shshi-tharoor

തിരുവനന്തപുരം: സ്വീകരണമുറി നിറയെ അലങ്കാരവസ്തുക്കളും പുരസ്​കാരങ്ങളും. പ്രചാരം ലഭിച്ച സ്വന്തം പുസ്തകങ്ങളുടെ കൂറ്റൻ കവറുകൾ കൊണ്ട് അലങ്കാരമാക്കിയ ഭിത്തി. ശശി തരൂരിന്റെ വഴുതക്കാട്ടെ ഫ്ളാ​റ്റിൽ തിരഞ്ഞെടുപ്പ് ചൂട് കുറഞ്ഞ ദിവസമായിരുന്നു ഇന്നലെ. എന്നും രാവിലെ എട്ട് മണിയോടെ പ്രചാരണത്തിനിറങ്ങുന്ന തരൂരിന് പതിവിനു വിപരീതമായി അല്പം വൈകി ഒമ്പതേ കാലോടെയായിരുന്നു ഇന്നലെ പ്രാതൽ. തുടർച്ചയായ തിരഞ്ഞെടുപ്പ് പര്യടനം കാരണം നീരുവച്ച കാൽ പരിശോധിക്കാനായി രാവിലെ തന്നെ ഡോക്ടർ എത്തിയിരുന്നു. കെ.എം. മാണിയുടെ സംസ്​കാര ചടങ്ങുകൾ നടക്കുന്നത് കാരണം തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കും ഇന്നലെ വൈകിട്ടായിരുന്നു പര്യടനം. ക്രീം കളർ കുർത്ത ധരിച്ച് പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന പ്രസാദവും നെറ്റിയിൽ തൊട്ട് സ്വീകരണമുറിയോട് ചേർന്നുള്ള ഡൈനിംഗ് ടേബിളിൽ പ്രാതൽ കഴിക്കുകയാണ് തരൂർ. ഒപ്പം, അമേരിക്കയിൽ നിന്ന് എത്തിയ സഹോദരി ശോഭ തരൂരുമുണ്ട്. ചുവന്ന അരി കൊണ്ടുണ്ടാക്കിയ തവിട്ട് നിറത്തിലുള്ള ഇഡ്ഡലി. കൂട്ടായി രണ്ട് മൂന്ന് തരത്തിലും നിറത്തിലുമുള്ള ചമ്മന്തിയും. ഇഡ്ഡലി ചമ്മന്തിക്കൊപ്പം നെയ്യും ചേർത്ത് കഴിക്കുന്നതിനിടെ, തരൂർ സംസാരിച്ചു തുടങ്ങിയത് 60 വർഷമായി തുടരുന്ന ഇഡ്ഡലി പ്രേമത്തെക്കുറിച്ച്. ഇഡ്ഡലിയില്ലെങ്കിൽ ദോശയാണ് പതിവ്. കൂടാതെ മാതളവും സപ്പോട്ടയും ഓറഞ്ചും. പൂർണ വെജി​റ്റേറിയനായ തരൂരിന് ചോറും സാമ്പാറും പച്ചക്കറികളും തന്നെ ഉച്ചഭക്ഷണം. പ്രചാരണത്തിനിടെയാണെങ്കിൽ ഏതെങ്കിലും പ്രവർത്തകരുടെ വീട്ടിൽ നിന്നാവും ഉച്ച ഭക്ഷണം. ചിലപ്പോൾ വീട്ടിൽ നിന്ന് കൊണ്ടുപോകും. പര്യടനത്തിന്റെ ഇടവേളകളിൽ പ്രവർത്തകർ നൽകുന്ന കരിക്കും മ​റ്റും കഴിക്കും. രാത്രി വൈകിയാൽ പിന്നെ ആഹാരമില്ല. ഇന്നലെ രാവിലെ പതിവ് പര്യടനം ഇല്ലായിരുന്നെങ്കിലും നാല് ഇന്റർവ്യൂ, രണ്ട് നേതാക്കളുടെ സന്ദർശനം, മൂന്ന് ക്ഷേത്രങ്ങളിലെ പൊങ്കാല, പ്രവർത്തകന്റെ അമ്മയുടെ സഞ്ചയനം തുടങ്ങി ആകെ തിരക്കായിരുന്നു.

