ഉള്ളൂർ: എസ്.എ.ടി ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ മുങ്ങിയ ഹൗസ് സർജനെ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തി. സെമി ലേബർ റൂമിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്ന കൊല്ലം സ്വദേശിയായ 24 കാരനെയാണ് കഴുത്തറുക്കുകയും ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ബ്ളേഡ് വിഴുങ്ങുകയും ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പത്ത് ദിവസം മുമ്പാണ് ഇയാൾ ഹൗസ് സർജൻസിക്ക് എത്തിയത്. ശ്രീകാര്യത്തായിരുന്നു താമസം. പതിനെട്ട് മണിക്കൂറിലധികം ഹൗസ് സർജൻസിയുടെ ഭാഗമായി ജോലികൾ ചെയ്യേണ്ടിവരുന്നതിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇന്ന് പുലർച്ചെ 3 മണിയോടെ ഡ്യൂട്ടി ഡോക്ടർ ഒരു ഫയൽ ഒപ്പിടീക്കാനായി ഇയാളുടെ കൈയിൽ കൊടുത്തുവിട്ടു. ഏറെ നേരമായിട്ടും ഇയാളെ കാണാത്തതിനാൽ ഡോക്ടർ മൊബൈലിൽ വിളിച്ചുനോക്കിയെങ്കിലും സ്വിച്ച് ഓഫായിരുന്നു.
ആശുപത്രിയിലും പരിസരത്തും തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. തുടർന്ന് ഇവർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ നാലുമണിയോടെ ഇയാൾ മൊബൈൽ ഫോണിൽ നിന്ന് സുഹൃത്തിനെ വിളിച്ച് മെഡിക്കൽ കോളേജിന് പിൻവശത്തെ ഗ്രൗണ്ടിലെത്താൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സുഹൃത്തുക്കളെത്തിയപ്പോഴാണ് കഴുത്തിന് വരഞ്ഞ് രക്തം വാർന്ന നിലയിൽ ഇയാളെ കണ്ടെത്തിയത്. പെട്ടെന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. തുടർന്ന് ഡോക്ടർമാർ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് ബ്ളേഡ് വിഴുങ്ങിയ വിവരം വെളിപ്പെടുത്തിയത്. സ്കാനിംഗിനും വിശദ പരിശോധനകൾക്കും ശേഷം ഇയാളെ പതിനെട്ടാം വാർഡിൽ പ്രവേശിപ്പിച്ചു.