മൃതദേഹം കേരള കോൺഗ്രസ് -എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ പാർട്ടിയിലെ മുതിർന്ന നേതാവ് സി.എഫ്.തോമസ് അടക്കമുള്ളവർ ഉണ്ടായിരുന്നു. കുടുത്തുരുത്തിയിൽ മുഖ്യമന്ത്രി പിണറായി വിജയനും, വി.എസ്.അച്യുതാനന്ദനും കെ.എം.മാണിക്ക് അന്ത്യോപചാരമർപ്പിച്ചു.

വീട്ടിൽ നടക്കുന്ന ചടങ്ങുകൾക്ക് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. കർദ്ദിനാൾ ക്ലീമ്മീസ് മാർ ബസേലിയോസ് കാതോലിക്കാബാവയായിരിക്കും പള്ളിയിലെ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കുക.