ശുഭ പ്രതീക്ഷ

മൂന്നാം തവണയും തിരുവനന്തപുരത്തെ വോട്ടർമാർ തന്നെ ജയിപ്പിക്കുമെന്നും പറയുന്ന തരൂരിന്റെ വാക്കുകളിൽ തികഞ്ഞ ശുഭ പ്രതീക്ഷ. ശക്തമായ ത്രികോണ മത്സരമാണ്. ചില സ്ഥലങ്ങളിൽ വോട്ട് വിഭജിച്ച് പോകാൻ സാദ്ധ്യതയുണ്ട്. യുവാക്കളുടെ ചുരുങ്ങിയ വോട്ട് മാത്രമേ ബി.ജെ പിക്ക് കിട്ടൂ. കുറച്ച് വോട്ട് എൽ.ഡി.എഫിനും പോകും. എന്നാൽ, ഭൂരിപക്ഷം യുവാക്കളും യു.ഡി.എഫിനൊപ്പമാണ്. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം ഇത്തവണ ലഭിക്കും. വർഗീയതയും വിശ്വാസ സംരക്ഷണവും പറഞ്ഞ് വോട്ട് നേടാനാണ് ചിലരുടെ ശ്രമം. താൻ സാധാരണക്കാരനാണെന്ന് പറഞ്ഞാണ് മറ്റൊരാൾ വോട്ട് ചോദിക്കുന്നത്. എന്നാൽ, മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് എന്റെ തുറുപ്പ് ചീട്ട്- തരൂർ പറയുന്നു.

 രാഹുൽ തരംഗം

കേരളത്തിൽ മത്സരിക്കുന്ന വ്യക്തി പ്രധാനമന്ത്രി ആകാനുള്ള അപൂർവ സാദ്ധ്യതയാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം. വയനാട്ടിലും തൊട്ടടുത്ത മണ്ഡലങ്ങളിലും അടുത്ത സംസ്ഥാനങ്ങളിലും രാഹുൽ തരംഗം വലിയ മാറ്റവും നേട്ടവുമുണ്ടാക്കും. പ്രവർത്തകർ വളരെയധികം ആകാംക്ഷയിലാണ്.

സഹോദരി ശോഭയാണ് അയൽവാസികളുടെ ഇടയിലും കുടുംബ യോഗങ്ങളിലും മറ്റും തനിക്ക് വേണ്ടി വോട്ട് ചോദിച്ച് ചെല്ലുന്നതെന്ന് തരൂർ പറയുന്നു. ഏട്ടന്റെ വിജയത്തിനായി പ്രാർത്ഥിക്കാൻ എല്ലാ ദിവസവും രാവിലെ അമ്മ ക്ഷേത്രത്തിൽ പോകാറുണ്ട്. എവിടെ പോയാലും ഏട്ടൻ തിരുവനന്തപുരത്തിന് വേണ്ടി എന്തേലും ചെയ്യണമെന്ന് പറഞ്ഞുകൊണ്ടിരിക്കും. വിഷുവിന് കുടുംബാംഗങ്ങൾ എല്ലാവരും ഇവിടെ ഒത്തുകൂടും- ശോഭ കൂട്ടിച്ചേർത്തു.

പ്രചാരണം തുടങ്ങിയതിന് ശേഷം വായിക്കാനോ എഴുതാനോ ഇ-മെയിൽ നോക്കാനോ സമയം കിട്ടുന്നില്ലെന്ന് പറയുന്ന തരൂർ പര്യടന വാഹനത്തിൽ നിന്ന് ഇടയ്ക്ക് ട്വീറ്റ് ചെയ്യാറുണ്ടെന്ന കാര്യവും മറച്ച് വച്ചില്ല. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം കഴിഞ്ഞ പത്ത് ദിവസമായി മുഴുവൻ സമയ പ്രചാരണ പരിപാടികളായിരുന്നു. ഇന്ന് രാവിലെയാണ് അല്പം ഫ്രീയായത്. വാച്ചിൽ നോക്കി നേരം വൈകിയെന്ന് പറഞ്ഞ് കൈയും കഴുകി ധൃതിയിൽ തരൂർ ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങി.