election-2019

വികസന സങ്കല്‌പത്തിന്റെ നാനാർത്ഥങ്ങൾ സ്ഥാനാർത്ഥികൾ തന്നെ ചികയുമ്പോഴാണ് കോഴിക്കോടിന്റെ പോരാട്ടത്തിന് ഉശിരു കൂടുന്നത്. കോഴിക്കോടൻ മണ്ണിൽ വികസനത്തിന്റെ രാഷ്ട്രീയം മുഖ്യ അജൻഡയായി ചർച്ച ചെയ്യപ്പെടുന്നു. ഈ ചർച്ചയുടെ പരിണിതഫലമെന്താകുമെന്നത് നൂറുപവൻ മാറ്റുള്ള ചോദ്യമായി കോഴിക്കോട്ട് മാറ്റൊലിക്കൊള്ളുന്നുമുണ്ട്.

ഈ ചോദ്യമുയർത്തുന്ന ചൂടാണ് കോഴിക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പു രംഗത്തെ പൊള്ളിക്കുന്നത്. കോഴ ആരോപണമടക്കം അന്തരീക്ഷത്തിൽ വിവാദമായി കത്തിപ്പടരുമ്പോഴും കോഴിക്കോടിന്റെ പോരാട്ടത്തെ അല്‌പമൊന്നു വേറിട്ടതാക്കുന്നത് സ്ഥാനാർത്ഥികളുയർത്തുന്ന വികസന അവകാശവാദങ്ങളാണ്.

എം.പിയെന്നാൽ ആകാശത്ത് പാറിനടക്കുന്ന അദ്ഭുതജീവിയല്ല, ഗ്രാമപഞ്ചായത്തംഗത്തെ പോലെ മണ്ഡലത്തിൽ നിറസാന്നിദ്ധ്യമായി നടക്കുന്നയാളാകണമെന്ന് കൊടുവള്ളി നിയോജകമണ്ഡലത്തിലെ കത്തറമ്മൽ ജംഗ്ഷനിൽ ലീഗ് നേതാവ് സി. മോയിൻകുട്ടിയുടെ പ്രസംഗം. മോയിൻകുട്ടി അതിന് ഉദാഹരിക്കുന്നത് യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവനെയാണ്. രാവിലെ ഒൻപതു മണിയായെങ്കിലും കത്തുന്ന വെയിലാണ്. മോയിൻകുട്ടി കത്തിക്കയറവേ പ്രവർത്തകരുടെ അകമ്പടിയോടെ രാഘവൻ കടന്നുവന്നു. കെ.എം. മാണിയുടെ നിര്യാണത്തിലുള്ള ദു:ഖസൂചകമായി ആരവങ്ങളും ബഹളങ്ങളും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ലീഗ് ശക്തികേന്ദ്രമായ ഇവിടെ ആവേശത്തിന് കുറവില്ല.

മോയിൻകുട്ടി നിറുത്തിയേടത്തു നിന്നാണ് രാഘവൻ തുടങ്ങിയത്. പത്തു വർഷക്കാലം തന്റെ സഹായം തേടി വന്നവരാരും അതൃപ്‌തരായി മടങ്ങിപ്പോയിട്ടില്ലെന്നാണ് രാഘവൻ പറയുന്നത്. മെഡിക്കൽകോളേജ് വികസനം തൊട്ട് റെയിൽവേ വികസനം വരെയാണ് അവകാശവാദങ്ങൾ.

കൊടുവള്ളി മണ്ഡലത്തിൽത്തന്നെയുള്ള പൂലോട്ട് പ്രവർത്തകർ ഒരുക്കിയ സ്വീകരണച്ചടങ്ങിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. പ്രദീപ് കുമാർ ചോദ്യം ചെയ്യുന്നത് രാഘവനുയർത്തുന്ന ഈ വികസനവാദങ്ങളെയാണ്. കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിലെ എം.എൽ.എ എന്ന നിലയിൽ ആവിഷ്‌കരിച്ച വികസനപദ്ധതികളാണ് പ്രദീപിന്റെ ആയുധം. 'ഞങ്ങളൊക്കെ വികസനപരിപ്രേക്ഷ്യം തയ്യാറാക്കുന്നത് ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച ചെയ്‌താണ്. അതിന്റെ അടിസ്ഥാനത്തിൽ പത്തിരുപത്തഞ്ച് പരിപാടികളുടെ കരട് തയ്യാറാക്കും. അതുകൊണ്ട് വികസനകാര്യങ്ങൾ നന്നായി നടന്നു. എന്നാൽ കോഴിക്കോട് മണ്ഡലത്തിൽ അങ്ങനെയൊന്നും പത്തു വർഷമായി നടന്നിട്ടില്ല. ഞങ്ങളൊക്കെ ജനപ്രതിനിധികളായുള്ള ഈ മണ്ഡലത്തിൽ ഞങ്ങളോടൊന്നും ഒരു ചർച്ചയും നടത്തിയിട്ടില്ല- പ്രദീപ് ആരോപിക്കുന്നു.

ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ.കെ.പി. പ്രകാശ്ബാബു രണ്ടാഴ്‌ചയായി ജയിലിലാണെങ്കിലും ആ അസാന്നിദ്ധ്യം അനുഭവപ്പെടാതിരിക്കാൻ സ്ഥാനാർത്ഥിയുടെ മുഖംമൂടികൾ മുഖത്തുറപ്പിച്ച് മണ്ഡലത്തിലുടനീളം വോട്ടു തേടുകയാണ് ബി.ജെ.പിയുടെയും യുവമോർച്ചയുടെയും പ്രവർത്തകർ. ശബരിമല സമരത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്ഥാനാർത്ഥിയുടെ 'രക്തസാക്ഷിപരിവേഷം' ആവോളം ഉപയോഗിക്കാൻ അവർ മറക്കുന്നില്ല.

കൊടുവള്ളിയും കോഴിക്കോട് സൗത്തും കുന്ദമംഗലവും ബാലുശ്ശേരിയും മുസ്ലിംസാന്നിദ്ധ്യം നല്ലോണം അനുഭവപ്പെടുന്ന നിയോജകമണ്ഡലങ്ങളാണ്. ഇവിടങ്ങളിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിക്കാൻ യു.ഡി.എഫും എൽ.ഡി.എഫും മടിക്കുന്നില്ല. മോദിയെ എതിർക്കാൻ രാഹുൽഗാന്ധിയല്ലാതെ മറ്റാരെങ്കിലുമുണ്ടോ എന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ചാട്ടുളി. സി.പി.എമ്മിനു ചെയ്യുന്ന വോട്ടുകൾ പാഴാകുമെന്നു പറയുന്നത് ന്യൂനപക്ഷ വോട്ടുകളിൽ കണ്ണെറിഞ്ഞു തന്നെ. വോട്ടർമാർ നിഷ്ഡകളങ്കരായതു കൊണ്ടുതന്നെ മതേതരത്വത്തിനു ചെയ്യുന്ന വോട്ട് പാഴാകാതിരിക്കാൻ ഇടതിനു ചെയ്യണമെന്ന് കൊടുവള്ളിയിൽ വച്ചുതന്നെ തിരിച്ചടിക്കുന്നു. പ്രദീപ്കുമാർ. ടോം വടക്കന്റെയും മറ്റും ഉദാഹരണമെടുത്തു കാട്ടി, യു.ഡി.എഫ് ചേരിയിൽ നിൽക്കുന്നവരൊന്നും നാളെ മതേതര ചേരിയിലുണ്ടാകുമെന്നുറപ്പില്ല എന്ന് ഓർമ്മിപ്പിക്കാനും മറക്കുന്നില്ല.

മൂവരുടെ മനക്കണക്ക്

12.65 ലക്ഷം വോട്ടർമാരുണ്ട് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ. 82,360 പുതുവോട്ടുകൾ. പുതിയ വോട്ടർമാർ ആരെ തുണയ്‌ക്കുമെന്നത് മുന്നണികളുടെ ആകാംക്ഷ കൂട്ടുന്നു. കോഴിക്കോടിന്റെ സാമൂഹ്യ, സാംസ്‌കാരികരംഗങ്ങളിലെ നിറസാന്നിദ്ധ്യവും നോർത്ത് മണ്ഡലം എം.എൽ.എ എന്ന നിലയിൽ സ്‌കൂൾവികസനം അടക്കം നടപ്പാക്കി ശ്രദ്ധ നേടിയതും പ്രദീപ്കുമാറിന് മുതൽക്കൂട്ടാകുമെന്ന് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു. നഗരപരിധികളിലെ സ്വീകാര്യതയ്ക്കൊപ്പം ബേപ്പൂരിലെയും എലത്തൂരിലെയും മറ്റും ഇടതുശക്തിയും ഇക്കുറി തുണയാകുമെന്നാണ് കണക്കുകൂട്ടൽ.

ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ ആറിലും ഇടത് എം.എൽ.എമാരാണ്. എങ്കിലും കൊടുവള്ളിയും ബാലുശ്ശേരിയും കോഴിക്കോട് സൗത്തും ശക്തമായി തുണയ്ക്കുമെന്ന പ്രതീക്ഷ യു.ഡി.എഫിനെ നയിക്കുന്നു. പത്തു വർഷംകൊണ്ട് മണ്ഡലത്തിലുടനീളം ഉണ്ടാക്കിയെടുത്ത ജനകീയപരിവേഷവും സ്വീകാര്യതയും എം.കെ. രാഘവനെ ഇക്കുറിയും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് അവർ.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ 1.15 ലക്ഷം വോട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ ആ നേട്ടം തുടരാനായതും തുണയാകുമെന്ന് കരുതുന്നു, ബി.ജെ.പി നേതൃത്വം. സ്ഥാനാർത്ഥിയുടെ അഭാവത്തിൽ ജില്ലാ പ്രസിഡന്റ് ജയചന്ദ്രൻ നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തുന്നു. കൊടുവള്ളിയും കോഴിക്കോട് സൗത്തും ഒഴികെയുള്ള മണ്ഡലങ്ങളിലെ മുന്നേറ്റമാണ് അവരുടെ പ്രതീക്ഷ. ബി.ജെ.പി പ്രചാരണരംഗത്ത് സജീവമല്ലാത്തത് കോ- ലീ- ബി സഖ്യത്തിനു സൂചനയായി ഇടതുപക്ഷം ഉയർത്തുമ്പോൾ യു.ഡി.എഫ് പുച്ഛിച്ചു തള്ളുന്നു സമീപകാലത്തുയർന്ന കോഴവിവാദം യു.ഡി.എഫിനു തിരിച്ചടിയാകുമെന്ന വിലയിരുത്തലും ഇടതു ക്യാമ്പിലുണ്ട്. പോരിന് എരിവു പകരാൻ ഈ വകകളെല്ലാം ധാരാളം.

എൽ.ഡി.എഫ്:

അനുകൂലം- എം.എൽ.എ, നാട്ടുകാരൻ എന്നീ നിലകളിലെ പ്രദീപിന്റെ സ്വീകാര്യത,

എം.എൽ.എ എന്ന നിലയിൽ നടത്തിയ സ്കൂൾവികസനവും മറ്റും, മണ്ഡലത്തിലെ ഇടതു സ്വാധീനം.

പ്രതികൂലം: യു.ഡി.എഫ് എതിർസ്ഥാനാർത്ഥിയുടെ ജനകീയപരിവേഷം, രാഹുൽ ഇഫക്ടിൽ മതന്യൂനപക്ഷങ്ങളിലുണ്ടാക്കിയേക്കാവുന്ന ചലനങ്ങൾ, ശബരിമലവിഷയത്തിലെ പ്രചരണങ്ങൾ.

യു.ഡി.എഫ്: അനുകൂലം- എം.പിയെന്ന നിലയിലെ ജനകീയപരിവേഷം, വിവിധ സമുദായസംഘടനകളുമായുള്ള ബന്ധം.

പ്രതികൂലം: ഇടത് എതിരാളിയുടെ സ്വീകാര്യതയും മികച്ച പ്രതിച്ഛായയും, അടുത്തിടെ ഉയർന്ന കോഴ ആരോപണവിവാദം.

എൻ.ഡി.എ: അനുകൂലം:

ശബരിമല സമരത്തിലെ ജയിൽവാസം സൃഷ്ടിക്കാനിടയുള്ള അനുകൂലവികാരം.

പ്രതികൂലം: സ്ഥാനാർത്ഥി രംഗത്തില്ലാത്തത് മൂലം പ്രചരണരംഗത്ത് സജീവമാകാൻ കഴിയാത്തത്, മണ്ഡലത്തിലുടനീളം സംഘടനാസംവിധാനം സജീവമായി ചലിപ്പിക്കുന്നതിലെ പരിമിതികൾ.