ലക്നൗ: ചിക്കൻ കറി ഉണ്ടാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനെത്തുടർന്ന് ദമ്പതികൾ വിഷംകഴിച്ച് മരിച്ചു. ഉത്തർപ്രദേശിലെ ബെറേലിയിലാണ് സംഭവം. ദമ്പതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
കഴിഞ്ഞദിവസം വൈകിട്ട് വീട്ടിലെത്തിയ ഭർത്താവ് ചിക്കൻ കറി വയ്ക്കാൻ ഭാര്യയോട് ആവശ്യപ്പെട്ടു. ഭാര്യ വിസമ്മതിച്ചു. ഇതോടെ ഭർത്താവുതന്നെ കറിവയ്ക്കാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ അടുക്കളയിലെത്തിയ ഭാര്യ വഴക്കാരംഭിച്ചു. ഭർത്താവും വിട്ടുകൊടുത്തില്ല. വഴക്കുതുടരുന്നതിനിടെ ഭാര്യ വിഷംകഴിച്ചു. അവർ അബോധാവസ്ഥയിലായതോടെ ശേഷിച്ച വിഷം ഭർത്താവും കഴിക്കുകയായിരുന്നു. അല്പം കഴിഞ്ഞാണ് ബന്ധുക്കൾ ഇരുവരെയും കാണുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ആത്മഹത്യചെയ്യാനുള്ള കാരണക്കാരൻ താനാണെന്നതിനാലാണ് വിഷം കഴിച്ചതെന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്.