incredible-news

ഏതാണ്ട് 110 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന മനോഹരമായ ഒരു കുഞ്ഞൻ ദ്വീപ്. പാറക്കെട്ടുകൾ മുതൽ മഴക്കാടുകൾ വരെ നിറഞ്ഞ് നിൽക്കുന്ന നിത്യഹരിത വനപ്രദേശം. ബ്രസീലിലെ സാവോ പോളയ്ക്കടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിലാണ് ഈ ദ്വീപ്. സംഗതി കൊള്ളാമല്ലോ എന്ന് കരുതി അവിടേക്ക് പോകാൻ നിൽക്കണ്ട! കാരണം മറ്റൊന്നുമല്ല,​ കൊടുംവിഷമുള്ള സർപ്പങ്ങളാണ് ഇവിടത്തെ അന്തേവാസികൾ. പേരും അങ്ങനെതന്നെ- പാമ്പ് ദ്വീപ്! 4,000ത്തിലധികം ഇനം വിഷ പാമ്പുകൾ ഇവിടെയുണ്ട്. മിക്കതും ഭൂമിയിലെ മറ്റ് വിഷ പാമ്പുകളെ അപേക്ഷിച്ച് ഇരട്ടി വിഷമുള്ളവ. ലോകത്തിലെ ഏറ്റവും കൊടുംവിഷമുള്ള അണലി വർഗത്തിൽപെട്ട 'ഗോൾഡൻ ലാൻസ്ഹെഡ് സ്നേക്ക് ' ആണ് ഇക്കൂട്ടത്തിലെ വില്ലൻ. മനുഷ്യമാംസം ഉരുക്കാൻ സാധിക്കുന്നത്ര കൊടും വിഷമുള്ളയാളാണ് കക്ഷി. സർപ്പങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ചില ശാസ്ത്രജ്ഞർക്ക് മാത്രമേ ഇവിടെ കയറാൻ അനുവാദം ഉള്ളൂ. എന്നാൽ ചിലർ ഇവിടേക്ക് കടന്നുകയറാറുണ്ടത്രേ. ഗോൾഡൻ ലാൻസ്ഹെഡ് പാമ്പിനെ വേട്ടയാടി വിൽക്കുന്നവരാണിവർ. മുപ്പതിനായിരം യു.എസ് ഡോളറിലധികം വില മതിക്കുന്നവയാണ് ഈ പാമ്പുകൾ. കൊടുംവിഷത്തിനു വേണ്ടി വേട്ടയാടപ്പെടുന്ന ഇവ വശംനാശ ഭീഷണി നേരിടുന്നു. ഈ പാമ്പുള്ള ഏക ദ്വീപും ഇതുതന്നെ. 11,000 വർഷം മുമ്പ് സമുദ്ര നിരപ്പ് ഉയർന്നതിനെ തുടർന്ന് ബ്രസീലിൽ നിന്നും വേർപ്പെട്ടതാണ് ഈ ദ്വീപ് എന്ന് കരുതപ്പെടുന്നു.