വേണ്ട കാര്യങ്ങളിൽ വേണ്ട സമയത്ത് തീരുമാനമെടുക്കാതിരിക്കുക; വേണ്ടാത്തിടങ്ങളിൽ ഇടപെട്ട് സർക്കാരിനു ദുഷ്‌പേരുണ്ടാക്കുക - ഭരണസിരാകേന്ദ്രത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ശീലമായിരിക്കുകയാണിത്. മന്ത്രിമാരെ നോക്കുകുത്തികളാക്കി ഉദ്യോഗസ്ഥ പ്രമാണിമാർ തന്നിഷ്ടം നടപ്പാക്കുന്നതു മൂലമുള്ള പ്രശ്നങ്ങളുടെ പരമ്പര തന്നെയാണ് അടുത്ത കാലത്ത് തലപൊക്കിയത്. ഏറ്റവും ഒടുവിൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഏതാനും സെക്രട്ടറിമാർ യോഗം ചേർന്ന് ഭവന നിർമ്മാണ ബോർഡും സെക്രട്ടേറിയറ്റിലെ ഭവന നിർമ്മാണ വകുപ്പും നിറുത്തലാക്കാനുള്ള ശുപാർശ സർക്കാരിനു സമർപ്പിച്ചിരിക്കുകയാണ്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നിയമസഭയും വ്യവസ്ഥാപിതമായ നിലയിൽ അധികാരമേറ്റ മന്ത്രിസഭയും തലയ്ക്കു മുകളിൽ ഉള്ളപ്പോഴാണ് സെക്രട്ടറിമാരുടെ ഈ വിളയാട്ടമെന്ന് ഓർക്കണം.
ഭവന നിർമ്മാണ ബോർഡ് നിലവിലുള്ള സാഹചര്യം വച്ചുനോക്കുമ്പോൾ അപ്രസക്തമാണെന്ന് വിലയിരുത്തിയാണ് എത്രയും വേഗം അത് നിറുത്തലാക്കണമെന്ന അഭിപ്രായത്തിൽ സെക്രട്ടറിമാർ എത്തിച്ചേർന്നത്. സർക്കാരിന്റെ ഭവനനിർമ്മാണ പദ്ധതി നടപ്പാക്കാൻ പ്രത്യേകം ഏർപ്പാടുകളായ സ്ഥിതിക്ക് ബോർഡിന്റെയും സെക്രട്ടേറിയറ്റിൽ ഭവനനിർമ്മാണ വകുപ്പിന്റെയും ആവശ്യം ഇല്ലാതായിക്കഴിഞ്ഞുവെന്ന കണ്ടെത്തൽ അംഗീകരിച്ചാൽ പോലും ഈ വിഷയം നയപരമായ വിഷയമായതിനാൽ മന്ത്രിസഭയല്ലേ അതിനു ചുമതലപ്പെട്ടവർ എന്ന് ഓർക്കാതെയാണ് സെക്രട്ടറിതല സമിതി തീരുമാനമെന്ന മട്ടിൽ യോഗ നടപടികൾ പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട കടലാസ് മുമ്പിലെത്തിയപ്പോഴാണത്രെ ഭവനനിർമ്മാണ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ഇ. ചന്ദ്രശേഖരൻ പോലും ഇത്തരത്തിലുള്ള ആലോചനയെക്കുറിച്ച് അറിയുന്നത്. മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം നടന്നപ്പോൾ പ്രശ്നം പരിഗണനയ്ക്കു വന്നിരുന്നു. ഭവനനിർമ്മാണ ബോർഡും ഭവന നിർമ്മാണ വകുപ്പും നിറുത്തലാക്കുന്ന കാര്യം ആരും ആലോചിച്ചിട്ടില്ലെന്നും സെക്രട്ടറിമാരല്ല ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുകയും ചെയ്തു. ഭവനനിർമ്മാണ ബോർഡ് സ്ഥിരം സംവിധാനമാണ്. നിയമസഭയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു സംവിധാനം നിറുത്തലാക്കാൻ സർക്കാരിന്റെയും ഭരണമുന്നണിയുടെയും അംഗീകാരം ആവശ്യമാണ്. ഇതൊന്നുമില്ലാതെ ഉദ്യോഗസ്ഥർ കൂടിയിരുന്നു തീരുമാനിക്കാവുന്ന കാര്യമല്ലിത്. ഭവന നിർമ്മാണ ബോർഡിന് പുതിയ ചുമതലകൾ നൽകി അതിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി.
