പുതുച്ചേരി: ''വാ വാവാ ചിന്നാങ്ക...കൈ ചിഹ്നത്തിൽ വോട്ടു പോടുങ്കോ... നമ്മ വൈദ്യലിംഗം റൊമ്പ നല്ല ആളുങ്കാ...'' പുതുച്ചേരി നഗര മൈതാനത്ത് പാരഡി ഗാനമേള കൊഴുക്കുന്നു. ബാഷയിലെ 'വാവാ വാരാമ്മയ്യ, എട്ടുക്കുള്ളൈ ഉലകമിറുക്ക് രാമയ്യാ.. '' എന്ന പാട്ട് മറിച്ചിട്ട് അലക്കുകയാണ്. ഇവിടെ നിന്ന് ലോക്‌സഭയിലേക്കു മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി വി.വൈദ്യലിംഗത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗം. ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിൻ പ്രസംഗിക്കാൻ വരുന്നുണ്ട്. യോഗം തുടങ്ങുന്നതു വരെ ആളെ പിടിച്ചിരുത്താനാണ് ഗാനമേള.
നാലുപാടു നിന്നും ജനം ഒഴുകിയെത്തുകയാണ്. മുൻനിരയിൽ ഇരുവശവും, കറുപ്പും ചുവപ്പും കലർന്ന കൊടിയുമേന്തി പ്രവർത്തകർ നിറഞ്ഞുകൊണ്ടിരുന്നു. രണ്ടാംനിരയിൽ മൂവർണ പതാകയുമായി കോൺഗ്രസ് പ്രവർത്തകർ. അവർക്കു പിന്നിൽ അരിവാൾ ചുറ്റിക ചിഹ്നമുള്ള കൊടികളുമായി സി.പി.എം പ്രവർത്തകർ. പാരഡി വിട്ട് പാട്ടുകാരൻ പാർട്ടി ഗാനത്തിലേക്കു മാറി...
''കലൈഞ്ജർ പുകൾ വാഴ്കവേ.... ഒന്നാന തമിഴ്നാട്ടിൽ അണ്ണാവിൻ തമ്പിയേ... '' പാട്ടിനൊപ്പം മറ്റൊരു അനൗൺസ്‌മെന്റും ഉണ്ട്: പാട്ടുകൾ അടങ്ങിയ സി.ഡി വാങ്ങാം. രൂപാ 50 മാത്രം! സ്റ്റാലിൻ വരാറായി.
പാട്ടുകാരെ മാറ്റിനിർത്തി, സ്ഥലം എം.എൽ.എ കൂടിയായ ഡി.എം.കെ നേതാവ് ശിവ മൈക്കെടുത്തു: ''ദളപതിയേ വരിക, കലൈഞ്ജർ തങ്കമകനേ വരിക, ദ്രാവിഡ മുന്നേറ്റത്തിൻ പോരാളിയേ വരിക...''ജനം ആർത്തുവിളിക്കുന്നതിനിടെ വേദിക്കരികിൽ എം.കെ.സ്റ്റാലിൻ വന്നിറങ്ങി. പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, എ.ഐ.സി.സി ജനറൽ സെക്രട്ടറി സഞ്ജയ്‌ദത്ത് ഉൾപ്പെടെയുള്ളവർ സ്റ്റാലിനെ സ്വീകരിച്ചു.
നാരായണസ്വാമിയുടെയും സഞ്ജയ്ദത്തിന്റെയും ചെറുപ്രസംഗം. വേദിയുടെ വലതുവശം സ്റ്റാലിന്റെ ചിത്രം പതിച്ച മൈക്ക്സ്റ്റാൻഡിനു പിന്നിൽ നിന്നാണ് ഇരുവരുടെയും പ്രസംഗം. സ്റ്റാലിന്റെ ഊഴമായപ്പോഴേക്കും വേദിയുടെ നടുവിലേക്ക് കരുണാനിധിയുടെ ചിത്രം പതിച്ച മറ്റൊരു മൈക്ക്സ്റ്റാൻഡ് എത്തി. സദസ്യരുടെ നീണ്ട ലിസ്റ്റ് വായിച്ച ശേഷം സ്റ്റാലിൻ തുടങ്ങി:
''ഉങ്കളെ തേടി മാടി ഓടി വന്തിരിക്കിറേൻ.... ''
40 ഡിഗ്രി ചൂടിൽ ഉരുകിയൊലിച്ചുനിന്ന അണികൾ സ്റ്റാലിന്റെ സംബോധന കേട്ട് കടൽപോലെ ഇരമ്പി. ലോക്‌സഭാ സ്ഥാനാർത്ഥി വി.വൈദ്യലിംഗത്തെയും നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡി.എം.കെ സ്ഥാനാർത്ഥി കെ.വെങ്കിടേശനെയും ഇരുവശത്തുമായി നിറുത്തിയാണ് പ്രസംഗം.
പുതുച്ചേരിക്കാരോടു പറയാൻ കരുതിവച്ച കാര്യങ്ങൾ സ്‌റ്റാലിൻ പറഞ്ഞു തുടങ്ങി:
പഠിക്കുന്ന കാലത്ത് കലൈഞ്ജർ പോണ്ടിച്ചേരിയിലെ കവി ഭാരതിദാസന് കത്തെഴുതി. അതിനു കിട്ടിയ മറുപടി ഒരു കവിതയായിരുന്നു. ഒരിക്കൽ കരുണാനിധിക്ക് മർദ്ദനമേറ്റപ്പോൾ രക്ഷിച്ചത് പുതുച്ചേരിയിലെ കുടുംബമായിരുന്നു. ഇവിടെ നിന്നാണ് പെരിയാർ കരുണാനിധിയെ കൂട്ടിക്കൊണ്ടു പോയത്. എം.ജി.ആർ മുഖ്യമന്ത്രിയും മൊറാർജി ദേശായി പ്രാധാനമന്ത്രിയുമായിരുന്ന കാലത്ത് പുതുച്ചേരിയെ തമിഴ്നാടിനോട് ചേർക്കാൻ ശ്രമം നടന്നു. അതിനെതിരെ ഇവിടെ നടന്ന പ്രക്ഷോഭത്തിനൊപ്പമായിരുന്നു ഡി.എം.കെയും കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും. കലൈഞ്ജർ ഒരിക്കലും പുതുച്ചേരിക്കാരെ കൈവിട്ടിട്ടില്ല; പുതുച്ചേരിക്കാർ കലൈഞ്ജരേയും.
പുതുച്ചേരിക്കാരെ കൈയ്യിലെടുക്കുന്ന പ്രസംഗം. അണ്ണാ ഡി.എം.കെ നേതാക്കളെ പ്രസംഗത്തിനിടയിൽ സ്റ്റാലിൻ വിശേപ്പിച്ചതിങ്ങനെ- ദ്രോഹക്കൂട്ടം! അപ്പോൾ നരേന്ദ്രമോദിയോ? 'വെളിനാട്ട് പ്രഥമൻ.' ഒരു മണിക്കൂർ നീണ്ട പ്രസംഗം അവസാനിപ്പിച്ച്, പഞ്ച് ഡയലോഗ്:
ശൊന്നതു താൻ ചെയ്‌വോം.
ശെയ്‌വതു താൻ ചൊൽവോം!