തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിൽ 5.6 കിലോഗ്രാം സ്വർണ്ണ ബിസ്ക്കറ്റുകളുമായി എയർലൈൻസ് ജീവനക്കാരനുൾപ്പെടെ മൂന്നുപേരെ ഡി.ആർ.ഐ പിടികൂടി. കൊച്ചി സ്വദേശി കണ്ണൻ, കാസർകോട് സ്വദേശി ഇബ്രാഹിംമൻസൂർ, എയർലൈൻസ് ജീവനക്കാരൻ ആലപ്പുഴ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ എക്സ് പ്രസിലെ യാത്രക്കാരായ ഇവർ സ്വർണം കള്ളക്കടത്ത് നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐ നടത്തിയ നിരീക്ഷണത്തിലാണ് ഇവർ പിടിയിലായത്.
കണ്ണന്റെ പക്കൽ നിന്ന് 2.100 കിഗ്രാം സ്വർണവും ഇബ്രാഹിം മൻസൂറിൽ നിന്ന് 3.500 കിലോ സ്വർണവുമാണ് പിടികൂടിയത്. വിമാനത്തിൽ നിന്ന് പുറത്തിറങ്ങവേ എയർ പോർട്ടിന് പുറത്തേക്ക് സ്വർണ്ണം കടത്താൻ സഹായിക്കുന്നതിനിടെയാണ് എയർ ഇന്ത്യ ജീവനക്കാരനായ മുഹമ്മദ് ഷിനാസും ഡി.ആർ.ഐയുടെ പിടിയിലായത്. ഇവരെ ഡി.ആർ.ഐ അധികൃതർ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മുഹമ്മദ് ഷിനാസ് സ്വർണ്ണക്കള്ളക്കടത്ത് സംഘത്തിലെ സ്ഥിരം കണ്ണിയാണെന്ന് സംശയിക്കുന്നുണ്ട്. ഇന്റലിജൻസ് ഉദ്യോഗസ്ഥരും ഇവരെ ചോദ്യം ചെയ്യുന്നു.