health

വേനൽക്കാലം രോഗങ്ങളുടെ കാലമാണ്. അല്പമൊന്നു ശ്രദ്ധിച്ചാൽ ഈ രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധിക്കും. ജീവിതരീതിക്കും കാലാവസ്ഥയ്ക്കും അനുസൃതമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കണം.

ശരീരം വിയർക്കുന്നതിലൂടെ ജലാംശം കുറയുകയും ക്ഷീണവും തളർച്ചയും അനുഭവപ്പെടുകയും ചെയ്യും. അതിനാൽ കൂടുതൽ വെള്ളം കുടിക്കേണ്ടതാണ്. ദിവസേന രണ്ടര ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. വെയിലത്ത് കൂടുതൽ സമയം ജോലി ചെയ്യുന്നവർ മൂന്ന് ലിറ്റർ വെള്ളം കുടിക്കണം.

ചർമ്മരോഗങ്ങളിൽ നിന്നും വിറ്റമിന്റെ അഭാവത്തിൽ നിന്നുമുണ്ടാകുന്ന രോഗങ്ങളിൽ നിന്നും രക്ഷനേടാൻ പഴങ്ങൾ കഴിക്കാം. ചൂടു കൂടുന്ന സാഹചര്യങ്ങളിൽ ദീർഘയാത്രകൾ നടത്തുമ്പോൾ വഴിവക്കുകളിലും തട്ടുകടകളിലും ലഭിക്കുന്ന കളർ ചേർത്ത വെള്ളം ഗുണനിലവാരം ഉറപ്പുവരുത്തി മാത്രം ഉപയോഗിക്കുക. ബോട്ടിലുകളിൽ വില്ക്കുന്ന കോളപാനീയങ്ങൾ ശരീരത്തിലെ ജലാംശത്തെ വലിച്ചെടുക്കുന്നു. നാരങ്ങാവെള്ളം, മോരിൻവെള്ളം, കരിക്കിൻവെള്ളം, കഞ്ഞിവെള്ളം എന്നിവ ഉൾപ്പെടുത്തണം.

വേനൽക്കാലത്ത് ആഹാരത്തിന്റെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. ഭക്ഷണം ജലാംശം കൂടുതലുള്ളതും എളുപ്പത്തിൽ ദഹിക്കുന്നതുമാകണം. തവിടുകളയാത്ത അരി, ഗോതമ്പ് എന്നിവ ഉൾപ്പെടുത്തണം. ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉപയോഗിക്കുക. നാരങ്ങാവർഗത്തിൽപ്പെട്ട പഴങ്ങൾ (ചെറുനാരങ്ങ, ഓറഞ്ച്, മുസംബി) തണ്ണിമത്തൻ, മുന്തിരി എന്നിവ നല്ലതാണ്. പൈനാപ്പിൾ വിറ്റമിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ്. ക്ഷീണമകറ്റാനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.

മാമ്പഴത്തിലുള്ള ബീറ്റാകരോട്ടിനും വിറ്റമിൻ എ, സി എന്നിവ വേനൽക്കാല രോഗങ്ങളെ തടഞ്ഞുനിറുത്തും. പപ്പായ സൂര്യപ്രകാശം കൊണ്ട് ചർമ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് മാറ്റാൻ സഹായിക്കും.

അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. കാരറ്റ്, തക്കാളി, ഇലക്കറികൾ, സവാള മുതലായവ ധാരാളമായി ഉപയോഗിക്കുക.ഇത് ചർമ്മരോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും.

ബേക്കറി ആഹാരങ്ങളുടെ ഉപയോഗം കുറയ്ക്കണം. മിഠായി, ചോക്കലേറ്റ്, ഐസ്‌ക്രീം എന്നിവയും കുറയ്ക്കണം. ജീരകം, മല്ലി, പുതിന എന്നിവ ഉപയോഗിക്കുകയാണെങ്കിൽ എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുന്നു.

പ്രീതി ആർ. നായർ

ചീഫ് ക്ളിനിക്കൽ ന്യൂട്രീഷനിസ്റ്റ്

എസ്.യു.ടി ഹോസ്പിറ്റൽ

പട്ടം,തിരുവനന്തപുരം

ഫാേൺ: 0471 407 7777.