modi-sabarimala

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 18ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശബരിമലയിൽ എത്തിക്കാൻ ബി.ജെ.പി കേരള ഘടകത്തിന്റെ കടുത്ത സമ്മർദ്ദം തുടരുന്നു. മേട മാസ പൂജകൾക്കായി ശബരിമല തുറന്നിരിക്കുകയാണ്. 19നാണ് നട അടയ്ക്കുന്നത്. 18ന് തന്നെ മോദിയെ ശബരിമലയിൽ എത്തിക്കാനാണ് കേരള ഘടകത്തിന്റെ ശ്രമം.

ഇതിന് മുമ്പ് പല തവണ നരേന്ദ്രമോദി ശബരിമലയിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും വരവ് നടന്നിരുന്നില്ല. മോദി മലകേറിയാൽ ശബരിമല വിഷയം പ്രചാരണ വിഷയമാക്കി കേരളത്തിലെ ബി.ജെ.പിക്ക് അത് ഒരു വലിയ ആയുധമാക്കാനാവും. വിജയ പ്രതീക്ഷ പുലർത്തുന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ അത് വളരെ സഹായകമാകുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.

കേരളത്തിൽ കൂടാതെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും പാർട്ടിക്ക് ഗുണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ശബരിമലയിലേക്ക് ഏറ്രവും കൂടുതൽ ഭക്തർ വരുന്ന സംസ്ഥാനങ്ങളിൽ പെടുന്നതാണ് തമിഴ് നാടും കർണാടകയും.

ശബരിമല വിഷയം സംസ്ഥാനത്തിന് പുറത്തും ബി.ജെ.പി പ്രചാരണത്തിനെടുത്തുകഴി‌ഞ്ഞു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും സുപ്രീംകോടതിയെ ഭക്തരുടെ വികാരം അറിയിക്കുമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്. തെക്കേ ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പ് റാലികളിലും പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല വിഷയം ഉയർത്തിപ്പിടിച്ചിരുന്നു. പ്രധാനമന്ത്രി നാളെ കോഴിക്കോട് എത്തുമ്പോൾ ശബരിമലയിലെത്തണമെന്ന ആവശ്യം കേരളത്തിലെ നേതാക്കൾ ഉന്നയിക്കും. ബി.ജെ.പി സംഘപരിവാർ നേതാക്കൾക്കെതിരെ സർക്കാർ പിന്നീടെടുത്ത കേസുകളും തങ്ങൾക്കനുകൂലമായ പ്രചാരണായുധമാക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. മോദി വന്നാൽ അത് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂർ,പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർത്ഥികളുടെ വിജയസാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ കണക്കൂകൂട്ടൽ.

മോദി നാളെ കോഴിക്കോട്ട്

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോഴിക്കോട് എത്തുമെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. പ്രത്യേക വിമാനത്തിൽ വൈകിട്ട് അഞ്ച് മണിക്ക് കരിപ്പൂലെത്തുന്ന നരേന്ദ്രമോദി അവിടെ നിന്ന് റോഡ് മാർഗം പ്രസംഗവേദിയായ കോഴിക്കോട് കടപ്പുറത്ത് എത്തും. വേദിയിൽ സംസ്ഥാന നേതാക്കൾക്ക് പുറമെ കാസർകോട് മുതൽ പാലക്കാട് വരെയുള്ള എൻ.ഡി.എ സ്ഥാനാർത്ഥികളും ഉണ്ടാവും. പ്രധാനമന്ത്രിയുടെ വരവോടെ ഉത്തരകേരളത്തിലും മോദി തരംഗം ഉണ്ടാവും. കേരളത്തിലെ പൊതുസമൂഹം എൻ.ഡി.എ സ്ഥാനാർത്ഥികളെ സ്വീകരിക്കാൻ തയ്യാറായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.