തിരുവനന്തപുരം:തിരഞ്ഞെടുപ്പ് സർവേകളുടെ മറവിൽ തെറ്റായ പ്രചാരണങ്ങൾ നടത്തി ചില സ്ഥാനാർത്ഥികളെ സഹായിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി സുധാകർറെഡ്ഡി പറഞ്ഞു. ഇത്തരം സർവേകളിൽ എൽ.ഡി.എഫ് വിശ്വസിക്കുന്നില്ല.2004-ൽ ഒരു സീറ്റും പ്രവചിക്കാതിരുന്നപ്പോഴാണ് ഇടതുമന്നണി 18 സീറ്റിൽ വിജയിച്ചത്. ലോക് സഭയിൽ ഏഴോ എട്ടോ സീറ്റ് സി.പി.ഐയ്‌ക്ക് കിട്ടിയേക്കുമെന്നും കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പിന് മുമ്പ് ഒരു സഖ്യമുണ്ടാക്കി, പ്രധാനമന്ത്രി സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ചല്ല ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മോദി സർക്കാരിനെ പുറത്താക്കാൻ പാർലമെന്റിൽ അംഗബലം കൂട്ടുകയെന്നതാണ് ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ മുദ്രാവാക്യമെന്നും റെഡ്ഡി പറഞ്ഞു.