പതിവുപോലെ ഉദ്യോഗസ്ഥന്മാരുടെ കന്നന്തിരിവിന് സർക്കാർ സമാധാനം പറയേണ്ടിവന്നെങ്കിലും തിരഞ്ഞെടുപ്പു കാലത്തു തന്നെ ഇത്തരത്തിലൊരു വിവാദ ശുപാർശ ഉണ്ടാകാനിടയായ സാഹചര്യം എങ്ങനെ ഉണ്ടായി എന്ന് അന്വേഷിക്കാൻ സർക്കാരിന് ബാദ്ധ്യതയില്ലേ?
മേലുദ്യോഗസ്ഥരുടെ വീഴ്ചകൊണ്ട് സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടങ്ങൾ അനവധിയാണ്. പദ്ധതികളുടെ കാര്യത്തിൽ അതു തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നു. യഥാസമയം റിപ്പോർട്ടുകൾ നൽകാത്തതിന്റെ പേരിൽ തുടർ സഹായം ലഭിക്കാതെ വഴിയിലായ എത്രയോ കേന്ദ്ര പദ്ധതികളുണ്ട്. കാർഷിക കടങ്ങളുടെ മോറട്ടോറിയവുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗം എടുത്ത തീരുമാനം ഉത്തരവായി ഇറക്കാൻ വൈകിയതുമൂലം ഉണ്ടായ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഈ പ്രശ്നത്തിലും ചീഫ് സെക്രട്ടറിയുടെ ഭാഗത്താണ് വീഴ്ച സംഭവിച്ചത്. ഇപ്പോൾ ഭവന നിർമ്മാണ ബോർഡ് നിറുത്തലാക്കണമെന്ന സെക്രട്ടറിതല സമിതിയുടെ ശുപാർശ ഉരുത്തിരിഞ്ഞതും അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിലായിരുന്നു. നയപരമായ പ്രശ്നങ്ങളിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥരെ ആരാണ് അധികാരപ്പെടുത്തിയതെന്ന് ഭവന നിർമ്മാണ വകുപ്പുമന്ത്രി മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിയോട് ക്ഷുഭിതനായി ചോദിച്ചുവെന്ന് വാർത്ത വന്നിരുന്നു. അതിർവരമ്പുകൾ ലംഘിച്ചാലും പ്രശ്നമൊന്നുമില്ലെന്നു വന്നാൽ ഇതുപോലുള്ള സംഭവം ഇനിയും ഉണ്ടാകും. മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ മാത്രമല്ല മുഖ്യമന്ത്രിയും ക്ഷുഭിതരാകേണ്ട സന്ദർഭങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും.
സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഇതുപോലുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അതിമിടുക്ക് കാണിക്കുന്ന ഉദ്യോഗസ്ഥ പ്രമാണിമാർ ജനങ്ങളെ സഹായിക്കുന്ന വിഷയം വരുമ്പോൾ നിസംഗരാകുന്നതും കാണാം. ഔദ്യോഗിക നടപടിക്രമങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ എത്രത്തോളം വച്ചു താമസിപ്പിക്കാനും മടി കാണിക്കില്ല. തിരഞ്ഞെടുപ്പ് മുൻനിറുത്തിയാണ് ഇപ്പോൾ പലേടത്തും സർക്കാർ സേവനങ്ങൾ നിഷേധിക്കുന്നത്.
കൊച്ചി മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് ചില ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പാരവയ്‌പ് മറക്കാറായിട്ടില്ല. കൊച്ചിയിൽ അവരുടെ അടവുകൾ ഫലിച്ചില്ലെങ്കിലും തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ലൈറ്റ് മെട്രോയുടെ കാര്യത്തിൽ അവർ വിചാരിച്ചതുപോലെയായി കാര്യങ്ങൾ. പദ്ധതിയെക്കുറിച്ച് ഇപ്പോൾ കേൾക്കാനേയില്ല. സംസ്ഥാനത്തെ ഏതെങ്കിലുമൊരു വൻകിട വികസന പദ്ധതിയുമായി ബന്ധപ്പെട്ട് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാൻ എത്ര ഉദ്യോഗസ്ഥർ കാണും? സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥയ്ക്കുള്ള കാരണങ്ങളിലൊന്ന് വെല്ലുവിളികൾ ഏറ്റെടുക്കാൻ മടിക്കുന്ന ഉദ്യോഗസ്ഥരാണ്.